‘വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ, മാറ്റം കണ്ണൂരിൽ മാത്രം; കേരളത്തിലെ സിപിഎം ഫലത്തിൽ എൻഡിഎ’
Mail This Article
കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് സീറ്റിൽ കോൺഗ്രസ് നേതാവും സിറ്റിങ് എംപിയുമായ രാഹുൽ ഗാന്ധി തന്നെ മത്സരിക്കുമെന്നു കെ.മുരളീധരൻ എംപി. രാഹുൽ തന്നെ വയനാട്ടിൽ മത്സരിക്കുമെന്നും അതിലൊരു മാറ്റവുമില്ലെന്നും മുരളീധരൻ പറഞ്ഞു. ‘‘കണ്ണൂരൊഴികെ ബാക്കി മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാർ തന്നെ മത്സരിക്കാനാണു ധാരണ. മാറിനിൽക്കുമെന്നാണു സുധാകരൻ ദേശീയ നേതൃത്വത്തെ അറിയിച്ചത്. തീരുമാനമായിട്ടില്ല’’–മുരളീധരൻ പറഞ്ഞു.
‘‘ഇന്ത്യ മുന്നണിക്ക് ഒരു പ്രശ്നവുമില്ല. കേന്ദ്രത്തിൽ വരുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി ബിജെപിയെ എതിർക്കും. ചില സംസ്ഥാനങ്ങളിൽ പരസ്പരം മത്സരമുണ്ടാകും. കേരളത്തിൽ മത്സരമുണ്ടല്ലോ. ഇന്ത്യ മുന്നണിയിലുണ്ടെങ്കിലും കേരളത്തിൽ സിപിഎമ്മുമായി ഞങ്ങൾ സഹകരിക്കില്ല. ഇവിടുത്തെ സിപിഎം ഫലത്തിൽ എൻഡിഎയാണ്. അതുകൊണ്ട് ഞങ്ങൾ സഹകരിക്കില്ല.
ബംഗാളിൽ തർക്കങ്ങളുണ്ട്. ഞങ്ങളുടെ ഏക എംഎൽഎയെ വരെ പാർട്ടി മാറ്റിയ ആളാണ് മമത ബാനർജി. പക്ഷേ പാർട്ടി അവിടെ ശ്രമിക്കുന്നുണ്ട്. നിതീഷ് കുമാർ ബിജെപിയിൽ പോവുകയോ പോവാതിരിക്കുകയോ ചെയ്യും. അതുകൊണ്ടൊന്നും ഇന്ത്യ സഖ്യത്തിന് കുഴപ്പമുണ്ടാവില്ല.’’–മുരളീധരൻ വ്യക്തമാക്കി.