കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിനു 15 ലക്ഷം; എതിർപ്പുമായി കർണാടക ബിജെപി
Mail This Article
ബെംഗളൂരു∙ വയനാട്ടില്‍ കാട്ടാന ആക്രമിച്ചു കൊന്ന അജീഷിന്റെ കുടുംബത്തിനു കർണാടക സർക്കാർ നഷ്ടപരിഹാരം നല്‍കുന്നതില്‍ എതിര്‍പ്പുമായി കർണാടക ബിജെപി. രാഹുലിനെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് സർക്കാർ പണം അനുവദിച്ചതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര പറഞ്ഞു. അജീഷിന്റെ കുടുംബത്തിനു 15 ലക്ഷം രൂപ നൽകുമെന്നായിരുന്നു കർണാടക സർക്കാരിന്റെ പ്രഖ്യാപനം.
കർണാടകയിലെ ആനയെ വ്യാജമായി കരുവാക്കിയതു ചതിയെന്നാണ് ബിജെപിയുടെ ആരോപണം. കർണാടകയുടെ നികുതിപണം കോൺഗ്രസിന്റെ ദേശീയനേതൃത്വത്തെ പ്രീണിപ്പിക്കാനായി ചെലവഴിക്കുകയാണ്. കർണാടകയിൽ ഇരുന്നൂറിലധികം ഗ്രാമങ്ങളിൽ വരൾച്ച ബാധിച്ചിട്ടുണ്ട്. ഇവർക്കുള്ള നഷ്ടപരിഹാരം നൽകാത്ത സർക്കാർ പണം വകമാറ്റി ചെലവഴിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.
രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം എഐസിസി ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ കർണാടക സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. കർണാടകയിൽനിന്നുവന്ന ബേലൂർ മഖ്നയെന്ന ആനയാണ് അജീഷിനെ കൊന്നതെന്നും കഴിയുമെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിനു പണം അനുവദിക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് കർണാടകയിൽ കാട്ടാന ആക്രമണത്തിൽ മരിച്ചാൽ നൽകുന്ന അതേ തുകയായ 15 ലക്ഷം രൂപ അജീഷിന്റെ കുടുംബത്തിനു നൽകാൻ കോൺഗ്രസ് സർക്കാർ തീരുമാനിക്കുന്നത്.