സാരി ഉള്ളിൽ പെട്ടിട്ടും വാതിൽ തുറന്നില്ല; മെട്രോയിൽ സാരി കുടുങ്ങി യുവതി മരിച്ചതിൽ കേസെടുത്തു
Mail This Article
ന്യൂഡൽഹി ∙ മെട്രോ ട്രെയിനിന്റെ വാതിൽ സാരി കുരുങ്ങി യുവതി വീണു മരിച്ച സംഭവത്തിൽ സുഭാഷ് നഗർ മെട്രോ പൊലീസ് കേസെടുത്തു. തിരിച്ചറിഞ്ഞിട്ടില്ലാത്തവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (മെട്രോ) രാം നായിക് പറഞ്ഞു. അപകടമുണ്ടായ ഇന്ദർലോക് മെട്രോ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. അപകടത്തെക്കുറിച്ച് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ സുരക്ഷാ കമ്മിഷണറും അന്വേഷണം നടത്തുന്നുണ്ട്.
ഡിസംബർ 14നാണ് മെട്രോ ട്രെയിനിൽ നിന്നിറങ്ങുമ്പോൾ സാരി വാതിലിൽ കുടുങ്ങി റീന (35) എന്ന യുവതി പാളത്തിൽ വീണു മരിച്ചത്. ഒപ്പമുണ്ടായിരുന്നു മകന് ട്രെയിനിൽ കയറാൻ കഴിയാതിരുന്നത് കണ്ട് തിരക്കിട്ട് ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. പ്ലാറ്റ്ഫോമിലൂടെ റീനയെ ട്രെയിൻ വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് പാളത്തിലേക്ക് പതിച്ചത്. സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
സാധാരണ മെട്രോയുടെ വാതിലിൽ വസ്ത്രം കുടുങ്ങിയാൽ വാതിൽ താനേ തുറക്കുന്നതാണ്. പക്ഷേ, സാരി ഉള്ളിൽ പെട്ടിട്ടും വാതിൽ അടഞ്ഞു തന്നെയിരുന്നതാണ് അപകടത്തിനു കാരണായത്. റീനയുടെ ഭർത്താവ് 7 വർഷം മുൻപു മരിച്ചതാണ്. അനാഥരായ കുട്ടികളുടെ പഠനച്ചെലവു വഹിക്കുമെന്നും 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചിട്ടുണ്ട്.