‘യുവാക്കൾ കേരളം വിടുന്നു’: മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമർശിച്ച് ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം
Mail This Article
തിരുവനന്തപുരം∙ അവസരങ്ങൾതേടി യുവാക്കൾ കേരളം വിടുന്നതായി ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് പിഎംജി ലൂർദ് പള്ളിയിൽ പൗരസമൂഹം നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോഴായിരുന്നു വിമർശനം. മുഖ്യമന്ത്രി വിമർശനങ്ങൾക്കു മറുപടി നൽകി. യുവാക്കൾ വിദേശത്തേക്കു പോകുന്നത് കേരളത്തിന്റെ പ്രശ്നമല്ല, കാലത്തിന്റെ മാറ്റമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആർച്ച്ബിഷപ്പിന്റെ പരാമർശങ്ങളെ പിന്തുണച്ചു.
ദൈവത്തിന്റെ നാട്ടിൽ ജീവിതം വിജയിപ്പിക്കാൻ കഴിയില്ലെന്നു പലർക്കും തോന്നലുണ്ടെന്ന് ആർച്ച്ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഇവിടെനിന്നു രക്ഷപെടാൻ എവിടെയെങ്കിലും പോകണമെന്ന തോന്നലുണ്ട്. ഇതു സഭയുടെ മാത്രം പ്രശ്നമല്ല, യുവജനങ്ങളുടെ പ്രശ്നമാണ്. ഇവിടെ ജീവിച്ചു വിജയിക്കാൻ കഴിയുന്ന സാഹചര്യമുണ്ട് എന്നു ബോധ്യപ്പെടുത്തണം. അതിനു സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും ജോസഫ് പെരുന്തോട്ടം പറഞ്ഞു. പുതിയ കാലത്ത് കുഞ്ഞുങ്ങൾ വളരുന്നത് ലോകത്തെ മനസിലാക്കിയാണെന്നും ഇന്ന സ്ഥലത്ത് പോകണം, പഠിക്കണം എന്നു കുട്ടികൾ തന്നെ തീരുമാനിക്കുകയാണെന്നും മുഖ്യമന്ത്രി മറുപടി നൽകി. കുട്ടികളുടെ ആ സമ്മർദത്തിനു മാതാപിതാക്കൾക്കു വഴങ്ങേണ്ടി വരുന്നു. കുട്ടികൾ പുറത്തുപോയി പഠിക്കാൻ ആഗ്രഹിക്കുന്നു. അവരെയെങ്ങനെ ഇവിടെ നിലനിർത്താം എന്നാണ് സർക്കാർ നോക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗം ശാക്തീകരിക്കുന്നതിനുള്ള നടപടികളാണു സർക്കാർ സ്വീകരിക്കുന്നത്. സിറോ മലബാർ സഭയ്ക്കു സർക്കാരിനെക്കുറിച്ചു പരാതി ഉണ്ടാകാൻ ഇടയില്ല. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ നിക്ഷ്പക്ഷമായി സർക്കാർ ഇടപ്പെട്ടു. അല്ലെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നു നിങ്ങൾക്ക് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തിൽ കണ്ണിയാവാനുള്ള അവസരമാണ് അഭിവന്ദ്യ തട്ടിൽ പിതാവിനു ലഭിച്ചിരിക്കുന്നത്. നാടിന്റെ വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ക്രിസ്ത്യൻ മിഷനറികൾ വലിയ പങ്ക് വഹിച്ചു. മിഷനറി പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഗ്രഹാം സ്റ്റെയിനും കുടുംബവും കൊല്ലപ്പെട്ടത് ഈ ദിവസമാണെന്നതു മറന്നുകൂടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർച്ച്ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പിന്തുണച്ചു. വിമർശനങ്ങളെ ലാഘവത്തോടെ കാണാൻ കഴിയില്ല. കുട്ടികൾ പുറത്തേക്ക് പോകുകയാണ്. പ്രായമായവരുടെ നാടായി കേരളം മാറുമോ എന്ന് ഉത്കണ്ഠയുണ്ട്. 9 സർവകലാശാലകൾക്ക് വിസിമാരില്ല. 5 കോളജുകളിൽ പ്രിൻസിപ്പൽമാരും ഇല്ല. കോളജുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. അപകടകരമായ രീതിയിലേക്ക് വിദ്യാഭ്യാസ രംഗം മാറി. ഇതൊക്കെ പരിശോധിക്കപ്പെടേണ്ടതാണ്. പഴയ നേട്ടം പറഞ്ഞിരിക്കാതെ പ്രശ്ന പരിഹാരം കാണണം. ജോസഫ് പെരുന്തോട്ടത്തിന്റേത് വിമർശനമല്ല, ആശങ്കയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.