മന്ത്രി ഗണേഷുമായി തർക്കം; കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് ബിജു പ്രഭാകറെ മാറ്റി
Mail This Article
തിരുവനന്തപുരം∙ ബിജു പ്രഭാകർ ഐഎഎസിനെ കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്നും ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. വ്യവസായ വകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വകുപ്പുമാറ്റം വേണമെന്ന് ബിജു പ്രഭാകർ അപേക്ഷിച്ചിരുന്നു.
Read also: കുടുംബവഴക്ക്: ഇടുക്കിയിൽ റിട്ട.എസ്ഐയെ സഹോദരിയുടെ മകൻ വെട്ടിക്കൊലപ്പെടുത്തി
ലേബർ കമ്മിഷണറായിരുന്ന കെ.വാസുകിയെ ലേബർ ആൻഡ് സ്കിൽസ് സെക്രട്ടറിയായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും വാസുകിക്ക് നൽകി. ലേബർ ആൻഡ് സ്കിൽസ് സെക്രട്ടറിയായിരുന്ന സൗരഭ് ജെയ്നെ വൈദ്യുതി വകുപ്പ് സെക്രട്ടറിയായും അർജുൻ പാണ്ഡ്യനെ ലേബർ കമ്മിഷണറായും നിയമിച്ചു.
ആന്റണി രാജുവിന്റെ പകരക്കാരനായി ഗതാഗതമന്ത്രി സ്ഥാനത്ത് കെ.ബി. ഗണേഷ് കുമാർ എത്തിയപ്പോൾ മുതൽ ബിജു പ്രഭാകറുമായി നയപരമായ വിഷയങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇത്തരം വിഷയങ്ങളിൽ ഗണേഷ് പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ അത് മാനേജ്മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ തന്നെയും മാറ്റണം എന്ന നിലപാടാണ് ബിജു പ്രഭാകറിന് ആദ്യം മുതൽ ഉണ്ടായിരുന്നത്.
ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ടു ഗണേഷ് സ്വീകരിച്ച നിലപാട് ഭിന്നത രൂക്ഷമാക്കി. എന്നാൽ ഗണേഷുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കൂടുതൽ ചുമതലകൾ ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് കെഎസ്ആർടിസി സിഎംഡി സ്ഥാനവും ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാൻ താൽപര്യമുണ്ടെന്ന് സർക്കാരിനെ അറിയിച്ചതെന്നും ബിജു പ്രഭാകർ കഴിഞ്ഞ ദിവസം പ്രതികരിച്ചു.