യുഎസ് അന്ത്യശാസനം തള്ളി ഹൂതി; ചെങ്കടലിൽ വീണ്ടും കപ്പലിനുനേരെ ആക്രമണം
Mail This Article
ന്യൂയോർക്ക്∙ യുഎസ് സൈന്യത്തിന്റെ അന്ത്യശാസനം തള്ളി ചെങ്കടലിൽ വീണ്ടും ഹൂതി ആക്രമണം. കപ്പലുകൾക്കുനേരെ ഡ്രോൺ ആക്രമണത്തിനാണ് ഹൂതി നീക്കം നടത്തിയത്. എന്നാൽ ആർക്കും പരുക്കോ കേടുപാടുകളോ ഉണ്ടായിട്ടില്ലെന്ന് യുഎസ് നേവി അറിയിച്ചു. ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ്, ബ്രിട്ടൻ, ജപ്പാൻ എന്നീ രാജ്യങ്ങളുൾപ്പെടെ 12 രാജ്യങ്ങൾ സംയുക്തമായി അന്ത്യശാസനം നൽകി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് വീണ്ടും ആക്രമണം.
ഇറാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഹൂതികളുടെ നിയന്ത്രണത്തിലാണ് യെമന്റെ ഭൂരിഭാഗവും. യെമൻ കേന്ദ്രീകരിച്ചാണ് ഹൂതികൾ ആക്രമണം നടത്തുന്നത്. നവംബർ 19 മുതൽ മിസൈലുകളും ഡ്രോണും ഉപയോഗിച്ച് ചരക്ക് കപ്പലുകളെ ഉൾപ്പെടെ ആക്രമിക്കുകയാണ്. ഇസ്രയേൽ ഗാസയിൽ ആക്രമണം നടത്തുന്നതിൽ പ്രതിഷേധിച്ചാണ് ഹൂതി ആക്രമണം.
യെമനിലെ ഹൂതികൾ ചെങ്കടലിൽ ചരക്കുകപ്പലിനു നേരെ നടത്തിയ ആക്രമണം ചെറുത്തെന്നും ഹൂതികളുടെ 3 ബോട്ടുകൾ മുക്കിയെന്നും യുഎസ് സേന നേരത്തെ അറിയിച്ചിരുന്നു. ഡെൻമാർക്ക് ഉടമസ്ഥതയിലുളള കപ്പലിനുനേരെയാണ് മിസൈലാക്രമണം ഉണ്ടായത്. തുടർന്നാണ് 2 യുഎസ് യുദ്ധക്കപ്പലുകൾ സഹായത്തിനെത്തിയത്. ഹൂതികൾ അയച്ച 2 മിസൈലുകൾ യുഎസ് വെടിവച്ചിട്ടു. മിസൈലാക്രമണം നടന്നു മണിക്കൂറുകൾക്കുശേഷം ഇതേ കപ്പലിനെ ഹൂതികളുടെ 4 സായുധ ബോട്ടുകൾ വളഞ്ഞു. സഹായത്തിനെത്തിയ യുഎസ് സൈനിക ഹെലികോപ്റ്ററുകൾക്കു നേരെ ഹൂതികൾ വെടിയുതിർത്തു. തുടർന്നു നടത്തിയ പ്രത്യാക്രമണത്തിൽ 3 ബോട്ടുകൾ മുക്കിയതായി യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടിരുന്നു.