ADVERTISEMENT

ബാലിയ∙ ഉത്തർപ്രദേശിൽ സമൂഹവിവാഹത്തിന്റെ പേരിൽ തട്ടിപ്പു നടത്തിയതിനു രണ്ടു സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 15 പേർ അറസ്റ്റിൽ. സമൂഹവിവാഹത്തിൽ യുവതികൾ സ്വയം വരണമാല്യം ചാർത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. വരന്റെ വേഷം ധരിച്ച ചില പുരുഷന്മാർ മുഖം മറയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ജനുവരി 25ന് ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹവിവാഹം നടന്നത്.

ചടങ്ങിൽ ഏകദേശം 568 ദമ്പതികൾ വിവാഹിതരായെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, വധൂവരന്മാരായി വേഷമിടാൻ പലർക്കും പണം നൽകിയതായി പിന്നീട് കണ്ടെത്തി. വധൂവരന്മാരായി വേഷമിടാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും 500 രൂപ മുതൽ 2000 രൂപ വരെ പ്രതിഫലം ലഭിച്ചതായി പ്രദേശവാസികൾ ആരോപിച്ചു. ചില സ്ത്രീകൾക്ക് പങ്കാളികളെ ലഭിക്കാത്തതിനാൽ അവർ സ്വയം വരണമാല്യം അണിഞ്ഞതായും അദ്ദേഹം പറഞ്ഞു. സമൂഹവിവാഹം കാണാനെത്തിയ തനിക്ക് വരനാകാൻ പണം വാഗ്ദാനം ചെയ്തെന്ന് അവകാശപ്പെട്ട് പത്തൊൻപതു വയസ്സുകാരനും രംഗത്തെത്തി.

ബിജെപി എംഎൽഎ കേത്കി സിങ്ങായിരുന്നു സമൂഹ വിവാഹത്തിലെ മുഖ്യാതിഥി. സംഭവത്തിൽ രണ്ടു സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ അറസ്റ്റിലായതിൽ എംഎൽഎയുടെ പ്രതികരണം ഇങ്ങനെ: ‘‘പരിപാടിക്ക് രണ്ടു ദിവസം മുൻപു അവർ എന്നെ അറിയിച്ചിരുന്നു. അന്നു തന്നെ സംശയം തോന്നിരുന്നു. സംഭവത്തേക്കുറിച്ച് വിശദമായി പരിശോധിക്കും.’’– അവർ പറഞ്ഞു.

നിർധനരായവരുടെ വിവാഹം നടത്തുന്ന സർക്കാർ പദ്ധതി പ്രകാരമായിരുന്നു സമൂഹവിവാഹം. പദ്ധതിപ്രകാരം ഓരോ വിവാഹത്തിനും 51,000 രൂപ നൽകുന്നുണ്ട്. അതിൽ 35,000 രൂപ പെൺകുട്ടിക്കും 10,000 രൂപ വിവാഹ സാമഗ്രികൾ വാങ്ങുന്നതിനും 6000 രൂപ വിവാഹച്ചടങ്ങുകൾക്കായും നൽകുന്നു.

എന്നാൽ പ്രതികൾക്ക് പണം കൈമാറുന്നതിന് മുൻപാണ് ഈ തട്ടിപ്പ് പുറത്തായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചു. വിശദമായ അന്വേഷണം നടത്താതെ ആർക്കും ഒരു ആനുകൂല്യവും കൈമാറില്ലെന്നും അവർ വ്യക്തമാക്കി.

English Summary:

Massive Wedding Fraud Unearthed In UP: Brides Seen Garlanding Themselve

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com