ADVERTISEMENT

ന്യൂഡൽഹി∙ മണിപ്പുരിലെ അക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തിങ്കളാഴ്ച തൗബാൽ ജില്ലയിൽ തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ നാലു ഗ്രാമവാസികൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അവരുടെ വിമർശനം. പ്രധാനമന്ത്രി ഇതുവരെ സംസ്ഥാനം സന്ദർശിച്ചിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.

‘‘മണിപ്പുരിൽ നാലു പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. പല ജില്ലകളിലും കർഫ്യൂ ഉണ്ട്. മണിപ്പുരിലെ ജനങ്ങൾ എട്ട് മാസമായി കൊലപാതകവും അക്രമവും നാശവും നേരിടുന്നു. ഇത് എപ്പോൾ അവസാനിക്കും? മണിപ്പുരിലെ എല്ലാ പാർട്ടി നേതാക്കളുടെയും സംയുക്ത പ്രതിനിധി സംഘം ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാണാൻ സമയം തേടിയെങ്കിലും ഇതുവരെ അദ്ദേഹം സമയം നൽകിയിട്ടില്ല. 

അദ്ദേഹവും ഇതുവരെ മണിപ്പുരിൽ പോയിട്ടില്ല. മണിപ്പുരിനെക്കുറിച്ച് സംസാരിച്ചില്ല. പാർലമെന്റിൽ മറുപടി പറഞ്ഞിട്ടില്ല. നടപടിയൊന്നും എടുത്തിട്ടില്ല. മണിപ്പുരിനു വേണ്ടത് ഈ നേതൃത്വമാണോ? മഹാനാകാൻ പരസ്യങ്ങളുടെ ശക്തി മതിയോ? സംസ്ഥാനത്ത് സുസ്ഥിരതയും സമാധാനവും കൊണ്ടുവരാനുള്ള നടപടികൾ സർക്കാർ ഉടൻ ആരംഭിക്കണം’’– അവർ എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

മണിപ്പുരിലെ ഇംഫാൽ താഴ്‌വരയിൽ പുതുവർഷദിനത്തിൽ തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ നാലുപേർ കൊല്ലപ്പെടുകയും 14 പേർക്ക‌ു പരുക്കേൽക്കുകയും ചെയ്തിരുന്നു. തൗബാലിലെ മെയ്തെയ് മുസ്‌ലിം (പംഗൽ) മേഖലയായ ലിലോങ്ങിൽ പൊലീസ് യൂണിഫോമിലെത്തിയ തീവ്ര മെയ്തെയ് സംഘടനകളിലെ ആയുധധാരികൾ ജനക്കൂട്ടത്തിനുനേരെ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ക്ഷുഭിതരായ ജനക്കൂട്ടം അക്രമികളുടെ രണ്ടു വാഹനങ്ങൾക്ക് തീയിട്ടു. തുടർന്ന് ഇംഫാൽ താഴ്‌വരയിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി.

English Summary:

Priyanka Gandhi's 'advertisements enough...' attack on PM Modi over Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com