200 അംഗ സംഘം 12 ദിവസമായി പരിശ്രമിച്ചിട്ടും പിടികൊടുത്തില്ല; ബേലൂർ മഖ്ന കർണാടകയിൽ
Mail This Article
മാനന്തവാടി ∙ പടമല പനച്ചിയിൽ അജീഷിന്റെ ജീവനെടുത്ത ബേലൂർ മഖ്ന എന്ന മോഴയാന കഴിഞ്ഞ 2 ദിവസമായി കർണാടക വനത്തിൽ തുടരുന്നതായി വനപാലകർ. 200 പേരോളം വരുന്ന വനപാലക സംഘം കഴിഞ്ഞ 12 ദിവസമായി പരിശ്രമിച്ചിട്ടും റേഡിയോ കോളർ ഘടിപ്പിച്ച ആനയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാത്രിയോടെ കേരള അതിർത്തി കടന്ന് കർണാടക വനത്തിലേക്കു പോയ ആന പിന്നീട് മരക്കടവിൽ എത്തിയെങ്കിലും തിരിച്ചുപോയി.
Read Also: യുവകർഷകന്റെ മരണം: ദില്ലി ചലോ മാർച്ച് രണ്ടു ദിവസത്തേക്ക് നിർത്തിവച്ച് കർഷക സംഘടനകൾ...
റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ വനപാലകർ പരിശോധിക്കുകയാണ്. അതിർത്തി കടന്ന് വീണ്ടും കേരളത്തിലെ ജനവാസ കേന്ദ്രങ്ങളിലേക്കു പ്രവേശിക്കുന്നതു തടയുന്നതിനായി ജാഗ്രത പുലർത്തുന്നുണ്ട്. ഹൈദരാബാദിൽ നിന്നുള്ള വന്യജീവി വിദഗ്ധനായ നവാബ് അലിഖാനും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള 4 പേരടങ്ങുന്ന സംഘവും വനംവകുപ്പിന്റെ അഭ്യർഥന പ്രകാരം ദൗത്യസംഘത്തിനു സാങ്കേതിക സഹായവും ഉപദേശവും നൽകുന്നതിന് എത്തിച്ചേർന്നിട്ടുണ്ട്.