എസ്എഫ്ഐഒ അന്വേഷണത്തിന് എതിരായ കെഎസ്ഐഡിസി ഹർജി: കക്ഷി ചേരാൻ ഷോൺ ജോർജ്
Mail This Article
കൊച്ചി∙ എസ്എഫ്ഐഒ അന്വേഷണത്തിന് എതിരായ കെഎസ്ഐഡിസിയുടെ ഹർജിയിൽ കക്ഷി ചേരാൻ ബിജെപി നേതാവ് ഷോൺ ജോർജ് അപേക്ഷ നൽകി. തിങ്കളാഴ്ച ഹർജി ഹൈക്കോടതി പരിഗണിക്കും. കോർപറേറ്റ് ഫ്രോഡിൽ കെഎസ്ഐഡിസിക്കു പങ്കുണ്ടെന്നു ഷോൺ ജോർജ് പറഞ്ഞു. എക്സാലോജിക്–സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്നായിരുന്നു എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കെഎസ്ഐഡിസി നൽകിയ ഹർജി പരിഗണിക്കവെ നേരത്തേ ഹൈക്കോടതി പറഞ്ഞത്.
Read Also: ‘അന്വേഷണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നത് എന്തിന്’; കെഎസ്ഐഡിസി ഹർജിയിൽ ഹൈക്കോടതി
ജനുവരി 31നാണ് എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം എസ്എഫ്ഐഒയ്ക്ക് വിടാൻ കേന്ദ്ര സർക്കാര്‍ തീരുമാനിച്ചത്. സിഎംആർഎല്ലിന്റെ ഡയറക്ടർ ബോർഡിൽ കെഎസ്ഐഡിസി പ്രതിനിധിയും ഉണ്ട് എന്നതാണ് ഈ പൊതുമേഖലാ സ്ഥാപനത്തേയും അന്വേഷണ പരിധിയിൽ കൊണ്ടുവന്നത്. വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ കൈമാറിയത് ഐടി, മാനേജ്മെന്റ് അധിഷ്ഠിത സേവനങ്ങളുടെ പ്രതിഫലമായാണ് എന്ന സിഎംആർഎൽ വാദം തെറ്റാണെന്നു കണ്ടെത്തിയതോടെയാണ് ഈ ഇടപാടിൽ കോർപറേറ്റ് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.