ADVERTISEMENT

ശബരിമല ∙ അയപ്പ ഭക്തരുടെ ശരണം വിളികൾക്കു നടുവിൽ ശബരീശന് തങ്ക അങ്കി ചാർത്തി ദീപാരാധന. മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തിനിർഭരമായ വരവേൽപ്പാണു നൽകിയത്. 6.41ന് തങ്കഅങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു. തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിച്ച നിർവൃതിയിലാണു ഭക്തർ.

മണ്ഡല ഉത്സവത്തിനു സമാപനം കുറിച്ചു തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ 27ന് രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കും. തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമയാണ‍ു 451 പവൻ തൂക്കമുള്ള തങ്ക അങ്കി നടയ്ക്കു വച്ചത്. 26ന് ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്ര മൂന്നോടെ സന്നിധാനത്തേയ്ക്കു തിരിച്ചു. വൈകിട്ട് 5.20ന് ശരംകുത്തിയിലെത്തി ദേവസ്വം ബോർഡ് ഔദ്യോഗിക സ്വീകരണം നൽകി സന്നിധാനത്തേക്ക് ആനയിച്ചു.

പതിനെട്ടാംപടിക്കു മുകളിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. എഡിജിപി എം.ആർ.അജിത്കുമാർ, എഡിഎം സൂരജ് ഷാജി, സന്നിധാനം സ്‌പെഷൽ ഓഫിസർ കെ.എസ്.സുദർശൻ, ദേവസ്വം കമ്മിഷണർ സി.എൻ.രാമൻ എന്നിവർ സന്നിഹിതരായിരുന്നു. സോപാനത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയും സഹശാന്തിമാരും ചേർന്നു തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയി.  

English Summary:

Lord Ayyappa, adorned with Thanka Anki; Mandala Pooja to be performed on December 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com