ADVERTISEMENT

ഫത്തേപ്പുർ∙ ഓൺലൈൻ ഗെയിമിന് അടിമയായ യുവാവ് കടബാധ്യത തീർക്കാൻ ഇൻഷുറൻസ് പണം തട്ടുന്നതിനായി അമ്മയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഫത്തേപ്പുരിലാണ് സംഭവം. ഫത്തേപുർ സ്വദേശിയായ ഹിമാൻഷു എന്ന യുവാവാണ് അമ്മയെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ ഗെയിം കളിച്ച് ഹിമാൻഷു നാലു ലക്ഷത്തോളം രൂപ കടത്തിലായിരുന്നുവെന്നാണ് വിവരം.

ഹിമാൻഷു ഓൺലൈൻ ഗെയിമിന് അടിമയായിരുന്നു. തുടർച്ചയായി നഷ്ടം സംഭവിച്ചെങ്കിലും ഗെയിമിനോടുള്ള ആസക്തിയാൽ ഇയാൾ പണം കടം വാങ്ങി കളി തുടർന്നു. കുറച്ചുനാൾ പിന്നിട്ടപ്പോഴാണ് താൻ നാലു ലക്ഷം രൂപയുടെ കടക്കാരനാണെന്ന് ഇയാൾ തിരിച്ചറിയുന്നത്. ഇതോടെ കടം എങ്ങനെയും വീട്ടാനുള്ള തത്രപ്പാടായി. എങ്ങനെ തിരികെ കൊടുക്കുമെന്ന് ആലോചിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക കൈപ്പറ്റി കടം തീർക്കാം എന്ന ചിന്തയിലേക്ക് ഇയാൾ എത്തുന്നത്.

അമ്മായിയുടെ ആഭരണങ്ങൾ മോഷ്ടിച്ച് വിറ്റുകിട്ടിയ പണം കൊണ്ട് ഇയാൾ രക്ഷിതാക്കളുടെ പേരിൽ ഇൻഷുറൻസ് പോളിസികൾ ചേർന്നു. അച്ഛൻ വീട്ടിൽ ഇല്ലാത്ത ദിവസം നോക്കി അമ്മ പ്രഭയെ കൊലപ്പെടുത്തി. മൃതശരീരം  ചാക്കിലാക്കി ട്രാക്ടറിൽ യമുനയിൽ‌ കൊണ്ടുതള്ളി.

ഇതിനിടെ, ഹിമാൻഷുവിന്റെ പിതാവ് റോഷൻ സിങ് വീട്ടിലെത്തിയപ്പോൾ ഭാര്യയെയും മകനെയും വീട്ടിൽ കണ്ടില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. അപ്പോഴാണ് ഹിമാൻഷുവിനെ ട്രാക്ടറുമായി യമുനാതീരത്ത് കണ്ടതായി ഒരു അയൽക്കാരൻ വെളിപ്പെടുത്തുന്നത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലിൽ യമുനയിൽ നിന്ന് പ്രഭയുടെ മൃതദേഹം കണ്ടെത്തി. ഹിമാൻഷുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.

‘‘അമ്മയെ കൊലപ്പെടുത്തിയ ശേഷം ഹിമാൻഷു ഒളിവിലായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തി. കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി’’ – മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിജയ് ശങ്കർ മിശ്ര വ്യക്തമാക്കി.

English Summary:

A young man addicted to online games killed his mother to get insurance money to settle his debts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com