ADVERTISEMENT

കണ്ണൂർ∙ റബറിന് 250 രൂപ എന്ന ആവശ്യത്തിൽനിന്നു കർഷകർ പിന്നോട്ടില്ലെന്നും ആവശ്യം നിറവേറ്റിയില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണകൂടത്തിന്റെ ഉത്തുംഗശൃംഗങ്ങളിൽ ഇരിക്കുന്നവരെ താഴെയിറക്കാനും കർഷകർ തന്നെ മുന്നോട്ടു വരുമെന്നു  തലശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. മലയോര കർഷകരോടു മുഖ്യമന്ത്രി പറഞ്ഞ വാഗ്ദാനം പാലിച്ചിട്ടില്ല. അതു പാലിക്കണം. റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയിലെ വാഗ്ദാനം നിറവേറ്റിത്തരാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും പാംപ്ലാനി പറഞ്ഞു.

മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകൾ

നവകേരള സദസ്സ് കണ്ണൂരിൽ വന്നപ്പോൾ മുഖ്യമന്ത്രി എന്നെയും ക്ഷണിച്ചു. ഞാനവിടെ ചെന്നതു കാപ്പിയും ചായയും കുടിക്കാനല്ല. വാഗ്ദാനങ്ങൾ നിറവേറ്റുന്ന സർക്കാരാണ് ഞങ്ങളുടെ സർക്കാരെന്നു മുഖ്യമന്ത്രി പറഞ്ഞു. അങ്ങ് വാഗ്ദാനങ്ങൾ നിറവേറ്റിയെന്ന് അവകാശപ്പെടുമ്പോഴും ഞങ്ങൾ മലയോര കർഷകരോടു പറഞ്ഞൊരു വാക്കുണ്ട്, അതിതുവരെയും പാലിച്ചിട്ടില്ലെന്ന് ഞാൻ മുഖ്യമന്ത്രിയോട് ആ വേദിയില്‍ പറഞ്ഞു. റബറിന് 250 രൂപ ഞങ്ങൾക്കു തരാമെന്നു വാക്കു പറഞ്ഞതാണ്. ആ വാക്കു പാലിക്കാനാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഞങ്ങളത് ഗൗരവമായി എടുക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയിലെ വാഗ്ദാനം നിറവേറ്റിത്തരാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. പറഞ്ഞ വാക്കു പാലിക്കണമെന്നു, നിങ്ങളുടെ വാക്കു വിശ്വസിച്ച് വോട്ട് ചെയ്ത ജനതയാണു നിങ്ങളോടു പറയുന്നത്. പണമില്ലെന്നാണു സർക്കാർ പറയുന്ന ന്യായം. കഴിഞ്ഞ എട്ടൊൻപതു മാസമായിട്ട് ആർക്കെങ്കിലും ഇവിടെ റബറിന്റെ സബ്സി‍ഡി കിട്ടിയോ?. ഒറ്റ ആൾക്കും കിട്ടിയിട്ടില്ല. കഴിഞ്ഞ എട്ടുമാസമായിട്ട് കേരളത്തിൽ സർക്കാർ ജീവനക്കാർക്കു ശമ്പളം കൊടുക്കാതിരുന്നാലുള്ള അവസ്ഥ എന്താകുമായിരുന്നു. കേരളം സ്തംഭിക്കുമായിരുന്നു. കർഷകന്റെ കാര്യം മാത്രം പറയുമ്പോൾ പണമില്ലെന്ന വാക്കുകൊണ്ട് സർക്കാർ നമ്മുടെ വായടയ്ക്കാൻ ശ്രമിക്കുന്നു. കർഷകന്റെ കുടിശ്ശിക തീർത്തശേഷം മതി അടുത്തമാസത്തെ ശമ്പളം കൊടുക്കാൻ സർക്കാർ മുന്നോട്ടു വരേണ്ടത്. 250 രൂപ എന്ന അടിസ്ഥാനപരമായ ആവശ്യത്തിൽനിന്നു റബർ കർഷകർ പിന്നോട്ടില്ല. ഈയൊരു ആവശ്യം നിറവേറ്റിതരില്ലെങ്കിൽ ഭരണകൂടത്തിന്റെ ഉത്തുംഗശൃംഗങ്ങളിൽ ഇരിക്കുന്നവരെ അടുത്ത തിരഞ്ഞെടുപ്പിൽ താഴെയിറക്കാനും റബർ കർഷകർ തന്നെ മുന്നോട്ടു വരും. വാക്കുകളിൽ വിശ്വസിക്കുന്നില്ല, പ്രവൃത്തികളിലാണു വിശ്വസിക്കുന്നത്.  

English Summary:

Mar Joseph Pamplany criticized government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com