ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി അതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച കർഷകരെ ലക്ഷ്യമാക്കി ഇന്നലെ ഹരിയാന-ഡൽഹി ഉപയോഗിച്ചതു ഡ്രോൺ സ്മോക്ക് ലോഞ്ചറുകൾ. ഹരിയാനയിലെ ഡ്രോൺ ഇമേജ് ആന്റ് ഇൻഫർമേഷൻ സർവീസാണ് ഡ്രോൺ സമോക്ക് ലോഞ്ചറുകൾ‌ നിർമിച്ചത്. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള രാജ്യാന്തര അതിർത്തികൾ സംരക്ഷിക്കുന്നതിനാണ് ഈ ഡ്രോണുകള്‍ രൂപകല്പന ചെയ്തത്. 2022ൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്എഫ്) ഗവേണിംഗ് ബോഡി യോഗത്തിലാണു ഈ ഡ്രോൺ ആദ്യമായി അവതരിപ്പിച്ചത്. മധ്യപ്രദേശിലെ ഡെക്കാൻപൂരിലായിരുന്നു ആദ്യ പരീക്ഷണം. ആൾ‌ക്കൂട്ടങ്ങളെ നേരിടാനുള്ള അർധസൈനിക വിഭാഗമായാണു ഡ്രോൺ സ്മോക് ലോഞ്ചറുകൾ ഉപയോഗിച്ചു വരുന്നത്. 

എങ്ങനെ ബാധിക്കും കർഷക സമരം?
  • പഞ്ചാബ്: കഴിഞ്ഞ തവണ 13 ൽ 2 സീറ്റു നേടിയ ബിജെപി ഇത്തവണ മുൻ കോൺഗ്രസ് മുഖ്യമന്ത്രി അമരിന്ദർ സിങ്, പിസിസി അധ്യക്ഷനായിരുന്ന സുനിൽ ഝാക്കർ എന്നിവരെ സ്വന്തം പാളയത്തിലെത്തിച്ചിരുന്നു. ഏറ്റവും പഴയ സഖ്യകക്ഷിയായ അകാലിദളിനെ തിരിച്ചു കൊണ്ടുവരാനുള്ള പിന്നാമ്പുറ ചർച്ചകൾ തകൃതിയായി നടക്കുന്നു. അതിനിടയിൽ വന്ന കർഷക സമരം പഞ്ചാബിൽ നേട്ടം കൊയ്യാനുള്ള നീക്കത്തിനു തടസ്സമാകും.

  • ഹരിയാന: ഇടഞ്ഞു നിൽക്കുന്ന സഖ്യകക്ഷി ജെജെപിക്കു കർഷകർക്കൊപ്പമല്ലാതെ നിലപാടെടുക്കാൻ കഴിയില്ല. കഴിഞ്ഞ തവണ പത്തിൽ പത്തും നേടിയ ഹരിയാനയിൽ സമരം മത്സരം കടുപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്കും അധികം ദൂരമില്ല.

  • രാജസ്ഥാൻ: ജാട്ട് കർഷകർ സമരത്തിനു പിന്തുണ അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ അവിടെ 25ൽ ഒരു സീറ്റൊഴികെ നേടിയത് ബിജെപിയാണ്.

  • പശ്ചിമ യുപി:എസ്പി ശക്തികേന്ദ്രങ്ങളായ രണ്ടോ മൂന്നോ സീറ്റുകളല്ലാതെ മറ്റെല്ലാം ബിജെപിയാണു ജയിച്ചത്. ഉപതിരഞ്ഞെടുപ്പുകളിൽ എസ്പിയുടെ സീറ്റുകളിലും ബിജെപി ജയിച്ചു. എന്നിട്ടും ഒന്നാം കർഷക സമരത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ യുപിയിൽ എസ്പി നേട്ടമുണ്ടാക്കി. ലോക്സഭയിൽ അതാവർത്തിക്കാതിരിക്കാൻ ആർഎൽഡിയെ ഇന്ത്യ മുന്നണിയിൽനിന്ന് അടർത്തിയെടുത്ത ആശ്വാസത്തിനിടയ്ക്കാണു സമരം.

Read more: നേതാക്കളെ അറസ്റ്റ് ചെയ്ത് സമരം ഒതുക്കാൻ ഹരിയാന പൊലീസ്; അക്ഷയ് നർവാൾ അറസ്റ്റിൽ

Read more: മണ്ണിളക്കി കർഷകർ, ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് പരീക്ഷണം; എങ്ങനെ ബാധിക്കും ഈ സമരം?

400 മുതൽ 500 മീറ്റർ വരെ റെയ്ഞ്ചിൽ ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിക്കാൻ ഡ്രോൺ സ്മോക് ലോഞ്ചറുകൾക്കു കഴിയും. ഒരേസമയം ഒന്നിലധികം ഗ്രനേഡുകൾ വിന്യസിക്കാനുള്ള കഴിവ് ഡ്രോണുകൾക്കുണ്ട്. മനുഷ്യശേഷിയുടെ ഇരട്ടിപ്പണി ഡ്രോൺ സ്മോക് ലോഞ്ചറുകൾ ചെയ്യുന്നുണ്ടെന്നാണു അർധസൈനിക വിഭാഗം പറയുന്നത്. തങ്ങളുടെ ജോലി പകുതിയിലധികം കുറയ്ക്കാനും ഇവയെ കൊണ്ടു സാധിക്കുന്നതായി അവർ അഭിപ്രായപ്പെടുന്നു.

കർഷകസമരം 2.0
  • വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി 2020 നവംബർ മുതൽ 2021 ഡിസംബർ വരെ നടന്ന സമരത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ‘ദില്ലി ചലോ’ മാർച്ച്. അന്നു നൽകിയ ഉറപ്പുകൾ പാലിക്കാത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ സമരം.

  • 150 കർഷക സംഘടനകൾ അണിനിരക്കുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര വിഭാഗം) 250 കർഷക യൂണിയനുകൾ ഉൾപ്പെടുന്ന കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) ചേർന്നാണ് ഇക്കുറി രംഗത്തുള്ളത്. പഞ്ചാബിലാണു സമരത്തിന്റെ ഏകോപനം. 2020–21 കാലത്തെ സമരത്തിനു നേതൃത്വം നൽകിയിരുന്ന സംയുക്ത കിസാൻ മോർച്ച 2022 ജൂലൈയിൽ പിളർന്നിരുന്നു.

  • എം.എസ്.സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരമുള്ള താങ്ങുവില, സമ്പൂർണ കടം എഴുതിത്തള്ളൽ, 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനു വീണ്ടും പ്രാബല്യം, വൈദ്യുതി സ്വകാര്യവൽക്കരണ ഭേദഗതി ബിൽ പിൻവലിക്കൽ എന്നിവയാണ് 12 ആവശ്യങ്ങളിൽ പ്രധാനം.

ഹരിയാന അതിർത്തിയിൽ പ്രതിഷേധക്കാരായ കർഷകരെ നേരിടാൻ അർധസൈനിക സേനയാണ് ആദ്യഘട്ട പ്രതിരോധനിര രൂപീകരിച്ചിരിക്കുന്നത്. ഇവരുടെ പിന്നിലാണു ഹരിയാന പൊലീസ് നിലയുറപ്പിച്ചിരിക്കുന്നത്. ഡ്രോൺ സ്മോക് ലോഞ്ചറുകൾ‌ ഉൾപ്പെടെയുള്ളവ വികസിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും ബിഎസ്എഫ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

കർഷകരുടെ ആദ്യ പ്രക്ഷോഭത്തിന്റെ ഭാഗമായി മനോരമ ഓൺലൈൻ നൽകിയ എക്സ്‌പ്ലെയിനർ വിഡിയോ കാണാം

English Summary:

Drone smoke launcher used at delhi border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com