ക്രിസ്മസ് ട്രീക്ക് പകരം രാമക്ഷേത്ര മാതൃക വയ്ക്കണമെന്ന് ആവശ്യം, മാളിൽ ആക്രമണം: തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകർ പിടിയിൽ
Mail This Article
ബെംഗളൂരു∙ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതിന്റെ പേരിൽ ബയട്രായനപുരയിലെ മാളിൽ ആക്രമണം നടത്തിയ തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകരായ പുനീത് കേരെഹള്ളിയെയും 4 കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈയിടെ ആരംഭിച്ച ഫീനിക്സ് മാൾ ഓഫ് ഏഷ്യയിൽ കൂറ്റൻ ക്രിസ്മസ് ട്രീ സ്ഥാപിച്ചിരുന്നു. ഇതു മാറ്റി അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ മാതൃക സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരെഹള്ളിയെയും സംഘവും മാളിൽ എത്തിയത്. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ഇവരെ പൊലീസ് എത്തിയാണു നീക്കിയത്.
സുരക്ഷാ ജീവനക്കാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും മാളിന്റെ സെക്യൂരിറ്റി മാനേജർ സ്റ്റീഫൻ വിക്ടർ നൽകിയ പരാതിയിൽ പറയുന്നു.
ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന രാഷ്ട്ര രക്ഷണ പദെ എന്ന സംഘടനയുടെ തലവനാണ് പുനീത്. ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 11 ക്രിമിനൽ കേസുകളുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ ഇയാളെ ഗുണ്ടാ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി വിട്ടയച്ചു. മാർച്ച് 31ന് കനക്പുര സാത്തന്നൂരിൽ പുനീതിന്റെയും കൂട്ടാളികളുടെയും ആക്രമണത്തിൽ കന്നുകാലി വ്യാപാരി ഇദ്രിസ് പാഷ(39) കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പുനീതിനെ രാജസ്ഥാനിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി.