ADVERTISEMENT

മാനന്തവാടി∙ പാക്കത്ത് കാട്ടാന ചവിട്ടിക്കൊന്ന വെള്ളച്ചാലിൽ പോളിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതിയുമായി മകൾ സോന രംഗത്ത്. 9.40നു മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിയതാണ്. ഒരു മണിയോടെയാണു കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റിയത്. ഇത്രയും സമയം അവർ എന്തു ചെയ്യുകയായിരുവെന്നാണു സോനയുടെ ചോദ്യം.

‘‘ആശുപത്രിയിൽ കുറേ തവണ പറഞ്ഞിട്ടാണു പപ്പയെ കാണാൻ അനുവദിച്ചത്. കാണുമ്പോൾ ഓക്സിജൻ മാസ്ക് വച്ചിട്ടുണ്ടായിരുന്നു. പേടിച്ചിട്ടാണോ എന്നറിയില്ല നെ‍ഞ്ച് വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു. രക്തസ്രാവം ഉണ്ടായിരുന്നു. എന്താ കുഴപ്പമെന്നു ചോദിച്ചപ്പോൾ കുഴപ്പമൊന്നുമില്ല എന്നാണു പറഞ്ഞത്. പിന്നെ പറഞ്ഞു ചെറിയ പ്രശ്നമുണ്ടെന്ന്. കുറേ കഴിഞ്ഞപ്പോൾ പറഞ്ഞു കോഴിക്കോട് കൊണ്ടുപോകുകയാണെന്ന്. കോഴിക്കോട്ടേക്കു മാറ്റുമെന്നു ഞാൻ അറിഞ്ഞതു വാർത്ത കണ്ടിട്ടാണ്. ഒരു മണിക്കാണു കോഴിക്കോട്ടേക്കു കൊണ്ടുപോയത്. അതുവരെ എന്തുചെയ്യുകയായിരുന്നുവെന്നു ഞാൻ അവരോടു ചോദിച്ചു. വേണ്ട ചികിത്സ കൊടുക്കേണ്ടേ എന്നാണു ചോദിച്ചത്. വേണ്ട ചികിത്സ കൊടുത്തിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു. അവിടെ അതിനുള്ള സൗകര്യം ഇല്ലായിരുന്നുവെങ്കിൽ നേരത്തെ അവിടെനിന്നു കൊണ്ടുപോകാമായിരുന്നു. അല്ലാണ്ട് അത്രേം നേരം വൈകിച്ചുകൊണ്ടിരിക്കേണ്ടായിരുന്നു. മതിയായ ചികിത്സ നൽകിയില്ലെന്നു പറഞ്ഞ് അവിടെ പ്രതിഷേധം ഉയർന്നിരുന്നു. അതിൽപിന്നെയാണു കാണിക്കാൻ പോലും അവർ തയാറായത്. കാണിക്കാത്തതിന്റെ പേരിൽ എനിക്ക് അവരോട് ദേഷ്യം പിടിക്കേണ്ടി വന്നു’’– സോന പറഞ്ഞു. 

അതേസമയം, സോനയുടെ ആരോപണം മെഡിക്കൽ കോളജ് അധികൃതർ നിഷേധിച്ചു. ഗുരുതരമായി പരുക്കേറ്റ നിലയിലാണ് പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധന നടത്തിയതിൽനിന്നു രോഗിക്ക് ബ്ലഡ് പ്രഷർ, ഓക്സിജന്റെ അളവ് എന്നിവ വളരെ കുറവാണെന്നും ശ്വാസകോശത്തിന്റെ വലതുഭാഗത്ത് ശ്വാസം കയറുന്നതു കുറവാണെന്നും വാരിയെല്ലുകൾ പൊട്ടിയ നിലയിലാണെന്നും മനസ്സിലാക്കി. തുടർന്നു വിവിധ വിഭാഗത്തിലെ ഡോക്ടർമാർ വിശദപരിശോധന നടത്തി. മറ്റ് ആന്തരിക അവയവങ്ങൾക്കു കാര്യമായ പരുക്ക് ഇല്ലെങ്കിലും ശ്വാസകോശത്തിലെ പരുക്ക് സാരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. ഡോക്ടർ, നഴ്സ് ഉൾപ്പെടെയാണ് ഐസിയു ആംബുലൻസിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയതെന്നും ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

English Summary:

Paul killed by elephant did not receive adequate treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com