ADVERTISEMENT

ചെന്നൈ ∙ ബിജെപി നേതാവിനെ സഹായിക്കാൻ 500 രൂപ മാത്രം അക്കൗണ്ടിലുള്ള കർഷകർക്കെതിരെ ഇ.ഡി കള്ളപ്പണം വെളുപ്പിച്ചതിന് കേസെടുത്തതായി ആരോപണം. ചോദ്യം ചെയ്യുന്നതിനുള്ള സമൻസിൽ ജാതിപ്പേര് ചേർത്തതും വിവാദമായി. ഇതിനെതിരെ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർഷകർ സേലത്തു പ്രതിഷേധിച്ചു. 6 മാസം മുൻപ് ഇ.ഡി.അയച്ച സമൻസിനെച്ചൊല്ലിയാണു വിവാദം കൊഴുക്കുന്നത്. 

കർഷകരായ എസ്.കണ്ണയ്യൻ (72), സഹോദരൻ എസ്.കൃഷ്ണൻ (65) എന്നിവർക്ക് സേലത്ത് ആറ്റൂരിലുള്ള ഭൂമിയെച്ചൊല്ലി ബിജെപി സേലം ഈസ്റ്റ് ജില്ലാ സെക്രട്ടറി ജി.ഗുണശേഖർ നൽകിയ പരാതികളും സിവിൽ കേസുമാണു സംഭവത്തിന്റെ തുടക്കം. സഹോദരങ്ങൾ വിൽക്കാൻ ശ്രമിച്ച കൃഷി ഭൂമി തന്റെ കുടുംബം മുൻപു പാട്ടത്തിനു നൽകിയതാണെന്നാരോപിച്ച് ഗുണശേഖർ പരാതി നൽകുകയായിരുന്നു. കേസ് കോടതിയിൽ പുരോഗമിക്കുന്നതിനിടെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിഞ്ഞ ജൂണിൽ കണ്ണയ്യനും കൃഷ്ണനും സമൻസ് ലഭിച്ചു.

ഇതിൽ ‘ഹിന്ദു പല്ലവർ’ എന്ന ജാതിപ്പേരും ചേർത്തിരുന്നു. ഭൂമി ഗുണശേഖറിന് നൽകാൻ സമ്മർദം ചെലുത്താനാണ് ഇ.ഡി വിളിപ്പിച്ചതെന്ന് സഹോദരങ്ങൾ ആരോപിക്കുന്നു. ഗുണശേഖർ ഉപകരണം മാത്രമാണെന്നും ഭൂമിയോട് ചേർന്നുള്ള കുന്നിലെ 600 ഏക്കർ ഉന്നമിട്ട് ഒരുക്കിയ പദ്ധതിയുടെ ഭാഗമാണിതെന്നും ഇവർ ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾ ഗുണശേഖർ നിഷേധിച്ചു. 

സംരക്ഷിത പട്ടികയിൽ ഉൾപ്പെട്ട വന്യമൃഗങ്ങളെ കൊന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിലാണു കേസെടുത്തതെന്നും വനംവകുപ്പും ജാതിപ്പേര് ഉപയോഗിച്ചിട്ടുണ്ടെന്നും ഇ.ഡി. വിശദീകരിച്ചു. 

ഇതിനിടെ, ചെന്നൈയിലെ ഇ.ഡി ഓഫിസിൽ ഹാജരായ കൃഷ്ണനും കണ്ണയ്യനും അനധികൃത പണമിടപാടിൽ പങ്കില്ലെന്നും ബാങ്ക് അക്കൗണ്ടിൽ 500 രൂപ മാത്രമാണുള്ളതെന്നും ബോധ്യപ്പെടുത്തിയിട്ടുണ്ട്.

English Summary:

ED Filed A Case Of Money Laundering Against The Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com