ഒടുവിൽ എസ്എഫ്ഐക്കാർക്കെതിരായ എഫ്ഐആർ എത്തിച്ചു; റോഡിലെ പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ
Mail This Article
കൊല്ലം∙ നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറിൽനിന്നു പുറത്തിറങ്ങി റോഡരികിലിരുന്ന് ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശനിയാഴ്ച രാവിലെ 10.45ഓടെ തുടങ്ങിയ പ്രതിഷേധം ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ടു.
17 പേരെ അറസ്റ്റു ചെയ്തെന്നു പൊലീസ് പറഞ്ഞെങ്കിലും ഏകദേശം അൻപതോളം പേരുണ്ടായിരുന്നെന്നും അവരെയെല്ലാം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗവർണറുടെ പ്രതിഷേധം. എഫ്ഐആർ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവിൽ എഫ്ഐആർ കണ്ടതിനു ശേഷമാണ് ഗവർണർ കാറിൽ കയറി കൊട്ടാരക്കരയിലെ പരിപാടിയിലേക്കു പോയത്. 17 പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്.
കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തിൽ പരിപാടിക്കായി ഗവർണർ പോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. കാറിൽനിന്നിറങ്ങിയ ഗവർണർ, ‘വരൂ’ എന്നു പറഞ്ഞ് എസ്എഫ്ഐ പ്രവർത്തകർക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു.
Read Also: ‘അമിത് ഷായുമായി സംസാരിക്കൂ, അല്ലെങ്കിൽ പ്രധാനമന്ത്രിയോട് പറയൂ’: ക്ഷുഭിതനായി ഗവർണർ
വാഹനത്തിൽ തിരിച്ചുകയറാൻ കൂട്ടാക്കാതെ ഗവർണർ ഏറെനേരമായി റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിൽ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ല എന്ന് പൊലീസിനോട് ചോദിച്ചു കൊണ്ടായിരുന്നു ഗവർണറുടെ അസാധാരണമായ നീക്കം.
സംസ്ഥാന പൊലീസ് മേധാവി ഗവര്‍ണറെ നേരിട്ട് ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ ഗവര്‍ണര്‍ തയാറായില്ല. ഒടുവിൽ എഫ്ഐആറിന്റെ പകർപ്പ് ചടയമംഗലം പൊലീസ് എത്തിച്ചതിനു പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിക്കാൻ ഗവർണർ തയാറായത്.
എസ്ഐഐആറിലെ വിവരങ്ങൾ സ്റ്റാംഫംഗം ഗവർണറെ വായിച്ചു കേൾപ്പിച്ചു. 17 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗവർണറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നതടക്കം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമ്പതിലധികം പേരുണ്ടായിരുന്നു എന്നത് നേരിൽ കണ്ടതാണെന്നും എന്നാൽ 17 പേർക്കെതിരെ കേസെടുത്തത് തൽക്കാലം അംഗീകരിക്കുകയാണെന്നും ഗവർണർ പറഞ്ഞു. പൊലീസുകാരാണ് പ്രകടനക്കാരെ നിരത്തിൽ എത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും പൊലീസ് തന്നെ നിയമം ലംഘിക്കുകയാണെന്നും ഗവർണർ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയോട് പരാതിപ്പെട്ട ഗവർണർ, പ്രധാനമന്ത്രിയെ വിളിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.