എംജി സർവകലാശാല കലോത്സവത്തിന് കോട്ടയത്ത് തുടക്കം
Mail This Article
കോട്ടയം ∙ എംജി സർവകലാശാല കലോത്സവത്തിന് കോട്ടയത്ത് തുടക്കം. എം.മുകേഷ് എംഎൽഎയാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. കലയുടെയും സാഹിത്യത്തിന്റെയും അടിത്തറയിലാണു സംസ്ഥാനത്തെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ എത്തിയതെന്ന് കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുകേഷ് പറഞ്ഞു.
സർവകലാശാലാ യൂണിയൻ ചെയർമാൻ രാഹുൽമോൻ രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ.വാസവൻ മുഖ്യാതിഥിയായിരുന്നു. നടൻ വിജയരാഘവൻ, നടനും സംവിധായകനുമായ എം.എ.നിഷാദ്, നടി ദുർഗാ കൃഷ്ണ എന്നിവരെ ആദരിച്ചു. കലാജാഥയിൽ മികച്ച പ്രകടനം നേടിയ കോളജുകൾക്കു തോമസ് ചാഴികാടൻ എംപി പുരസ്കാരം നൽകി.
എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദകുമാർ, സംഘാടക സമിതി ജനറൽ കൺവീനർ മെൽബിൻ ജോസഫ്, യൂണിയൻ ജനറൽ സെക്രട്ടറി അജിൻ തോമസ് എന്നിവർ പ്രസംഗിച്ചു. മാർച്ച് മൂന്നു വരെ കോട്ടയത്തെ 9 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ എംജി സർവകലാശാലയിലെ ഏഴായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. 74 ഇനങ്ങളിൽ മത്സരം നടക്കും.