പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്, വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം: വിടവാങ്ങൽ പ്രസംഗത്തിൽ ജയ ബച്ചൻ
Mail This Article
ന്യൂഡൽഹി∙ എംപിമാരുടെ വിരമിക്കൽ ചടങ്ങിലെ പ്രസംഗത്തിൽ രാജ്യസഭ അംഗങ്ങളോട് ക്ഷമാപണം നടത്തി സമാജ്‌വാദി പാർട്ടി എംപി ജയ ബച്ചൻ. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണു തന്റേതെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ജയ ബച്ചൻ പറഞ്ഞു.
‘‘എന്തുകൊണ്ടാണ് എപ്പോഴും ഞാൻ ദേഷ്യപ്പെടുന്നതെന്ന് ജനങ്ങൾ ചോദിക്കാറുണ്ട്. അത് എന്റെ പ്രകൃതമാണ്. മാറ്റാൻ എനിക്കു കഴിയില്ല. അപ്രിയമായ എന്തെങ്കിലും കേൾക്കുമ്പോൾ എനിക്കു ദേഷ്യം വരും. എന്റെ പെരുമാറ്റം വ്യക്തിപരമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഈ അവസരത്തിൽ ക്ഷമാപണം നടത്തുന്നു’’– ജയ ബച്ചൻ പറഞ്ഞു.
വിരമിക്കുന്ന അംഗങ്ങളുടെ അഭാവം പാർലമെന്റിൽ വലിയ ശൂന്യത സൃഷ്ടിക്കുമെന്നായിരുന്നു ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധൻകറുടെ പ്രതികരണം. ‘‘തീർച്ചയായും ഞങ്ങളുടെ സഹപ്രവർത്തകരുടെ വിടവാങ്ങൽ പാർലമെന്റിൽ വലിയ ശൂന്യതയുണ്ടാക്കും. എല്ലാ തുടക്കങ്ങൾക്കും ഒരു അവസാനമുള്ളതു പോലെ എല്ലാ അവസാനങ്ങൾക്കും പുതിയ തുടക്കവും ഉണ്ട്.’’– ജഗ്ദീപ് ധന്‍കർ പറഞ്ഞു.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻകറിനെ ജയ ബച്ചൻ വിമർശിച്ചത് മാധ്യമശ്രദ്ധ നേടിയിരുന്നു. ചൊവ്വാഴ്ച ഒരു കോൺഗ്രസ് നേതാവിനെതിരായ ധൻകറിന്റെ പരാമർശമാണ് ജയയെ ചൊടിപ്പിച്ചത്. വിഷയം വിശദീകരിച്ചാൽ മനസ്സിലാകുന്നവരാണു പാർലമെന്റ് അംഗങ്ങളെന്നും അവർ സ്കൂള്‍ കുട്ടികളല്ലെന്നുമായിരുന്നു ജയ ബച്ചൻ പറഞ്ഞത്. എംപിമാരോട് അൽപം ബഹുമാനത്തോടെ സംസാരിക്കണമെന്നും ജയ പറഞ്ഞിരുന്നു.