ADVERTISEMENT

തൊടുപുഴ ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെ പരിപാടിക്കുശേഷം മടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണു ഗവർണർ തൊടുപുഴയിലെത്തിയത്. ഗവർണർ എത്തിയപ്പോഴും മടങ്ങിയപ്പോഴും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചു.

രാവിലെ 11 മണിക്ക് ഗവർണർ എത്തിയപ്പോൾ അച്ഛകവല, വെങ്ങല്ലൂർ, ഷാപ്പുപടി എന്നിവടങ്ങളിലാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ, യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ ഗവർണർക്കു നേരേ കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് തടഞ്ഞില്ല, അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തില്ല. ഗവർണറുടെ പരിപാടി നടക്കുന്ന മെർച്ചന്റ് അസോസിയേഷൻ ഹാളിലേക്ക് ഡിവൈഎഎഫ്ഐ പ്രവർത്തകർ പ്രകടനമായി എത്തി. ഇവർ ഹാളിനുള്ളിലേക്ക് കയറാതെ പൊലീസ്  തടഞ്ഞു. പരിപാടിക്കുശേഷം മടങ്ങുന്നതിനിടെ ഗവർണർ ഇടയ്ക്ക് കാറിൽനിന്നു റോഡിലിറങ്ങി.

തൊടുപുഴ വെങ്ങല്ലൂര്‍ ജംക്‌ഷനില്‍ റോഡിന് കുറുകെ എസ്എഫ്ഐ കെട്ടിയ കറുത്ത ബാനര്‍. (Photo: Special Arrangement)
തൊടുപുഴ വെങ്ങല്ലൂര്‍ ജംക്‌ഷനില്‍ റോഡിന് കുറുകെ എസ്എഫ്ഐ കെട്ടിയ കറുത്ത ബാനര്‍. (Photo: Special Arrangement)

ഇടുക്കി ജില്ലയിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നതിനിടെയാണ് ഗവർണർ എത്തിയത്. ഗവർണറെ തടയില്ലെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ.കെ.ശിവരാമൻ അറിയിച്ചെങ്കിലും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ നേരത്തെ അറിയിച്ചിരുന്നു. ഗവർണർ പങ്കെടുക്കുന്ന മെർച്ചന്റ് അസോസിയേഷൻ ഹാളിലേക്ക് എൽഡിഎഫ് പ്രകടനം നടത്തി.

രാവിലെ ഗവർണർ എത്തുന്നതിനു മുൻപ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കെതിരെ അസഭ്യവർഷം നടത്തുകയും കറുത്ത ബാനർ ഉയർത്തുകയും ചെയ്തു. ‘സംഘി ഖാൻ, താങ്കൾക്ക് ഇവിടെ സ്ഥാനമില്ല’ എന്ന് ഇംഗ്ലീഷിൽ എഴുതിയ ബാനറാണ് എസ്എഫ്ഐ സ്ഥാപിച്ചത്.  ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. 

ഗവർണർക്കു വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്. തൊടുപുഴയിൽ 500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. 1960ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെയാണു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ജില്ലയിൽ എൽഡിഎഫ് ഹർത്താൽ. 

ബില്ലിൽ ഒപ്പിടാത്തതിനു കാരണം സർക്കാരിന്റെ നിലപാടാണെന്നു ഗവർണർ ഇന്നലെ തിരുവനന്തപുരത്തു പറഞ്ഞു. ഭൂപതിവ് നിയമഭേദഗതിക്കെതിരായി തനിക്കു ലഭിച്ച പരാതികൾ സർക്കാരിലേക്ക് അയയ്ക്കുകയും 3 തവണ ആവശ്യപ്പെടുകയും ചെയ്തിട്ടും സർക്കാർ മറുപടി തന്നില്ലെന്നും ഗവർണർ പറഞ്ഞു.

English Summary:

Idukki LDF Hartal updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com