ADVERTISEMENT

തൃശൂർ∙ രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട വിവാദ ഫെയ്‌സ്ബുക് പോസ്റ്റിൽ  പി.ബാലചന്ദ്രൻ എംഎൽഎയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി സിപിഐ. ബാലചന്ദ്രനെ പരസ്യമായി ശാസിക്കാൻ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിച്ചു. പോസ്റ്റ് പിൻ‌വലിച്ച് എംഎൽഎ  ഖേദപ്രകടനം നടത്തിയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ ബാലചന്ദ്രന്റെ ഭാഗത്തുനിന്നും പാർ‌ട്ടി നിലപാടുകൾക്ക് യോജിക്കാത്ത വിധത്തിൽ ഗുരുതര അച്ചടക്കലംഘനമാണ് ഉണ്ടായതെന്ന് യോഗം വിലയിരുത്തി.

വി.എസ്.പ്രിൻസ് അധ്യക്ഷത വഹിച്ച ജില്ലാ എക്സിക്യൂട്ടീവിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി.രാജേന്ദ്രൻ, സി.എൻ.ജയദേവൻ എന്നിവരും പങ്കെടുത്തിരുന്നു. വ്യക്തികളുടെ വിശ്വാസപ്രമാണങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ആദരിക്കുകയും വ്യക്തിസ്വാതന്ത്ര്യത്തെ വിലമതിക്കുകയും ചെയ്യുന്ന പാർ‌ട്ടിയാണ് സിപിഐ‌ എന്നും വിവാദത്തിൽ നേരത്തെ ഖേദപ്രകടനം നടത്തിയിരുന്നതായും ബാലചന്ദ്രൻ പ്രതികരിച്ചു.

രാമായണവുമായി ബന്ധപ്പെട്ട പി.ബാലചന്ദ്രന്റെ പോസ്റ്റ് വിവാദമായതോടെ ‌ആ കുറിപ്പിനെ തള്ളി മന്ത്രി കെ.രാജൻ രംഗത്തെത്തിയിരുന്നു. ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും രാജൻ വ്യക്തമാക്കി. ഇതിനുപിന്നാലെ ബാലചന്ദ്രനോട് സിപിഐ വിശദീകരണം തേടുകയായിരുന്നു. വിശദീകരണം എഴുതി നൽകേണ്ടെന്നും ജില്ലാ എക്സിക്യുട്ടീവില്‍ നേരിട്ടെത്തി നൽകണമെന്നുമായിരുന്നു നിർദേശം. ലോക്സഭാ തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം ഇല്ലാതാക്കിയെന്നാണ് സിപിഎം, സിപിഐ നേതാക്കളുടെ വിമർശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com