ADVERTISEMENT

മാനന്തവാടി∙ റേഡിയോ കോളർ ധരിപ്പിച്ച കാട്ടാന കർണാടകയിൽനിന്ന് എത്തിയ കാര്യം കർണാടക സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു രാഹുൽ ഗാന്ധി എംപി. കാട്ടാന ചവിട്ടിക്കൊന്ന പടമല പനച്ചിയിൽ അജീഷിന്റെ വീട്ടിൽ സന്ദർശനം നടത്തിയപ്പോഴാണ് രാഹുൽ ഇക്കാര്യം പറഞ്ഞ്. ഇന്ന് രാവിലെ 7.30നാണു രാഹുൽ അജീഷിന്റെ വീട്ടിലെത്തിയത്. തുടർന്നു കുടുംബാംഗങ്ങളോടൊപ്പം അൽപ്പനേരം ചെലവഴിച്ചു. അജീഷിനെ കൊന്നതു കർണാടക മയക്കുവെടി വച്ച‌ു പിടികൂടി റേഡിയോ കളർ ഘടിപ്പിച്ചുവിട്ട ആനയാണെന്നു കുടുംബാംഗങ്ങൾ രാഹുലിനോടു പറഞ്ഞു. കർണാടകയിലെ ആന വയനാട്ടിലെത്തിയെന്നും ഒരാൾ കൊല്ലപ്പെട്ടുവെന്നും കർണാടക സർക്കാരിനെ അറിയിക്കുമെന്നു രാഹുൽ പറഞ്ഞു. 

Read Also: ‘പോളിന്റെ ചിത്രം കാണണം’: കുടുംബത്തെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി, എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ്

തനിക്കു വന്ന അവസ്ഥ മറ്റാർക്കും വരാനിടയാകരുതെന്ന് അജീഷിന്റെ മകൾ അൽന രാഹുലിനോട‌ു പറഞ്ഞു. നിങ്ങൾ കൂടുതൽ ധൈര്യം കാണിക്കുന്നവരാണ്. പ്രത്യേകിച്ച് കുട്ടികൾ. എന്നാൽ ശ്രദ്ധിക്കണമെന്നായിരുന്നു അൽനയോടു രാഹുൽ മറുപടി പറഞ്ഞത്. സർക്കാരിൽ സമ്മർദം ചെലുത്തി കൂടുതൽ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെടും. വന്യമൃഗശല്യം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സന്ദർശനത്തിനുശേഷം കാറിൽ മടങ്ങാൻ തയാറായ രാഹുലിനോടു ചില കാര്യങ്ങൾ പറയാനുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വാഹനത്തിനു ചുറ്റും കൂടിയതോടെ രാഹുൽ ഗ്ലാസ് താഴ്ത്തി അവർ പറയുന്നതു കേട്ടു. വന്യമൃഗ ശല്യം അതിരൂക്ഷമാണെന്നു നാട്ടുകാരിലൊരാൾ പറഞ്ഞു. വേലി തകർന്നിട്ട് ഏറെ നാളായിട്ടും നന്നാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അജീഷിനെ കൊന്ന കാട്ടാനയെ പിടിക്കാനെന്നു പറഞ്ഞ് എട്ട് ദിവസമായി നാടകം കളിക്കുകയാണെന്നും ഇദ്ദേഹം രാഹുലിനോടു പറഞ്ഞു. എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പറഞ്ഞശേഷമാണ് രാഹുൽ മടങ്ങിയത്.    

English Summary:

Rahul Gandhi visited Ajeesh's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com