ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച‌ ഇടക്കാല ബജറ്റിനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി ശത്രുഘ്നൻ സിൻഹ. ‘ഭാവിയിലേക്കുള്ള’ ബജറ്റാണെന്നും ഇന്നത്തേക്കായി ഒന്നുമില്ലെന്നും സിൻഹ കുറ്റപ്പെടുത്തി.

‘‘ഭാവിയിലേക്കുള്ളതാണ് ഈ ബജറ്റ് എന്നാണു പറയുന്നത്. എല്ലാ കാര്യങ്ങളും 2047ലേക്കാണ് കരുതിവച്ചിട്ടുള്ളത്. അപ്പോൾ ഇന്നത്തേക്ക് എന്താണുള്ളത്? വനിതകൾ, പാവപ്പെട്ടവർ, കർഷകർ, യുവാക്കൾ എന്നീ നാലു വിഭാഗങ്ങളെക്കുറിച്ചാണു സർക്കാർ പറയുന്നത്. അവർ‌ക്കുവേണ്ടി നിങ്ങൾ എന്തു ചെയ്തു? തൊഴിലവസരം കൂട്ടുന്നതിനെപ്പറ്റിയോ കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനെ കുറിച്ചോ ബജറ്റിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?’’– സിൻഹ ചോദിച്ചു.

ആരോഗ്യ മേഖലയിലും വാക്സിനേഷനും തുക വകയിരുത്തിയതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. 5 മുതൽ 10 വരെ ക്ലാസിലെ പെൺകുട്ടികൾ (9–14 വയസ്സ്) സെർവിക്കൽ കാൻസർ പ്രതിരോധ വാക്സീനെടുക്കുന്നതിനെ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നു പറഞ്ഞതു നല്ലതാണെന്നു സിൻഹ ചൂണ്ടിക്കാട്ടി. സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന ‌‌ഗർഭാശയമുഖ കാൻസറിനെ പ്രതിരോധിക്കുകയാണ് ഇതിനെതിരായ കുത്തിവയ്പ് യജ്ഞത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 

കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തിനുണ്ടായ നേട്ടങ്ങളെല്ലാം 2 മോദി സർക്കാരുകളുടെ അക്കൗണ്ടിൽപ്പെടുത്തിയും പൊതുതിരഞ്ഞെടുപ്പിലേക്കു കരുതലോടെയും ആത്മവിശ്വാസത്തോടെയും ചുവടുവച്ചുമാണു കേന്ദ്ര ബജറ്റ് നിർമല അവതരിപ്പിച്ചത്. ജനകീയ പ്രഖ്യാപനങ്ങളൊന്നും ഇല്ലായിരുന്നു. ഇത് ഇടക്കാല ബജറ്റാണെന്നും പൂർണ ബജറ്റ് തങ്ങളുടെ സർക്കാർ ജൂലൈയിൽ അവതരിപ്പിക്കുമെന്നും നിർമല അവകാശപ്പെട്ടു.

English Summary:

"Everything Is For 2047": Shatrughan Sinha Terms Interim Budget "Futuristic"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com