500 പേർ, ആറു ദിവസം; ഒളിച്ചുകളിച്ച് ബേലൂർ മഖ്ന, കാട്ടിൽ വഴിതെറ്റി ദൗത്യസംഘം: ‘ആന’ദൗത്യം
Mail This Article
മാനന്തവാടി∙ ഒരാനയെ പിടിക്കാൻ വയനാട്ടിൽ വനംവകുപ്പ് ഇത്രയും വലിയ സന്നാഹം നടത്തുന്നത് ആദ്യമായിരിക്കും. മുൻപും പലവട്ടം ആനയെ വയനാട്ടിൽ മയക്കുവെടി വച്ച് പിടിച്ചിട്ടുണ്ട്. എന്നാൽ 200 വനപാലകരും 200 പൊലീസും നൂറോളം മറ്റു വകുപ്പ് ജീവനക്കാരും ആനയുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് ആറു ദിവസമായി.
ഇതിന് മുൻപു കേരളം ഉറ്റുനോക്കിയിരുന്ന മറ്റൊരു ദൗത്യമായിരുന്നു ഇടുക്കിയിലെ അരിക്കൊമ്പന്റേത്. കോടതിയിൽ കേസും പ്രശ്നങ്ങളുമായി രണ്ടു മാസത്തോളം അരിക്കൊമ്പൻ ദൗത്യം നീണ്ടുപോയിരുന്നു. 150 പേരായിരുന്നു അരിക്കൊമ്പനു പിന്നാലെയുണ്ടായിരുന്നത്. എന്നാൽ രണ്ടു ദിവസത്തിനുള്ളിൽ അരിക്കൊമ്പനെ പൂട്ടി. അതിനാൽ കേരളത്തിൽ തന്നെ ഒരാനയെ പിടിക്കാനുള്ള ഏറ്റവും വലിയ ദൗത്യമായിരിക്കും മാനന്തവാടിയിൽ നടക്കുന്നത്. 200 വനപാലകർ രാവും പകലുമില്ലാതെ ഒരാനയ്ക്കു പിന്നാലെയാണ്.
∙ 500 പേർ; ആറു ദിവസം
കഴിഞ്ഞ ശനിയാഴ്ചയാണ് പടമല പനച്ചിയിൽ അജീഷിനെ വീട്ടുമുറ്റത്ത് ബേലൂർ മഖ്ന എന്ന മോഴയാന ചവിട്ടിക്കൊന്നത്. ജനകീയ പ്രക്ഷോഭത്തെത്തുടർന്നാണ് ആനയെ മയക്കുവെടിവച്ച് പിടിക്കാൻ തീരുമാനിച്ചത്. ശനിയാഴ്ച വൈകിട്ടോടെ തന്നെ ആനയെ വനപാലക സംഘം പിന്തുടരാൻ തുടങ്ങി. ഞായറാഴ്ച രാവിലെയാണു മയക്കുവെടി വയ്ക്കാനുള്ള ദൗത്യ സംഘം തയാറായത്. വയനാട് വന്യജീവി സങ്കേതം, വയനാട് നോർത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷൻ, നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് മണ്ണാര്‍ക്കാട്, കോഴിക്കോട് ആര്‍അര്‍ടി വിഭാഗത്തിലെ 200 ഓളം ജീവനക്കാരാണു ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഉത്തരമേഖല സിസിഎഫ് കെ.എസ്.ദീപയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം മുന്നോട്ടു പോയിരുന്നത്. എന്നാൽ ദൗത്യത്തിൽ കാര്യമായ പുരോഗതിയുണ്ടാകാതെ വന്നതോടെ മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് ഇടപെടുന്നുവെന്നാണു പുറത്തുവരുന്ന വിവരം.
നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡിഎഫ്ഒ സജ്ന കരീം, വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എന്നിവരും മുഴുവൻ സമയവും ദൗത്യ സംഘത്തിനൊപ്പമുണ്ട്. ആനയെ പിടിക്കാൻ സാധിക്കാതെ വന്നതോടെ ഞായറാഴ്ച നാട്ടുകാർ വനപാലക സംഘത്തെ തടഞ്ഞ് വലിയ പ്രതിഷേധം നടത്തി. ഇതോടെ കണ്ണൂർ എആർ ക്യാംപിൽ നിന്നുൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച മുതൽ കാട്ടിക്കുളത്തുണ്ട്. മാനന്തവാടി ഡിവൈഎസ്പി ബിജുരാജിന്റെ നേതൃത്വത്തിലാണു പൊലീസ് സംഘം പ്രവർത്തിക്കുന്നത്. മാനന്തവാടി തഹസിൽദാർ മുഴുവൻ സമയവും ദൗത്യസംഘത്തിനൊപ്പമുണ്ട്. കൂടാതെ നാല് ഡപ്യൂട്ടി തഹസിൽദാറും ഉണ്ട്. എഡിഎമ്മിന്റെ നേതൃത്വത്തിലാണു റവന്യൂ വകുപ്പ് ദൗത്യസംഘത്തിനൊപ്പം പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഭരണാധികാരികൾ, വെറ്ററിനറി വകുപ്പ്, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും ദൗത്യസംഘത്തിനൊപ്പമുണ്ട്. അഞ്ഞൂറോളം പേരാണ് വിവിധ വകുപ്പുകളിലായി ഒരാനയെ പിടിക്കാൻ ആറു ദിവസമായി രാപകലില്ലാതെ ശ്രമിക്കുന്നത്.
∙ വഴിതെറ്റിപ്പോയ വെടിവയ്പ്പുകാർ
കൊലയാളി ആനയെ പിടികൂടാനുള്ള ദൗത്യ സംഘത്തിൽ നാട്ടുകാരെ ഉൾപ്പെടുത്തുന്നില്ലെന്ന് തുടക്കം മുതൽ ആരോപണുണ്ട്. മുൻപ് ഇത്തരം ദൗത്യം നടക്കുന്ന വനത്തോട് ചേർന്ന് താമസിക്കുന്ന, വനത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന ആദിവാസികളെ സംഘത്തിൽ ഉൾപ്പെടുത്താറുണ്ടായിരുന്നു. കാട്ടിൽ തേൻ എടുക്കാനും വനവിഭവങ്ങൾ ശേഖരിക്കാനും പോകുന്നവരെയാണ് സാധാരണ ഉൾപ്പെടുത്താറുള്ളത്. എന്നാൽ ഇത്തവണ അതുണ്ടായില്ലെന്ന് തിരുനെല്ല് പഞ്ചായത്ത് അംഗം ജിത്തുമോൻ ഉൾപ്പെടെ ആരോപണം ഉന്നയിച്ചു.
ഇതിനിടെ ചൊവ്വാഴ്ച വെടിവയ്ക്കാൻ പോയ സംഘത്തിലെ രണ്ടു പേർക്ക് വഴി തെറ്റി. കാട്ടിക്കുളം ഇരുമ്പുപാലം കോളനിയിലെ കെ.സി.ബാലനാണ് ഇവരെ കാട്ടിൽനിന്നു പുറത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. ദൗത്യസംഘത്തിൽ ചിലർ കാട്ടിൽനിന്നു പുറത്തെത്തിയപ്പോഴാണ് രണ്ടു പേരെ കാണാനില്ലെന്നറിയുന്നത്. തുടർന്ന് ബാലൻ ഇവരെ തിരഞ്ഞു പോകുകയായിരുന്നു. ഒറ്റപ്പെട്ടു പോയവർ പാറയുടെ മുകളിൽ കയറി തോക്കും പിടിച്ചു നിൽക്കുകയായിരുന്നുവെന്നു ബാലൻ പറഞ്ഞു. വനപാലക സംഘത്തെ സഹായിക്കാൻ ഒരുക്കമാണെന്ന് ഇരുമ്പുപാലം കോളനിക്കാർ പറഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്നും ഇവർ പറഞ്ഞു. മുൻ ഡിഎഫ്ഒമാർ നാട്ടുകാരില്ലാതെ വനത്തിലേക്കു പോകാറില്ലായിരുന്നുവെന്നും ഇവർ പറഞ്ഞു.
എന്നാൽ ഈ ആരോപണം തികച്ചും തെറ്റാണെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോയൽ പറഞ്ഞു. ദൗത്യ സംഘത്തിനൊപ്പം അതാതു സ്ഥലത്തെ വാച്ചർമാരെ ഉൾപ്പെടുത്തിയാണു മുന്നോട്ടു പോകുന്നത്. കാവലിനും മറ്റും നാട്ടുകാരെ ആശ്രയിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം നാട്ടുകാരില്ലാതെ വനത്തിൽ പ്രവേശിക്കുന്നത് ദുഷ്കരമാണെന്നും ചൂണ്ടിക്കാട്ടി.
∙ തോക്കില്ല, കടുവയെ ഓടിക്കാൻ വടി
ഓരോ സ്റ്റേഷനിലും ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളെ വിരട്ടി ഓടിക്കുന്നതിനാവശ്യമായ തോക്കുണ്ടാകും. തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ ആർആർടിയുടെ (റാപ്പിഡ് റെസ്പോൺഡ്സ് ടീം) അധീനതയിലാകും. ചില സ്ഥലങ്ങളിൽ റെയ്ഞ്ച് ഓഫിസർമാർക്കു കൈത്തോക്ക് നൽകും. വന്യമൃഗശല്യം കൂടുതലുള്ള സ്ഥലങ്ങളിലെ റെയ്ഞ്ച് ഓഫിസർമാർക്കാണ് കൈത്തോക്ക് നൽകുന്നത്.
ഓരോ സ്ഥലത്തെയും വന്യമൃഗശല്യം അനുസരിച്ചാണ് ആയുധങ്ങൾ വിതരണം ചെയ്യുന്നത്. വെറ്ററിനറി വകുപ്പിലെ ഡോക്ടർമാരെയാണു നിലവിൽ വനംവകുപ്പിൽ ചികിത്സയ്ക്കും മയ്ക്കുവെടി വയ്ക്കുന്നതിനുമായി നിയോഗിക്കുന്നത്. മയക്കുവെടി വയ്ക്കുന്നതിനുള്ള തോക്ക് ഇവരാണ് കൈവശം വയ്ക്കുന്നത്. വനംവകുപ്പിലേക്ക് ആവശ്യമായ തോക്കുകൾ വനംവകുപ്പ് നേരിട്ടാണ് വാങ്ങുന്നത്.
പല സ്ഥലത്തും വനംവകുപ്പ് ഉദ്യോഗസ്ഥർക്കു മതിയായ ആയുധങ്ങളിലെന്ന പരാതി വ്യാപകമാണ്. പടമലയിൽ കടുവ ഇറങ്ങിയപ്പോൾ പരിശോധനയ്ക്ക് എത്തിയ ഫോറസ്റ്റ് റെയ്ഞ്ചറോട് ആയുധമുള്ള വാച്ചർമാരെ നിയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പലയിടത്തും വാച്ചർമാർ ആനയെയും കടുവയെയും ഓടിക്കാൻ പോകുന്നത് വടി കൊണ്ടാണ്.
∙ ശ്രമകരം ഈ ദൗത്യം
2023 ഏപ്രിൽ 27നാണ് അരിക്കൊമ്പനെ പിടിക്കാൻ ടീം സജ്ജമായത്. 28ന് വെടിവയ്ക്കാനായില്ല. ഏപ്രിൽ 29ന് അരിക്കൊമ്പനെ പിടികൂടി. രണ്ടാം ദിവസം തന്നെ അരിക്കൊമ്പനെ പിടികൂടുന്നതിൽ 150 അംഗം ദൗത്യ സംഘം വിജയിച്ചു. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെയും മയക്കുവെടിവച്ച് പിടികൂടിയത്. വയനാട്ടിൽ 200 അംഗ സംഘം അഞ്ച് ദിവസം ശ്രമിച്ചിട്ടും ബേലൂർ മഖ്നയെ പിടിക്കാനായില്ല. ഇതോടെയാണു കർണാടകയിൽ ബേലൂർ മഖ്നയെ മയക്കുവെടിവച്ച് പിടികൂടിയ സംഘം ഇന്നലെ ഉച്ചയോടെ കാട്ടിക്കുളത്ത് എത്തിയത്. ഇന്ന് രാവിലെ അരുൺ സക്കറിയയും സംഘത്തിനൊപ്പം ചേർന്നു. അതിരാവിലെ തന്നെ സംഘം വനത്തിൽ കയറി. അടിക്കാടുകൾ നിറഞ്ഞ വനത്തിൽ ബേലൂർ മഖ്ന ഒളിച്ചുകളിക്കുകയാണ്. ഇതിനിടെ മറ്റൊരു മോഴയാനയും എത്തിയതോടെ വനംവകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുഷ്കരമായ ദൗത്യങ്ങളിലൊന്നായി ബേലൂർ മഖ്ന ദൗത്യം മാറി.