ബോൾട്ട് അയഞ്ഞതായി മുന്നറിയിപ്പ്: ബോയിങ് വിമാനങ്ങളിൽ പരിശോധന, ആശങ്ക വേണ്ടെന്ന് ഡിജിസിഎ
Mail This Article
ന്യൂഡൽഹി ∙ യുഎസിൽനിന്ന് പുതിയതായി എത്തിച്ച ബോയിങ് 737 മാക്‌സ് യാത്രാവിമാനത്തിലെ ബോൾട്ടുകൾ അയഞ്ഞേക്കാമെന്ന മുന്നറിപ്പിനു പിന്നാലെ പരിശോധനയുമായി ഇന്ത്യയിലെ വിമാനക്കമ്പനികൾ. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തകരാറുകളൊന്നും ഇല്ലെന്ന് ഉറപ്പാക്കാനായാണ് പരിശോധന നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിതിഗതികൾ വിലയിരുത്താനായി ആകാശ, എയർ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടു.
ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുടെ റഡ്ഡർ കൺട്രോൾ സിസ്റ്റത്തിൽ അയഞ്ഞ ബോൾട്ട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും സുരക്ഷാപരിശോധന നടത്തുന്നത്. ഒരു വിമാനത്തിൽ കണ്ടെത്തിയ തകരാർ പരിഹരിച്ചതായും ബോയിംഗ് 737 മാക്‌സ് വിമാനത്തിൽ പരിശോധന നടത്താൻ മറ്റ് എയർലൈനുകളോട് ആവശ്യപ്പെട്ടതായും ബോയിങ് വ്യക്തമാക്കി.
യുഎസ് ഏവിയേഷൻ റെഗുലേറ്ററുമായും വിമാന നിർമാതാക്കളായ ബോയിങുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പതിവ് പ്രക്രിയയുടെ ഭാഗമാണ് നിലവിലെ പരിശോധനകളെന്നും ഡിജിസിഎ അറിയിച്ചു. "എന്തെങ്കിലും തകരാർ കാണുമ്പോഴെല്ലാം എയർലൈൻ ഓപ്പറേറ്റർമാർക്ക് ബോയിങ് മുന്നറിയിപ്പു നൽകാറുണ്ട്. മുൻപും ഇത്തരം സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. യാത്രക്കാർ ആശങ്കപ്പെടേണ്ടതില്ല’’ –ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു. പരിശോധനയ്ക്ക് പരമാവധി 2 മണിക്കൂർ മാത്രമേ സമയം ആവശ്യമുള്ളൂ എന്നും സർവീസുകളെ ബാധിക്കില്ലെന്നും വിമാനക്കമ്പനികൾ അറിയിച്ചു.