എം.വിജിൻ എംഎൽഎയെ ഒഴിവാക്കി കേസ്; കെജിഎൻഎ ഭാരവാഹികളും കണ്ടാലറിയാവുന്ന നൂറോളം പേരും പ്രതികൾ
Mail This Article
കണ്ണൂർ ∙ ഗവ.നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) നടത്തിയ കലക്ടറേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ എം.വിജിൻ എംഎൽഎയെ ഒഴിവാക്കി പൊലീസ് കേസെടുത്തു. കെജിഎൻഎ ഭാരവാഹികൾക്കെതിരെയും കണ്ടാലറിയുന്ന 100 പേർക്കെതിരെയുമാണ് കേസെടുത്തത്. കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി സമരക്കാർ സംഘം ചേർന്നെന്നും പൊതുയോഗം നടത്തിയെന്നും കലക്ടറേറ്റ് വളപ്പിൽ അതിക്രമിച്ചു കയറിയെന്നുമാണ് എഫ്ഐആറിൽ എഴുതിയിട്ടുള്ളത്. കലക്ടറേറ്റ് മാർച്ച് തടയുന്നതിൽ വീഴ്ചവരുത്തിയ പൊലീസും ഉദ്ഘാടകനായെത്തിയ എം.വിജിൻ എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തന്നെ അപമാനിച്ചെന്നു പറഞ്ഞ് എസ്ഐക്കെതിരെ എംഎൽഎ സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു.
ഇന്നലെ നടന്നത്: കവാടത്തിൽ പൊലീസ് തടയാനില്ലാതിരുന്നതിനാൽ പ്രകടനം കലക്ടറേറ്റ് മുറ്റത്ത് എത്തിയിരുന്നു. പകുതിയോളം പ്രവർത്തകർ അകത്തു കയറിയ ശേഷമാണു പൊലീസ് എത്തിയത്. എംഎൽഎ എത്തിയശേഷം മാത്രമാണ് പ്രവർത്തകരോടു പുറത്തുപോകാൻ പൊലീസ് ആവശ്യപ്പെട്ടത്. പ്രവർത്തകർ കയറുന്നതിനു മുൻപല്ലേ ഇത്തരം നിർദേശങ്ങൾ നൽകേണ്ടതെന്നും ഉദ്ഘാടന സമ്മേളനം വേഗത്തിൽ അവസാനിപ്പിക്കാമെന്നും എംഎൽഎ പറഞ്ഞെങ്കിലും പ്രസംഗിച്ചുകൊണ്ടിരുന്ന പ്രവർത്തകയുടെ കയ്യിൽനിന്ന് കണ്ണൂർ ടൗൺ എസ്ഐ പി.പി.ഷമീൽ മൈക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഇതു എംഎൽഎ എതിർത്തു. പരിപാടി വീണ്ടും തുടർന്നു. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മാറിനിൽക്കുകയായിരുന്നു വിജിന്റെയടുത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ പേരു ചോദിച്ചു.
പേരു ചോദിക്കുന്നതെന്തിനാണെന്നു ചോദിച്ചപ്പോള്‍ സമരക്കാരുടെ പേരും മേൽവിലാസവും എഴുതിക്കൊടുക്കണമെന്ന എസ്ഐയുടെ നിർദേശമുണ്ടായിരുന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മറുപടി. ഇതോടെ എംഎൽഎയും എസ്ഐയും തമ്മിലുള്ള വാക്കേറ്റം കനത്തു. ഇതിനിടെ, എസ്ഐ ഷമീൽ പലതവണ മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മുൻകൂട്ടി അറിയിച്ചുള്ള സമരമാണിതെന്നും അതു അറിയണമെങ്കിൽ രാവിലെ എഴുന്നേറ്റു പത്രം വായിക്കണമെന്നും പാർക്കിലേക്കു കയറുന്നതിനു മുൻപേ നിർദേശം നൽകിയിരുന്നെങ്കിൽ സമരക്കാർ പുറത്തുതന്നെ നിന്നേനെയെന്നും എംഎൽഎ പറഞ്ഞു. സുരേഷ് ഗോപി സ്റ്റൈൽ ഇവിടെ വേണ്ടെന്നും ഇതു കേരള സർക്കാരിന്റെ, പിണറായിയുടെ പൊലീസാണെന്നും പൊലീസ് സേനയ്ക്കു മാനക്കേടുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റം നല്ലതല്ലെന്നും എംഎൽഎ പറഞ്ഞു.