രാമായണ പരാമർശം വിവാദം: പോസ്റ്റിനെതിരെ ബിജെപി; പിൻവലിച്ച് പി.ബാലചന്ദ്രൻ എംഎൽഎ
Mail This Article
തൃശൂര്‍ ∙ രാമായണവുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റ് വിവാദമായതോടെ പിൻവലിച്ച് തൃശൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ പി.ബാലചന്ദ്രൻ. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നു വിമര്‍ശനം കടുത്തതോടെയാണു ഫെയ്സ്ബുക്കിലെ പോസ്റ്റ് ബാലചന്ദ്രൻ പിന്‍വലിച്ചത്. രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്നുള്ള കുറിപ്പാണു വിവാദമായത്.
ബാലചന്ദ്രന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് വിമർശനവുമായി ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍ രംഗത്തെത്തി. ‘‘കോടിക്കണക്കിനു ഹൈന്ദവ വിശ്വാസികളുടെ വിശ്വാസപ്രമാണങ്ങളെ ഇത്രയും നികൃഷ്ടവും നീചവുമായ പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാൻ ഒരു കമ്യൂണിസ്റ്റുകാരനല്ലാതെ മറ്റാർക്കാണു കഴിയുക? മതഭീകരവാദികളുടെ വോട്ടിനു വേണ്ടി സ്വന്തം നാടിനെയും സംസ്കാരത്തെയും പിതൃശൂന്യരായ ഇക്കൂട്ടർ വ്യഭിചരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി! ഇതുപോലെ വൃത്തികെട്ട ജനപ്രതിനിധിയെയും അവന്റെ പാർട്ടിയെയും ചുമക്കാൻ അവസരമുണ്ടാക്കിയവർ ആത്മാഭിമാനമുണ്ടെങ്കിൽ ഇതുകണ്ട് ലജ്ജിച്ചു തല താഴ്ത്തട്ടെ’’– അനീഷ് സമൂഹമാധ്യമത്തിൽ കുറിച്ചു.