അയോധ്യയിലെ പ്രതിഷ്ഠാകർമം അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തം, വീടുകളിൽ ദീപം തെളിക്കണം: പിന്തുണച്ച് വെള്ളാപ്പള്ളി
Mail This Article
ആലപ്പുഴ∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയോധ്യ പ്രതിഷ്ഠാകർമം അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്നു വെള്ളാപ്പള്ളി പറഞ്ഞു. പ്രതിഷ്ഠാ സമയത്തു വിശ്വാസികൾ ഭവനങ്ങളിൽ ദീപം തെളിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
രാവിലെ ആർഎസ്എസ് നേതാക്കൾ കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി അയോധ്യയിൽ പൂജിച്ച അക്ഷതം നൽകിയിരുന്നു. ഇതിനു പിന്നാലെയാണു വെള്ളാപ്പള്ളി നടേശൻ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ചു വാർത്താക്കുറിപ്പ് ഇറക്കിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം എൻഎസ്എസും രംഗത്തെത്തിയിരുന്നു.
പ്രതിഷ്ഠാ ചടങ്ങു ബഹിഷ്കരിക്കുന്നത് ഈശ്വര നിന്ദയാണെന്നും ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വരവിശ്വാസിയുടെ കടമയാണെന്നുമാണ് എൻഎസ്എസ് വ്യക്തമാക്കിയത്. ചടങ്ങിൽ പങ്കെടുക്കില്ലെന്നു കോൺഗ്രസ് വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ചു എൻഎസ്എസ് എത്തിയത്. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ ഇതിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കുമെന്നും എൻഎസ്എസ് വിശദീകരിച്ചു. അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് പിന്തുണ അറിയിച്ച എസ്എൻഡിപി നിലപാടിനെ കേന്ദ്രമന്ത്രി വി. മുരളീധരൻ സ്വാഗതം ചെയ്തു.