ബിജെപി എത്ര കേസുകൾ വേണമെങ്കിലും എടുക്കട്ടെ, ഭയമില്ല: രാഹുൽ ഗാന്ധി
Mail This Article
ന്യൂഡൽഹി∙ പ്രവർത്തകരെ പ്രകോപിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഗുവാഹത്തി പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. എത്ര കേസുകൾ വേണമെങ്കിലും ബിജെപി സർക്കാർ എടുക്കട്ടെ, ഭയമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഏഴാം ദിനം ബർപേടാ ജില്ലയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘കേസെടുത്ത് എന്നെ ഭയപ്പെടുത്താം എന്ന ആശയം ഹിമന്ത ബിശ്വ ശർമയ്ക്ക് എവിടെനിന്നാണ് ലഭിച്ചതെന്നറിയില്ല. നിങ്ങൾക്കു കഴിയാവുന്ന അത്രയും കേസുകൾ എനിക്കെതിരെ എടുക്കൂ. ഇരുപത്തിയഞ്ചിലധികം കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഞാൻ ആരെയും പ്രകോപിപ്പിച്ചിട്ടില്ല. ബിജെപിക്കും ആർഎസ്എസിനും എന്നെ പ്രകോപിപ്പിക്കാൻ കഴിയില്ല’’– രാഹുൽ ഗാന്ധി പറഞ്ഞു.
ഹിമന്ത ബിശ്വ ശര്‍മ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘‘അദ്ദേഹം നിങ്ങളോട് സംസാരിക്കുന്നതിനിടെ നിങ്ങളുടെ ഭൂമി മോഷ്ടിക്കുന്നു. നിങ്ങളുടെ പോക്കറ്റിലെ പണം മോഷ്ടിക്കുകയാണ്. കാസിരംഗ നാഷനൽ പാർക്കിൽ പോലും അദ്ദേഹം ഭൂമി കൈക്കലാക്കി’’– രാഹുൽ ഗാന്ധി ആരോപിച്ചു. ശർമയെ നിയന്ത്രിക്കുന്നത് അമിത് ഷായാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘‘അമിത് ഷായ്ക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ രണ്ടുമിനിറ്റിനുള്ളിൽ ശർമ അയാളെ പുറത്താക്കുകയാണ്. തരുൺ ഗോഗോയിയും ഒരു മുഖ്യമന്ത്രിയായിരുന്നു. അസമിന് എന്തുവേണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു’’– രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.