പുതുവർഷദിനത്തിൽ മണിപ്പുരിലെ വെടിവയ്പ്: അന്വേഷണത്തിന് പ്രത്യേക സംഘം
Mail This Article
ന്യൂഡൽഹി∙ മണിപ്പുരിലെ തൗബാലിൽ ജനുവരി ഒന്നിനു നടന്ന വെടിവയ്പ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സബ് ഡിവിഷനൽ പൊലീസ് ഓഫിസർ റിയാജുദ്ദീൻ ഷായാകും ആറംഗ സംഘത്തെ നയിക്കുക. ഇൻസ്പെക്ടർ എൻ. സുരേഷ് സിങ്, സബ് ഇൻസ്പെക്ടർമാരായ അൻവർ ഹുസൈൻ, എസ്. ഭുബോൻ സിങ്, എൻ.തോമസ് സിങ് എന്നിവരാണ് മറ്റ് അംഗങ്ങൾ. സംഭവത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
പുതുവർഷദിനത്തിലാണ് തൗബാലിലെ പംഗൽ (മെയ്തെയ് മുസ്ലിം) മേഖലയായ ലിലോങ്ങിൽ തീവ്ര മെയ്തെയ് സംഘടനകളിലെ അംഗങ്ങൾ പൊലീസ് യൂണിഫോമിലെത്തി വെടിവയ്പ് നടത്തിയത്. ആശുപത്രിയിൽ കഴിയുന്ന പത്തോളം പേരിൽ ചിലരുടെ നില ഗുരുതരമാണ്.
ലഹരിസംഘത്തിൽപ്പെട്ടയാളെ കൊള്ളയടിക്കാനുള്ള തീവ്ര മെയ്തെയ് സായുധ ഗ്രൂപ്പുകളുടെ ശ്രമമാണ് വെടിവയ്പിൽ കലാശിച്ചത്. സായുധ ഗ്രൂപ്പുകൾ പൊലീസിന്റെ സാന്നിധ്യത്തിലും നിർബാധം വിഹരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി എൻ.ബിരേണ്‍ സിങ്ങിന്റെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചതിനു ശേഷമാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ സമ്മതിച്ചത്.