അപ്രതീക്ഷിതമായി വീട്ടിലെത്തിയ അതിഥിയെ കണ്ട് ഞെട്ടി മീര; ചായ വാങ്ങിക്കുടിച്ച് മോദി
Mail This Article
അയോധ്യ∙ അയോധ്യ സന്ദർശനത്തിനിടെ അപ്രതീക്ഷിതമായി യുവതിയുടെ വീട് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉജ്ജ്വല യോജന പദ്ധതി പ്രകാരം എൽപിജി ലഭിക്കുന്ന യുവതിയുടെ വീട്ടിലേക്കാണു മോദി കടന്നു ചെല്ലുകയും ചായ കുടിക്കുകയും ചെയ്തത്. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ മുന്നോടിയായി നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് നരേന്ദ്ര മോദി എത്തിയത്. പത്ത് കോടി ഉജ്ജ്വല പദ്ധതി ഉപയോക്താക്കളിൽ ഒരാളാണ് മീര മഞ്ജി എന്ന് മോദി സന്ദർശനം നടത്തുന്ന വിഡിയോ പങ്കുവച്ചുകൊണ്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
നരേന്ദ്ര മോദിയാണ് വീട്ടിലേക്കു വരുന്നതെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് മീര പറഞ്ഞു. ‘‘മോദി എത്തുന്നതിന് ഒരു മണിക്കൂർ മുൻപ്, ഒരു രാഷ്ട്രീയ നേതാവ് വരുന്നു എന്ന വിവരം മാത്രമാണു ലഭിച്ചത്. അദ്ദേഹം വരികയും കുടുംബാംഗങ്ങളോടു സംസാരിക്കുകയും ചെയ്തു. ഉജ്ജ്വല പദ്ധതിയുടെ നേട്ടത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചു. തുടർന്ന് എന്താണ് പാചകം ചെയ്തിട്ടുള്ളതെന്ന് ചോദിച്ചു. ചോറും പരിപ്പും പച്ചക്കറിയും ചായയുമാണുള്ളതെന്ന് ഞാൻ പറഞ്ഞു. അപ്പോൾ ചായ നൽകാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. ഈ വീട് ആവാസ് യോജന പദ്ധതി പ്രകാരം ലഭിച്ചതാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതുപോലെ കുടിവെള്ളവും ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്’’.– മീര പറഞ്ഞു. മീരയും ഭർത്താവും കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഇവരെ രാമക്ഷേത്ര ഉദ്ഘാടനത്തിനായി ക്ഷണിച്ചിട്ടുമുണ്ട്.
പുനരുദ്ധാരണം ചെയ്ത അയോധ്യ റെയിൽവെ സ്റ്റേഷൻ, രണ്ട് അമൃത് ഭാരതും ആറ് വന്ദേ ഭാരത് ട്രെയിനുകളും മോദി ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷനിൽനിന്ന് തിരിച്ചു പോകുന്നതിനിടെയാണ് മോദി മീരയുടെ വീട്ടിലെത്തിയത്.