കരിപ്പൂർ വിമാനത്താവളത്തില്‍ 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ഒളിപ്പിച്ചത് ഗ്രൈന്‍ഡറിലും ഗുളിക രൂപത്തിലും
Mail This Article
കോഴിക്കോട് ∙ കരിപ്പൂർ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരിൽനിന്നായി കസ്റ്റംസ് സ്വർണം പിടികൂടി. വിപണിയിൽ 68 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് പിടിച്ചെടുത്തത്. ദുബായിൽനിന്നെത്തിയ കാസർകോട്, മലപ്പുറം സ്വദേശികളിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. വിദഗ്ധമായ രീതിയിൽ ഒളിപ്പിച്ച സ്വർണം കസ്റ്റംസിന്റെ വിശദപരിശോധനയിലാണ് കണ്ടെത്തിയത്. രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാസർകോട് സ്വദേശിയായ മുഹമ്മദ് സവാദിൽനിന്ന് സിലിണ്ടർ ആകൃതിയിൽ കടത്താൻ ശ്രമിച്ച 180 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഗ്രൈൻഡറിന്റെ കപ്പാസിറ്ററിനൊപ്പം ഒളിപ്പിച്ച നിലയിലാണ് ഇയാളിൽനിന്ന് സ്വർണം പിടിച്ചെടുത്തത്. റാസ്അൽ ഖൈമയിൽനിന്ന് എത്തിയ മലപ്പുറം കുന്നപ്പള്ളി സ്വദേശി മുഹമ്മദ് അനീസിന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 923 ഗ്രാം തൂക്കമുള്ള സ്വർണമാണ് പിടിച്ചത്. ഗുളികയുടെ രൂപത്തിലാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.