ഗോൾഡ് കവറിങ്ങും സിനിമാ പ്രേമവും; വിജയകാന്തും തിരുവനന്തപുരവും തമ്മില്‍ സ്വര്‍ണത്തില്‍ ചാലിച്ച ആത്മബന്ധം
Mail This Article
തിരുവനന്തപുരം ∙ തമിഴ്നാട്ടുകാരുടെ പ്രിയപ്പെട്ട നടൻ ‘ക്യാപ്റ്റൻ’ വിടവാങ്ങുമ്പോള്‍ ഓര്‍മയാകുന്നത് വിജയകാന്തും തിരുവനന്തപുരവുമായുള്ള ആത്മബന്ധം. തലസ്ഥാന നഗരത്തിൽ വിജയകാന്ത് ഗോൾഡ് കവറിങ് ജ്വല്ലറി നടത്തിയിട്ടുണ്ട്. സിനിമകൾ കണ്ടും മ്യൂസിയത്തും കോവളത്തും കറങ്ങിയും തിരുവനന്തപുരം ജീവിതം വിജയകാന്ത് ആസ്വദിച്ചപ്പോൾ, സ്വന്തം സ്ഥലമായ മധുരയുമായുള്ള ഇഴയടുപ്പം കേരളവുമായും ഉണ്ടായി. യുവാവായിരുന്നപ്പോൾ വ്യാഴാഴ്ച മധുരയിൽനിന്ന് ട്രെയിൻ കയറി തലസ്ഥാനത്തെത്തിയാൽ കൂട്ടുകാരുമായുള്ള കറക്കത്തിനുശേഷം ഞായറാഴ്ചയായിരുന്നു മടക്കം.
ബാല്യകാല സുഹൃത്തായ സുന്ദരരാജന്റെ സഹോദരി മുത്തുലക്ഷ്‌മിയുടെ വീട് ചാല പള്ളയാർകോവിൽ ലെയ്‌നിലായിരുന്നു. മുത്തുലക്ഷ്‌മിയുടെ ഭർത്താവ് കണ്ണൻ ജ്യോതി ജ്വല്ലറി മാർട്ട് എന്ന സ്ഥാപനം നടത്തിയിരുന്നു. കുട്ടിക്കാലത്ത് മുത്തുലക്ഷ്‌മിയുടെ വീട്ടിൽ താമസിക്കുമ്പോൾ വിജയകാന്ത് ജ്വല്ലറിയിലെ സ്ഥിരം സന്ദർശകനായിരുന്നു. അവിടെനിന്നാണ് സുഹൃത്തുക്കളുമായി നഗരം കാണാൻ ഇറങ്ങിയിരുന്നത്. പഴവങ്ങാടിക്കും ഓവർബ്രിജിനും ഇടയിലായിരുന്നു വിജയകാന്തിന്റെ താവളമായ ജ്വല്ലറി.
സിനിമ കാണലായിരുന്നു പ്രധാന വിനോദം. ശ്രീകുമാർ തിയറ്ററായിരുന്നു ഇഷ്ട കേന്ദ്രം. സിനിമ കഴിഞ്ഞാൽ നഗരത്തിൽ ചുറ്റിത്തിരിയും. മ്യൂസിയം, മൃഗശാല, കോവളം തുടങ്ങിയ സ്‌ഥലങ്ങളിലെ പതിവ് സന്ദർശകനായി. സിനിമയും കറക്കവും കഴിഞ്ഞാൽ നഗരത്തിലെ ഏതെങ്കിലും ഹോട്ടലിൽനിന്ന് ഭക്ഷണം. പുത്തരിക്കണ്ടം മൈതാനത്ത് സർക്കസ് ഉണ്ടെങ്കില്‍ അതും കണ്ടായിരിക്കും മടക്കം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശനവും മുടക്കിയിരുന്നില്ല. ഓണക്കാലത്തും സ്ഥിരമായി തിരുവനന്തപുരത്ത് വന്നിരുന്നു.
നടൻ സത്യനെയായിരുന്നു വിജയകാന്തിനു കൂടുതൽ ഇഷ്ടം. സിനിമാ മോഹം കലശലായപ്പോൾ നടനാകണമെന്ന മോഹവുമായി വിജയകാന്ത് തലസ്ഥാന നഗരത്തിലെ പ്രമുഖ സിനിമാക്കാരെ തേടിയിറങ്ങി. മലയാള സിനിമയിൽ മുഖം കാണിക്കാൻ ആഗ്രഹിച്ചെങ്കിലും ആരും അവസരം നൽകിയില്ല. ചാലയിലെ വീട്ടിൽനിന്നും സിനിമാമേഖലയിലെ ആളുകളെ കാണാൻപോയി നിരാശനായി മടങ്ങി ജ്വല്ലറിയിലെത്തും. ഏറെ നാൾ ശ്രമിച്ചെങ്കിലും മലയാള സിനിമയിൽ അവസരം ലഭിച്ചില്ല.
പിതാവിന് മധുരയിൽ അരി മിൽ ഉണ്ടായിരുന്നു. സുന്ദരരാജന്റെ സഹോദരി ഭർത്താവായ കണ്ണൻ മരിച്ചതോടെ ജ്വല്ലറി നടത്തിപ്പ് പ്രതിസന്ധിയിലായി. അവരെ സഹായിക്കാനായി കട വിജയകാന്ത് വാങ്ങി. കട നഷ്ടത്തിലായതോടെ വിൽക്കേണ്ടി വന്നു. വിജയകാന്തിന്റെ പിതാവ് അരിമിൽ വ്യവസായം നടത്താൻ നിർദേശിച്ചു. പിന്നീട് സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം വലിയ താരമായി ഉയർന്നു. സൂപ്പർതാരമായശേഷവും മധുരയിൽ അരി മിൽ നടത്തിയിരുന്നു. ചാലയിലെ വീടും നഗരത്തിലെ ജ്വല്ലറിയും ഇന്നില്ല. വിജയകാന്തും ഓർമയാകുന്നു; നിരവധി ശ്രദ്ധേയ സിനിമകൾ സമ്മാനിച്ച്.