എസ്ഐക്ക് എതിരെ കല്യാശേരി എംഎൽഎയുടെ പരാതി: മൊഴിയെടുക്കും, ഷമീലിനെതിരെ നടപടിക്ക് സാധ്യത
Mail This Article
കണ്ണൂർ∙ കണ്ണൂർ എസ്ഐ അപമാനിച്ചെന്ന കല്യാശേരി എംഎൽഎ എം. വിജിന്റെ പരാതിയിൽ എംഎൽഎ, നഴ്സുമാർ, പിങ്ക് പൊലീസ്, സ്പെഷൽ ബ്രാഞ്ച് ടീം എന്നിവരുടെ മൊഴിയെടുക്കും. തുടർന്നു കമ്മിഷണർക്കു റിപ്പോർട്ട് സമർപ്പിക്കും. എസ്ഐ പി.പി.ഷമീലിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. അതേസമയം, കലക്ടറേറ്റ് വളപ്പിൽ നഴ്സുമാർ കയറിയതിൽ പൊലീസിനു വീഴ്ചയുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തൽ.
സിവിൽ സ്റ്റേഷനിൽ നഴ്‌സുമാരുടെ സംഘടനയുടെ സമരത്തിനിടെ പൊലീസും വിജിൻ എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസ് എടുക്കുമെന്ന് ടൗൺ എസ്ഐ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം. വിജിനായിരുന്നു സമരത്തിന്റെ ഉദ്ഘാടകൻ. മുൻകൂട്ടി അറിയിച്ചിട്ടും സമരക്കാർ കലക്ടറേറ്റ് വളപ്പിൽ കടക്കുന്നതു തടയാൻ പൊലീസുകാർ ഉണ്ടായിരുന്നില്ലെന്ന് എംഎൽഎ പറഞ്ഞു.
ഉള്ളിൽ പ്രവേശിച്ച സമരക്കാർക്കെതിരെ കേസെടുക്കുമെന്ന് എസ്ഐ പറഞ്ഞതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. കേസെടുക്കാനായി ഉദ്യോഗസ്ഥർ വന്നു പേരു ചോദിച്ചതായും എംഎൽഎ ആരോപിച്ചിരുന്നു. പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കരുതെന്നും എസ്ഐയോട് എംഎൽഎ പറയുകയും ചെയ്തു.