ഇ.ഡി സ്വത്ത് കണ്ടുകെട്ടിയിട്ടില്ല, അക്കൗണ്ട് മരവിപ്പിച്ച നടപടി നീട്ടുകയാണ് ചെയ്തത്: എ.സി. മൊയ്തീൻ
Mail This Article
കൊച്ചി∙ സ്വത്ത് മരവിപ്പിച്ച എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ് എ.സി.മൊയ്തീൻ. ഇ.ഡിയുടെ നീക്കം രാഷ്ട്രീയ വേട്ടയാടലാണെന്നാണു മൊയ്തീന്റെ വാദം. നൽകിയ കണക്കിൽ ഇ.ഡി വീശദീകരണം തേടിയിട്ടില്ലെന്നു മൊയ്തീൻ പറഞ്ഞു. സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിട്ടില്ലെന്നും 28 ലക്ഷത്തിന്റെ നിക്ഷേപം മരവിപ്പിച്ചിരുന്നെന്നും അത് നീട്ടുക മാത്രമാണ് ചെയ്തതെന്നും മൊയ്തീൻ പറഞ്ഞു.
മൊയ്തീന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇ.ഡി നടപടി ഡൽഹി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി കഴിഞ്ഞ തിങ്കളാഴ്ച ശരിവച്ചിരുന്നു. മൊയ്തീന്റെയും ഭാര്യയുടെയും 6 അക്കൗണ്ടുകളിലെ 40 ലക്ഷം രൂപ ഇ.ഡി കണ്ടുകെട്ടിയിരുന്നു. ബെനാമി ഇടപാടുകൾ നടന്നതു മൊയ്തീന്റെ നിർദേശപ്രകാരമാണെന്നായിരുന്നു ഇ.ഡി പറഞ്ഞത്.
Read Also: കരുവന്നൂർ: എ.സി.മൊയ്തീന് തിരിച്ചടി, സ്വത്തുക്കൾ കണ്ടുകെട്ടിയ ഇ.ഡി നടപടി ശരിവച്ചു
കരുവന്നൂർ സഹകരണ ബാങ്കിലെ 150 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പിന്റെ ഭാഗമായാണു 40 ലക്ഷം രൂപ കണ്ടുകെട്ടിയത്. നേരത്തെ മൊയ്തീന്റെ വീട് റെയ്ഡ് ചെയ്തു നിക്ഷേപ രേഖകൾ കണ്ടെടുത്തിരുന്നു. ഇ.ഡി അന്നുതന്നെ നിക്ഷേപം മരവിപ്പിച്ചു. തുടർന്നു മൊയ്തീനെ ചോദ്യം ചെയ്ത ശേഷമാണ് ഈ പണം കണ്ടുകെട്ടിയത്. മൊയ്തീനു നിക്ഷേപത്തിന്റെ സ്രോതസ്സ് തെളിയിക്കാനായില്ലെന്ന ഇ.ഡിയുടെ വാദം അതോറിറ്റി അംഗീകരിക്കുകയായിരുന്നു.