ADVERTISEMENT

കൊച്ചി∙ കെഎസ്ഇബിയുടെയും വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെയും മുൻ ചെയർമാനും മുൻ വനം വകുപ്പ് മേധാവിയുമായ ടി.എം. മനോഹരൻ (71) അന്തരിച്ചു. കുറച്ചുകാലമായി പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. ശനിയാഴ്ച വൈകിട്ട് 7.30ന് ഉണ്ണിച്ചിറയിലെ സ്വവസതിയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ്. സംസ്കാരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഇടപ്പള്ളി (എളമക്കര) ചങ്ങമ്പുഴ ശ്മശാനത്തിൽ.

ഇന്ത്യൻ ഫോറസ്‌റ്റ് സർവീസിൽ 1976ൽ പ്രവേശിച്ച ഇദ്ദേഹം, 2001 മുതൽ ഏഴു വർഷത്തിലേറെക്കാലം വൈദ്യുതി ബോർഡ് ചെയർമാനായിരുന്ന കാലയളവിൽ ബോർഡിനെ മെച്ചപ്പെട്ട നിലയിൽ എത്തിച്ചു. ടി.എം. മനോഹരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വൈദ്യുതി ബോർഡിന് ഏഴു വർഷത്തോളം നേതൃത്വം നൽകിയ അദ്ദേഹം മറ്റ് ഔദ്യോഗിക പദവികളിലും ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ഫോറസ്‌റ്റ് സർവീസ് അംഗമായ അദ്ദേഹം വനം വകുപ്പിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റായിട്ടാണു വിരമിച്ചത്. വനം വകുപ്പ് മേധാവി ആയി വിരമിച്ച ശേഷം 2013 ജനുവരിയിലാണ് അദ്ദേഹം റഗുലേറ്ററി കമ്മിഷൻ ചെയർമാനായത്. വനംവകുപ്പു മേധാവിയും പ്രിൻസിപ്പൽ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്ററുമായി മൂന്നുവർഷത്തിലേറെ പ്രവർത്തിച്ചു. രണ്ടു തവണയായി ഏഴു വർഷം വൈദ്യുതി ബോർഡിന്റെ ചെയർമാനായും സേവനം അനുഷ്ഠിച്ചു.

രാജ്യത്ത് ഏറ്റവുമധികം കാലം വൈദ്യുതി ബോർഡ് ചെയർമാനായിരുന്ന ഇദ്ദേഹം വൈദ്യുതി മേഖലയിലെ മാനേജ്‌മെന്റ് വിദഗ്‌ധനാണ്. എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭകളുടെ കാലത്തു ബോർഡ് ചെയർമാനായിരുന്നു. നാലു വൈദ്യുതിമന്ത്രിമാരുടെ കീഴിൽ ജോലി ചെയ്‌തിട്ടുണ്ട്.

English Summary:

T.M. Manoharan Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com