പുതിയ കേരളത്തിനായുള്ള ഉറച്ച ബജറ്റെന്ന് മുഖ്യമന്ത്രി; വാചകക്കസർത്തെന്ന് കോൺഗ്രസ്
Mail This Article
തിരുവനന്തപുരം ∙ പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാല്‍വയ്പ്പാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയതു പോലെ, അതിവേഗം നവീകരിക്കപ്പെടുന്ന കേരളത്തിന്‍റെ മുന്നോട്ടുള്ള യാത്രയ്ക്കായുള്ള വിപുലമായ പരിപാടിയുടെ അവതരണമാണ് ഈ ബജറ്റ്. കേന്ദ്ര സര്‍ക്കാരിന്‍റെ ശത്രുതാപരമായ സമീപനം മൂലം സംസ്ഥാനം നേരിടുന്ന ഞെരുക്കം നിലനില്‍ക്കുമ്പോഴും ജനങ്ങള്‍ക്കുവേണ്ടിയുള്ള വികസന - ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുറവു വരാതിരിക്കാന്‍ ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘ബജറ്റ് തമാശ; ദേശീയപാത വികസനം കേരളത്തിന്‍റെ നേട്ടമെന്ന് പറയാന്‍ അസാമാന്യ തൊലിക്കട്ടി വേണം’
പുതിയ കാലത്തിന്‍റെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ സംസ്ഥാനത്തിന്‍റെ സാധ്യതകളാകെ ഉപയോഗിക്കാനും വ്യത്യസ്തവും വേഗമേറിയതുമായ രീതികള്‍ അവലംബിക്കാനുമാണ് ബജറ്റ് ശ്രമിക്കുന്നത്. നാടിന് അര്‍ഹമായതു നേടിയെടുക്കാനുള്ള യോജിച്ച മുന്നേറ്റത്തിന്‍റെ പ്രാധാന്യത്തിനും ബജറ്റ് അടിവരയിടുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള വികസന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കാര്‍ഷിക മേഖലയ്ക്ക് 1698 കോടി നീക്കിവച്ച നടപടി സ്വാഗതാര്‍ഹമാണ്. സംസ്ഥാനം കടന്നുപോകുന്ന പ്രയാസകരമായ സാമ്പത്തിക സാഹചര്യത്തിലും റബറിന്റെ താങ്ങുവില 180 രൂപയാക്കി വര്‍ധിപ്പിച്ച ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടി ആശ്വാസകരമാണെന്നും ജോസ് കൂട്ടിച്ചേർത്തു.
പാലായിലെ നവകേരള സദസ്സിൽ താൻ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും ബജറ്റിൽ സർക്കാർ പരിഗണിച്ചെന്ന് തോമസ് ചാഴികാടൻ എംപി. റബറിന്റെ വിലസ്ഥിരത ഫണ്ട്, പാലായിലെ സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണം, ചേര്‍പ്പുങ്കല്‍ പാലത്തിന്റെ പൂര്‍ത്തീകരണം എന്നീ വിഷയങ്ങളാണ് ഉന്നയിച്ചത്. ഇത് മൂന്നും ബജറ്റിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
സംസ്ഥാന ബജറ്റ് പൊള്ളയായ അവകാശവാദങ്ങളും വാചകക്കസർത്തും മാത്രമാണെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മറയ്ക്കാന്‍ ജനത്തെ പിഴിയുന്ന പതിവ് ഇത്തവണയും പിണറായി സര്‍ക്കാര്‍ ബജറ്റില്‍ തെറ്റിച്ചില്ല. മോദി സർക്കാരിനെ മാതൃകയാക്കി സംസ്ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലുള്‍പ്പെടെ സ്വകാര്യമേഖലയ്ക്ക് കടന്നുകയറ്റത്തിനു വഴി തുറന്നിട്ടു. സിപിഎമ്മിന്റെ നയവ്യതിയാനത്തിന്റെ പ്രഖ്യാപനം കൂടിയാണിതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര ബജറ്റ് മുന്നോട്ടുവെച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലുയര്‍ത്തുന്നതാണ് സംസ്ഥാന ബജറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.എല്ലാ മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി ധനമൂലധന ശക്തികള്‍ക്ക് അവസരമൊരുക്കുന്ന സമീപനമാണ് കേന്ദ്ര ബജറ്റ് മുന്നോട്ടുവച്ചത്. അതില്‍ നിന്നു വ്യത്യസ്‌തമായി സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പുവരുത്തിയും, പുതിയ സാധ്യതകളെ കണ്ടുകൊണ്ടുമുള്ള സമീപനമാണ് സംസ്ഥാന ബജറ്റിലുള്ളത്. പശ്ചാത്തല സൗകര്യ വികസനത്തിനും, വൈജ്ഞാനിക സമൂഹ സൃഷ്ടിക്കും ഊന്നല്‍ നല്‍കുന്ന പ്രകടന പത്രികയിലെ കാഴ്‌ചപ്പാട് ബജറ്റിലുടനീളം ദൃശ്യമാണെന്നും ഗോവിന്ദർ കൂട്ടിച്ചേർത്തു
നവകേരളത്തിന്റെ പുരോഗതി ലക്ഷ്യമാക്കിയിട്ടുള്ള നിരവധി നിർദേശങ്ങൾ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയത് പുരോഗതിക്ക് ആക്കം കൂട്ടുന്നതാണെന്നു യൂത്ത് കോൺഗ്രസ് (എസ്) അഭിപ്രായപ്പെട്ടു.
വളർച്ചയുടെ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമ്മിശ്ര ബജറ്റാണെന്നും തിരഞ്ഞെടുത്ത മേഖലകളിലെ നികുതി വർധന സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ഡോ. എം.ഐ.സഹദുല്ല പറഞ്ഞു.