ഔദ്യോഗിക വസതി വേണ്ട; പഴ്സനൽ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാം: കെ.ബി.ഗണേഷ് കുമാർ
Mail This Article
തിരുവനന്തപുരം∙ ഔദ്യോഗിക വസതി വേണ്ടെന്നും വേണമെങ്കിൽ പഴ്സനൽ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാമെന്നും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന കെ.ബി.ഗണേഷ് കുമാർ. എന്നാൽ ഇതു സംബന്ധിച്ച് ആർക്കും ഔദ്യോഗിക കത്ത് നൽകിയിട്ടില്ലെന്ന് കേരള കോൺഗ്രസ് (ബി) ജനറൽ സെക്രട്ടറി സി.വേണുഗോപാലൻ നായർ അറിയിച്ചു. അതേസമയം, സിനിമ വകുപ്പ് കൂടി വേണമെന്ന താൽപര്യവും ഗണേഷ് കുമാർ അറിയിച്ചിട്ടുണ്ട്. നിലവിൽ മന്ത്രി സജി ചെറിയാന്റെ കീഴിലാണ് സിനിമ വകുപ്പ്.
പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്ജമാക്കിയ പ്രത്യേക പന്തലിലാണ് ചടങ്ങ്. സോളർ കേസിൽ ഉൾപ്പെടെയുള്ള പങ്ക് ചൂണ്ടിക്കാട്ടി കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിനെ പ്രതിപക്ഷം എതിർക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തും അയച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കും.