ചിന്ദ്വാരയിൽ നകുൽനാഥ് കോൺഗ്രസ് സ്ഥാനാർഥിയാകും; ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങൾക്കിടെ പ്രഖ്യാപനം
Mail This Article
ഭോപാൽ∙ മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥും മകൻ നകുൽനാഥും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിർണായക നീക്കവുമായി കോൺഗ്രസ്. ചിന്ദ്വാര ലോക്സഭാ സീറ്റിൽ നകുൽനാഥ് പാർട്ടി സ്ഥാനാർഥിയാകുമെന്നു പറഞ്ഞാണ് കോൺഗ്രസ് രാഷ്ട്രീയ ക്യാംപുകളെ അമ്പരപ്പിച്ചിരിക്കുന്നത്. ചിന്ദ്വാരയിൽ നകുൽനാഥ് ജനവിധി തേടുമെന്നു മധ്യപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ് പറഞ്ഞു.
‘‘കോൺഗ്രസിന്റെ ഏറ്റവും ശക്തനായ സ്ഥാനാർഥിയാണ് നകുൽനാഥ്. അദ്ദേഹം ചിന്ദ്വാര മണ്ഡലത്തിൽനിന്നു ജനവിധി തേടും. കമൽനാഥോ അദ്ദേഹത്തിന്റെ മകനോ പാർട്ടി വിടില്ല. അഭ്യൂഹങ്ങളെല്ലാം ബിജെപി സൃഷ്ടിക്കുന്നതാണ്. കമൽനാഥ് ഞങ്ങളുടെ മുതിർന്ന നേതാവാണ്. ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട ഇന്നത്തെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും’’– ജിതേന്ദ്ര സിങ് പറഞ്ഞു.
ഈ മാസം ആദ്യം ചിന്ദ്വാരയിൽ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു നകുൽനാഥ് രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെയാണ് കമൽനാഥും നകുൽനാഥും ബിജെപിയിലേക്ക് എന്ന അഭ്യൂഹം ശക്തമാകുന്നത്. കമൽനാഥുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ അദ്ദേഹം കോൺഗ്രസ് വിടില്ലെന്നു പറയുമ്പോഴും അഭ്യൂഹങ്ങളോടു പ്രതികരിക്കാൻ കമൽനാഥ് ഇതുവരെ തയാറായിട്ടില്ല.