ബംഗാളിൽ തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കും; കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് അഭിഷേക് ബാനർജി
Mail This Article
കൊൽക്കത്ത ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം നിഷേധിച്ച് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ബംഗാളിലെ മുഴുവൻ സീറ്റിലും തൃണമൂൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ മുഖ്യമന്ത്രി മമതാ ബാനർജിയും ഈ നിലപാട് എടുത്തിരുന്നു.
Read also: ലോക്സഭാ തിരഞ്ഞെടുപ്പിൽ മമതയും കൂടെ വേണമെന്ന് കോൺഗ്രസ്; ഇടതിനൊപ്പം മത്സരിക്കാനാണ് ഇഷ്ടമെന്ന് അധീർ
ഉത്തർപ്രദേശിലും ഡൽഹിയിലും സീറ്റ് വിഭജന ചർച്ച വിജയകരമായി പൂർത്തിയാക്കിയ കോൺഗ്രസിനു ബംഗാളിലെ തൃണമൂലിന്റെ നിലപാട് തിരിച്ചടിയാകും. ബംഗാളിൽ 42 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ തൃണമൂൽ 22 സീറ്റും ബിജെപി 18 സീറ്റും നേടിയപ്പോൾ കോൺഗ്രസ് രണ്ടു സീറ്റിൽ ഒതുങ്ങിയിരുന്നു. തൃണമൂലും കോൺഗ്രസും തമ്മിൽ വാക്പോര് കടുക്കുന്നതിനിടെയാണ് അഭിഷേകിന്റെ പ്രഖ്യാപനം.
ബംഗാളിൽ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് മമത ആവർത്തിക്കുമ്പോൾ, സഖ്യത്തിനു വീണ്ടും സാധ്യതയുണ്ടെന്നാണു കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറയുന്നത്. എന്നാൽ ബംഗാളിൽ ഇടതുപക്ഷത്തിനൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ബംഗാൾ കോൺഗ്രസ് പ്രസിഡന്റും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ അധീർ രഞ്ജൻ ചൗധരി അഭിപ്രായപ്പെട്ടത്. കോൺഗ്രസ് സംസ്ഥാനത്ത് ഒറ്റയ്ക്കു മത്സരിക്കുമെന്നും സഖ്യം സംബന്ധിച്ച് മമത കൃത്യമായ ഉത്തരം നൽകണമെന്നും അധീർ പറഞ്ഞിരുന്നു.