കൊല്ലം ആര്യങ്കാവിൽ ലോറി റെയിൽവേ ട്രാക്കിൽ പതിച്ച് അപകടം; ഡ്രൈവർ മരിച്ചു, സഹായിക്ക് ഗുരുതര പരുക്ക്
Mail This Article
ആര്യങ്കാവ്∙ റെയിൽവേ പാളത്തിലേക്കു ലോറി മറിഞ്ഞു തമിഴ്നാട് സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം. തിരുനെൽവേലി മുക്കുടൽ സ്വദേശി മണികണ്ഠനാണ് മരിച്ചത്. ഡ്രൈവർക്കൊപ്പം ലോറിയിലുണ്ടായിരുന്ന സഹായി പെരുമാളിനെ (28) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടമായ ലോറി കൊല്ലം – തിരുമംഗലം ദേശീയപാതയിൽ നിന്നും 50 അടി താഴ്ചയിൽ റെയിൽവേ ട്രാക്കിലേക്കു പതിക്കുകയായിരുന്നു. കേരളത്തിൽനിന്നും തമിഴ്നാട്ടിലേക്കു പ്ലൈവുഡ് കയറ്റിപ്പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Read Also: പെൺകുട്ടിയെ വഴിയിൽ വച്ചു ബലമായി ബൈക്കിൽ കയറ്റി കൊണ്ടുപോയി; യുവാവ് അറസ്റ്റിൽ
വീഴ്ചയുടെ ആഘാതത്തിൽ ലോറി പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് തമിഴ്നാട്ടിൽ നിന്നും ആറ്റുകാൽ പൊങ്കാലയ്ക്കുള്ള സ്പെഷൽ ട്രെയിൻ റദ്ദാക്കി. ട്രെയിൻ വരുന്നതിനു മിനിറ്റുകൾക്കു മുൻപാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുനിന്നും 200 മീറ്റർ അകലെയുണ്ടായിരുന്ന നാട്ടുകാർ അപകട സിഗ്നൽ നൽകി ട്രെയിൻ നിർത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അപകടം നടന്നു മണിക്കൂറുകൾക്കു ശേഷമാണ് കൊല്ലം ചെങ്കോട്ട പാതയിൽ ഗതാഗതം പുനരാരംഭിച്ചത്.