‘വിജിൻ വളരെ ശാന്തനാണ്; എംഎൽഎയുടെ പേരു ചോദിച്ചത് എത്രമാത്രം പരിഹാസ്യമാണ്, പൊലീസിന്റെ വീഴ്ച മറയ്ക്കാൻ ശ്രമം’
Mail This Article
കണ്ണൂർ∙ ഗവ.നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) നടത്തിയ കലക്ടറേറ്റ് മാർച്ചിനിടെ പൊലീസും എം.വിജിൻ എംഎൽഎയും തമ്മില്‍ വാക്കേറ്റമുണ്ടായ സംഭവത്തില്‍ പൊലീസിനു ഗുരുതര വീഴ്ച പറ്റിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. പൊലീസ് വിജിനോടു വളരെ മോശമായാണു പെരുമാറിയത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറയ്ക്കാനാണ് വിജിനോടു പ്രകോപനപരമായ നിലപാട് സ്വീകരിച്ചത്. അറിയപ്പെടുന്ന ഒരു എംഎൽഎയോട് അയാൾ ആരാണെന്നു പോലും ചോദിച്ചു പരിഹസിച്ചു. ഇതെല്ലാം പൊലീസിനെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണെന്നും സര്‍ക്കാര്‍ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.
ഇ.പി.ജയരാജന്റെ വാക്കുകളിങ്ങനെ:
‘‘പൊലീസ് വിജിനോടു കാണിച്ചത് വളരെ തെറ്റായ നിലപാടാണ്. വിജിൻ പൊതുവേ വളരെ ശാന്തനാണ്. അങ്ങനെ എന്തെങ്കിലും ഒരു എടുത്തുചാട്ടത്തിൽ പോകുന്ന, പ്രകോപനമുണ്ടാക്കുന്ന ഒരു പ്രകൃതക്കാരനേയല്ല. വിജിൻ ഇന്നലെ കലക്ട്രേറ്റിൽ പോയത് നഴ്സിങ് അസോസിയേഷന്റെ സമരം ഉദഘാടനം ചെയ്യാനാണ്. വിജിൻ അവിടെ എത്തുമ്പോൾ കാണുന്നത് പ്രകടനവുമായി വന്നിരിക്കുന്ന നഴ്സുമാർ ഗേറ്റിന് അപ്പുറം കടന്ന് നിൽക്കുകയാണ്. സാധാരണ ഗതിയിൽ ഗേറ്റ് പൂട്ടി, അവിടെ രണ്ടു പൊലീസുകാരുണ്ടാകും, അപ്പോൾ ഗേറ്റിനു പുറത്തുനിന്നാണ് നമ്മൾ സമരം നടത്താറ്. ആ നിലയിൽ അവിടെ നോക്കുമ്പോൾ ആളുകൾ ഗേറ്റിനകത്താണ്. വിജിൻ അവിടെ എത്തി. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ വിജിനെ അവർ അതിനായി ക്ഷണിച്ചു.
അപ്പോഴാണ് അവിടെ വന്ന എസ്ഐ മൈക്ക് പിടിച്ചു വാങ്ങുന്നതും വല്ലാത്ത തരത്തിലുള്ള ഇടപെടൽ നടത്തുന്നതും. ഇത്തരം ഒരു സമരം നടക്കുമ്പോൾ കലക്ട്രേറ്റിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ അവരുടെ ചുമതല നിർവഹിച്ചില്ല. പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചില്ല. വനിതകളായുള്ള നഴ്സുമാരാണ് സമരത്തിൽ കൂടുതലുണ്ടായത്. കുറച്ചുകൂടി പ്രകോപനപരമായ ഒരു പ്രകടനമായിരുന്നെങ്കിൽ എന്താണ് സംഭവിക്കുക. പൊലീസ് അവരുടെ കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തി.
കണ്ണൂരിന്റെ ഒരു അനുഭവം എടുത്തു കഴിഞ്ഞാൽ കലക്ട്രേറ്റിനു മുന്നിൽ സമരത്തിനു പോകുന്നവർ അവിടെ ഗേറ്റ് അടച്ച് രണ്ടു പൊലീസുകാർ നിന്നാൽ തന്നെ ഒന്നെങ്കിൽ അതിനു മുന്നിൽ അവിടെ ഇരിക്കും അല്ലെങ്കിൽ പ്രസംഗം നടത്തി പിരിയും. ഇവിടെ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റി. ആ വീഴ്ചയെ മറച്ചുവയ്ക്കാൻ അവിടെ പ്രകോപനം ഉണ്ടാക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥർ ചെയ്തത്.
എന്നുമാത്രമല്ല വിജിൻ ഇവിടെ അറിയപ്പെടുന്ന ഒരു എംഎൽഎയാണ്. അയാൾ പ്രസംഗിക്കാൻ മൈക്കെടുത്തപ്പോൾ പോയി ചോദിക്കുകയാണ് എന്താ നിങ്ങടെ പേര്. എത്ര പരിഹാസ്യമാണ് അത്. വിജിനെപ്പോലെൊരു എംഎൽഎയെ എത്രമാത്രം പരിഹാസ്യപ്പെടുത്തുകയാണ് അത്. ഗുരുതരമായ ഒരു വീഴ്ചതന്നെയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഒരു എംഎൽഎയോട് അപമര്യാദയായി പെരുമാറുന്ന രീതിയാണ് ഉണ്ടായിട്ടുള്ളത്. ഇതെല്ലാം കേരളത്തിലെ പൊലീസിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം ഉണ്ടാക്കുന്ന പ്രവൃത്തിയായാണ് എനിക്ക് തോന്നുന്നത്.
അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കില്ല. തന്റെ ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ മറച്ചു പിടിക്കാൻ വേണ്ടിയാണ് അയാൾ ഇതു ചെയ്തത്. കാരണം ഒരു ഭരണകക്ഷി എംഎൽഎയാണ് വിജിൻ. ആ ഭരണകക്ഷി എംഎൽഎ തന്നെ പൊലീസിനെ കുറിച്ച് പരാതി പറയുന്ന നില സൃഷ്ടിച്ചാൽ എതിരാളികൾക്ക് നല്ലൊരു ഫലമുണ്ടാക്കുവാൻ കഴിയും. അതിനുള്ള ഒരു ശ്രമം തന്നെയാണ് നടത്തിയത്. ഇവിടെ പൊലീസ് നടത്തിയത് വളരെ തെറ്റായ നടപടിയാണ്. ഇതു പരിശോധിച്ച് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും. ഒരു എംഎൽഎയോട് പെരുമാറേണ്ട രീതിയിലല്ല പൊലീസ് പെരുമാറിയത്. വിജിനാകട്ടെ ഒരു തെറ്റായ വാക്കും ഉപയോഗിച്ചിട്ടില്ല. വിജിൻ ഒരു ജനപ്രതിനിധി എന്ന നിലയിൽ ഒരു സമരം ഉദ്ഘാടനം ചെയ്യാൻ വേണ്ടി പോയപ്പോൾ ഉണ്ടായ അനുഭവം വച്ച് അദ്ദേഹം പ്രതികരിക്കുക മാത്രമാണ് ചെയ്തത്.’’
ഇന്നലെ ഗവ നഴ്സസ് അസോസിയേഷൻ നടത്തിയ കലക്ടറേറ്റ് മാർച്ചിനിടെയാണ് സംഭവം. എംഎൽഎ എത്തിയശേഷം പ്രവർത്തകരോട് പുറത്തുപോകാൻ പൊലീസ് ആവശ്യപ്പെട്ടു. പ്രവർത്തകർ കയറുന്നതിനു മുൻപല്ലേ ഇത്തരം നിർദേശങ്ങൾ നൽകേണ്ടതെന്നും ഉദ്ഘാടന സമ്മേളനം വേഗത്തിൽ അവസാനിപ്പിക്കാമെന്നും എംഎൽഎ പറഞ്ഞെങ്കിലും പ്രസംഗിച്ചുകൊണ്ടിരുന്ന പ്രവർത്തകയുടെ കയ്യിൽനിന്ന് കണ്ണൂർ ടൗൺ എസ്ഐ പി.പി.ഷമീൽ മൈക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഇതു എംഎൽഎ എതിർത്തു. പരിപാടി വീണ്ടും തുടർന്നു. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മാറിനിൽക്കുകയായിരുന്നു വിജിന്റെയടുത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ പേരു ചോദിച്ചു.
പേരു ചോദിക്കുന്നതെന്തിനാണെന്നു ചോദിച്ചപ്പോള്‍ സമരക്കാരുടെ പേരും മേൽവിലാസവും എഴുതിക്കൊടുക്കണമെന്ന എസ്ഐയുടെ നിർദേശമുണ്ടായിരുന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മറുപടി. ഇതോടെ എംഎൽഎയും എസ്ഐയും തമ്മിലുള്ള വാക്കേറ്റം കനത്തു. ഇതിനിടെ, എസ്ഐ ഷമീൽ പലതവണ മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നുണ്ടായിരുന്നു. സുരേഷ് ഗോപി സ്റ്റൈൽ ഇവിടെ വേണ്ടെന്നും ഇതു കേരള സർക്കാരിന്റെ, പിണറായിയുടെ പൊലീസാണെന്നും പൊലീസ് സേനയ്ക്കു മാനക്കേടുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റം നല്ലതല്ലെന്നും എംഎൽഎ പറഞ്ഞു. സംഭവത്തിൽ എംഎൽഎ വിജിനെ ഒഴിവാക്കി കെജിഎൻഎ ഭാരവാഹികൾക്കെതിരെയും കണ്ടാലറിയുന്ന 100 പേർക്കെതിരെയുമാണ് കേസെടുത്തു. തന്നെ അപമാനിച്ചെന്നു പറഞ്ഞ് എസ്ഐക്കെതിരെ എംഎൽഎ സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു.