ബിഹാറിൽ ചടുല രാഷ്ട്രീയ നീക്കങ്ങൾ; നിതീഷിനെ ഒഴിവാക്കി ഭൂരിപക്ഷം തികയ്ക്കാൻ ആർജെഡി ശ്രമം
Mail This Article
പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭ പിരിച്ചു വിടാൻ ശുപാർശ ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ബിഹാറിൽ ചടുല രാഷ്ട്രീയ നീക്കങ്ങൾ. ജനതാദളിനെ (യു) ഒഴിവാക്കി ഭൂരിപക്ഷം തികയ്ക്കാൻ കഴിയുമോയെന്ന കണക്കുകൂട്ടലിലാണ് ആർജെഡി നേതൃത്വം. ജെഡിയു പിന്മാറിയാൽ നിലവിലെ നിയമസഭാ അംഗബലമനുസരിച്ച് മഹാസഖ്യത്തിനു കേവല ഭൂരിപക്ഷം തികയ്ക്കാൻ എട്ട് എംഎൽഎമാരുടെ കുറവാണുള്ളത്.
ജെഡിയു എംഎൽഎമാരോട് അടിയന്തരമായി പട്നയിലെത്താൻ നിതീഷ് കുമാർ നിർദേശം നൽകി. ആർജെഡിയുടെ ചാക്കിടൽ തടയാനുള്ള മുൻകരുതൽ നടപടിയാണിത്.
ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനു കേന്ദ്ര സർക്കാർ ഭാരതരത്ന പ്രഖ്യാപിച്ചതു ബിജെപി – ജെഡിയു സഖ്യം പുനസ്ഥാപിക്കുന്നതിന്റെ മുന്നോടിയാണെന്ന വിലയിരുത്തലുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ബിഹാർ അതിർത്തിയിൽ നൽകുന്ന സ്വീകരണത്തിൽ നിന്നു നിതീഷ് കുമാർ വിട്ടു നിന്നേക്കും.
രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്താൻ ആർജെഡി അധ്യക്ഷൻ ലാലു യാദവ് വിശ്വസ്തരായ ഭോല യാദവ്, ശക്തി സിങ് യാദവ് എന്നിവരുമായി ചർച്ച നടത്തി. പാർട്ടി എംഎൽഎമാരും ലാലുവിനെ സന്ദർശിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ ജെഡിയു മുൻ അധ്യക്ഷൻ ലലൻ സിങും മന്ത്രി വിജയ് കുമാർ ചൗധരിയും കൂടിക്കാഴ്ചയ്ക്കെത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരിയെയും കേന്ദ്ര മന്ത്രി അശ്വിനി കുമാർ ചൗബെയെയും പാർട്ടി കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു.
ആർജെഡിയിലെ കുടുംബാധിപത്യത്തിന് എതിരെ നിതീഷ് നടത്തിയ പരോക്ഷ വിമർശനത്തിന് ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ മകൾ രോഹിണി ആചാര്യ ‘എക്സ്’ സമൂഹമാധ്യമത്തിലൂടെ മറുപടി നൽകിയത് വിവാദമായി. സോഷ്യലിസ്റ്റ് ആചാര്യന്മാരെന്നു സ്വയം പ്രഖ്യാപിക്കുന്ന ചിലർ കാറ്റിനനുസരിച്ച് ആദർശം മാറുന്നവരാണെന്നായിരുന്നു രോഹിണിയുടെ ഒളിയമ്പ്. പോസ്റ്റ് പിൻവലിച്ചെങ്കിലും നിതീഷിനെ അവഹേളിച്ചുവെന്ന ആക്ഷേപം ഉയർത്തിക്കാട്ടി ബിജെപിയും രംഗത്തെത്തി.