ADVERTISEMENT

കോഴിക്കോട്∙ ഗോവ ഗവർണർ  പി.എസ്. ശ്രീധരൻ പിള്ളയുടെ വാഹനവ്യൂഹം സഞ്ചരിക്കുന്നതിനിടയിലേക്ക് സ്വകാര്യ കാർ കയറിയുണ്ടായ സുരക്ഷാവീഴ്ചയിൽ എഡിജിപി എം.ആർ. അജിത് കുമാർ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് തേടി. ഗോവ രാജ്ഭവന്‍, സംഭവത്തിന്‍റെ നിജസ്ഥിതി ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് കത്തയക്കുമെന്ന സൂചനകള്‍ പുറത്തുവന്ന സാഹചര്യത്തിലാണു നടപടി. പൊലീസിനു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കമ്മിഷണര്‍ രാജ്പാല്‍ മീണ മറുപടി നല്‍കി. നടപടിക്രമങ്ങള്‍ പാലിച്ചാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍റെ മകന്‍ ജൂലിയസ് നികിതാസിനെ വിട്ടയച്ചതെന്നും വിശദീകരിച്ചു. 

എന്നാല്‍ സംഭവത്തില്‍ ഗോവ രാജ്ഭവന്‍റെ തുടര്‍നടപടികള്‍ വൈകുകയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് ജൂലിയസ് നികിതാസ് ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേയ്ക്ക് കാര്‍ ഓടിച്ചുകയറ്റിയത്. എന്നാലിത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പൊലിസ് വാദം. മാറാട് സ്വകാര്യ ചടങ്ങു കഴിഞ്ഞു ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള കോഴിക്കോട്ടെ വസതിയിലേക്കു വരുമ്പോൾ മാവൂർ റോഡിലായിരുന്നു സംഭവം.

ഗവർണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്കാണ് കാർ കയറിയത്. ഉടനെ പൊലീസ് സുരക്ഷാ വാഹനം നിർത്തി പൊലീസുകാർ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനു നേരെ ആക്രോശിച്ചു. പൊലീസിനോട് യുവാവും കയർത്തു. കാർ പിറകോട്ട് എടുക്കാൻ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാൻ ശ്രമിച്ചു. 

ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനോടു ആവശ്യപ്പെട്ടു. തുടർന്നു കാർ പിറകിലേക്കു മാറ്റിയാണ് ഗവർണറുടെ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കടന്നു പോയത്. യുവാവിനെ കസ്റ്റഡിയിലെടുത്തു കസബ സ്റ്റേഷനിൽ എത്തിച്ചു. നടക്കാവ് പൊലീസ് എത്തി ചോദ്യം ചെയ്തു. അപ്പോഴാണു യുവാവിന്റെ സിപിഎം ബന്ധം പൊലീസ് അറിയുന്നത്. ഒടുവിൽ യുവാവിനെതിരെ ട്രാഫിക് നിയമലംഘനത്തിനു 1,000 രൂപ പിഴ അടപ്പിച്ച് വിട്ടയച്ചു.

English Summary:

Goa Governor's Security Breach Results in Fine for CPM Leader's Son Amid Ongoing Investigations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com