ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസിലെ മാസച്യുസിറ്റ്സിൽ ഇന്ത്യൻ വംശജയായ 18 വയസ്സുകാരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിൽ സഹപാഠികളും അധ്യാപകരും. മികച്ച വിദ്യാർഥിനിയും നല്ല പാട്ടുകാരിയുമായിരുന്നു അരിയാനയെന്നു സഹപാഠികൾ ഓർമിച്ചു. മി‍ഡിൽബറി കോളജിലെ വിദ്യാർഥിനിയായിരുന്നു അരിയാന. പാട്ടുപാടുന്നത് അരിയാനയ്ക്കു ഇഷ്ടമായിരുന്നെന്നും കോളജിലെ ഓപ്പറ സംഘത്തിന്റെ കൂടെ ഇറ്റലിയിൽ പോവാൻ  താൽപ്പര്യമുണ്ടായിരുന്നെന്നും അധ്യാപിക മെലിസ്സ ഹമേർലേ പറഞ്ഞു.

കോളജ് ഗായകസംഘത്തിലെ പ്രധാനിയായിരുന്നു അരിയാന. അവധി കഴിഞ്ഞ് കോളജ് പുനരാരംഭിക്കുമ്പോൾ അരിയാനയുടെ സുഹ‍ൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഉൾക്കൊള്ളിച്ച് അനുസ്മരണം നടത്താൻ പദ്ധതിയുണ്ടെന്നും കോളജ് അധികൃതർ അറിയിച്ചു.  മിൽട്ടൻ അക്കാദമിയിലായിരുന്നു അരിയാനയുടെ സ്കൂൾ പഠനം. വളരെ മിടുക്കിയും ദയയുള്ളവളും സുന്ദരിയുമായിരുന്നു അരിയാനയെന്നാണു സ്കൂൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.

കമൽ കുടുംബത്തിലെ അംഗങ്ങളെക്കുറിച്ചും അവരുടെ സുഹൃത്തുക്കളെക്കുറിച്ചുമാണ് ഞങ്ങളുടെ ചിന്തയെന്നും പ്രസ്താവനയിൽ സ്കൂൾ വ്യക്തമാക്കി. യുഎസിലെ മാസച്യുസിറ്റ്സിൽ വ്യാഴാഴ്ചയാണു ടെക് കമ്പനി മേധാവികളായ ഇന്ത്യൻ വംശജരായ ദമ്പതികള്‍ രാകേഷ് കമൽ (57), ഭാര്യ ടീന (54), മകൾ അരിയാന (18) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബോസ്റ്റണില്‍നിന്ന് 32 കി.മീ. അകലെ ഡോവറിലുള്ള ബംഗ്ലാവിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്.

എങ്ങനെയാണു ഇവരുടെ മരണമെന്ന് വ്യക്തമല്ല. വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെ ഒരു അടയാളവും കാണാനില്ല. അതുകൊണ്ടുതന്നെ ഗാർഹിക പ്രശ്നങ്ങളാണ് സംഭവത്തിലേക്കു നയിച്ചതെന്നാണ് കരുതുന്നതെന്നു പ്രാദേശിക പ്രോസിക്യൂട്ടർ മൈക്കിൾ മോറിസെ പറഞ്ഞു. രാകേഷ് കമലിന്റെ മൃതദേഹത്തിനരികെനിന്ന് തോക്കു കണ്ടെടുത്തിട്ടുണ്ട്. കുടുംബത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായോ ഗാർഹിക വിഷയങ്ങളോ മറ്റൊന്നും തന്നെയോ റിപ്പോർട്ട് ചെയ്യപ്പെടുകയോ അയൽക്കാർ ശ്രദ്ധിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രോസിക്യൂട്ടർ കൂട്ടിച്ചേർത്തു.

English Summary:

Students remember Arianna Kamal who was died in us

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com