ADVERTISEMENT

കൊല്ലം∙ കേരളത്തിനെതിരെ വൻ വ്യാജപ്രചരണങ്ങൾ നടത്തപ്പെടുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് തൊഴിൽ മേഖലയിലുള്ളവരുമായി നടത്തിയ മുഖാമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ നാട് വ്യവസായസൗഹൃദവും തൊഴിൽസൗഹൃദവുമല്ല എന്നും മലയാളികൾ നാടിനു പുറത്തുപോയി മാത്രം ജോലി ചെയ്യുന്നവരാണെന്നുമൊക്കെയാണ് ബോധപൂർവം പ്രചരിപ്പിക്കുന്നത്. ഇതു കേരളത്തിലേക്ക് വരാൻ താൽപര്യമുള്ള പുതിയ വ്യവസായങ്ങളെ തടയാനുള്ള ഒരു തന്ത്രമാണ് എന്നത് നാം മനസ്സിലാക്കണം. ഏതായാലും കേരളം വ്യവസായസൗഹൃദമാണെന്ന് തെളിയിക്കാനും അത്തരത്തിലുള്ള ഒരു പൊതുബോധം ദേശീയതലത്തിൽ തന്നെ സൃഷ്ടിക്കാനും വലിയ തോതിൽ നമുക്കിന്ന് കഴിഞ്ഞിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആധുനിക ജനാധിപത്യ റിപബ്ലിക് ആയ ഇന്ത്യയും ഭരണഘടനയും ഇന്ന് പലവിധ വെല്ലുവിളികളെ നേരിടുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ബഹുസ്വരതയും മതനിരപേക്ഷതയും ഫെഡറലിസവും പാർലമെന്ററി ജനാധിപത്യവും വെല്ലുവിളി നേരിടുന്ന ഇന്നത്തെ ഘട്ടത്തിൽ തൊഴിലാളികളുടെ സംഘടിതമായ ഇടപെടൽ തന്നെയാണ് രാജ്യത്തിനു വഴികാട്ടിയാകേണ്ടത്.  ഇതിനെ ക്രിയാത്മകമായി മുറിച്ചുകടക്കണമെങ്കിൽ രാജ്യത്തിന്റെ ഫെഡറൽ സാമ്പത്തികബന്ധങ്ങളെ കാലോചിതമായി സംസ്ഥാനങ്ങൾക്ക് സഹായകമാംവിധം അഴിച്ചുപണിയേണ്ടതുണ്ട്. അതിനായി ദേശീയ തലത്തിൽത്തന്നെ അഭിപ്രായസമന്വയം ഉണ്ടാക്കാനുള്ള മുൻകൈകൾ നമ്മൾ എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം
കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിച്ചുകൊണ്ട് ഒരു നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മുഖാമുഖം പരിപാടി. ലോകത്താകെയുള്ള നൂതന ആശയങ്ങളെ കേരളത്തിലേക്ക് ആകർഷിക്കാനും അവയെ പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിൽ ജനങ്ങളുടെ കഴിവുകളെ വികസിപ്പിക്കാനും ശ്രമിക്കുന്നത് ഈ നവകേരള നിർമ്മാണത്തിന്റെ ഭാഗമായാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയെ സമൂലമായി പരിഷ്‌ക്കരിച്ചും ഇവിടെ വ്യത്യസ്ത മേഖലകളിലുള്ള മികവിന്റെ കേന്ദ്രങ്ങൾ ഒരുക്കിയും ഗവേഷണ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ  ശക്തിപ്പെടുത്തണം. എന്നാൽ ഇതേസമയം തന്നെ കാർഷിക-വ്യാവസായിക മേഖലകളിൽ ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽ തൊഴിലെടുത്തുകൊണ്ടിരിക്കുന്നവരെ ഈ മുന്നേറ്റത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുകയാണ്. തൊഴിലാളികൾക്കുവേണ്ടി ശേഷിവികസന പ്രവർത്തനങ്ങൾ നടത്തിയും പരമ്പരാഗത വ്യവസായങ്ങളെ ഉൾപ്പെടെ കാലാനുസൃതമായി പരിഷ്‌ക്കരിക്കാനുള്ള ഇടപെടലുകൾ നടത്തിയുമാണ് ഇത് സാധ്യമാക്കാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ആ മേഖലകളിലാകെയുള്ള തൊഴിലാളികളുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. തൊഴിലാളികളുടെ നവകേരള കാഴ്ചപ്പാടുകൾ എന്താണ് എന്നും നവകേരള നിർമ്മിതിയിൽ അവർ എങ്ങനെയാണ് പങ്കാളികളാകാൻ താത്പര്യപ്പെടുന്നത് എന്നും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

മുൻകാലങ്ങളിൽ കർഷകത്തൊഴിലാളികളും പരമ്പരാഗത തൊഴിലാളികളും മാത്രമാണു നമ്മുടെ നാട്ടിലുണ്ടായിരുന്നത്. പിന്നീട് ഒരു ഘട്ടത്തിൽ വ്യാവസായിക തൊഴിലാളികളും വന്നു. ഇപ്പോഴാകട്ടെ, സാങ്കേതികവിദ്യകളെ ഉൾപ്പെടെ പ്രയോജനപ്പെടുത്തുന്ന അഭ്യസ്തവിദ്യരും നൂതനശേഷികൾ ഉള്ളവരുമായ തൊഴിലാളികൾ ഇന്നു നമുക്കുണ്ട്. ഈ എല്ലാ വിഭാഗം തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ്  സർക്കാരിന്റെ നിലപാട്. എന്നാൽ, പുതിയ തൊഴിലുകൾ പഴയ തൊഴിലുകളെ അപഹരിക്കും എന്ന പ്രചരണവും നിലവിലുള്ള തൊഴിലാളികളുടെ ഐക്യത്തെ തന്നെ ശിഥിലീകരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്.  തൊഴിലാളികളുടെ ഐക്യം ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ നാടിനു മുന്നേറാനാവൂ. തൊഴിലാളി ഐക്യത്തെ ശക്തിപ്പെടുത്തുന്ന വിധത്തിൽ പുതിയ തൊഴിലുകളും പുതിയ സാങ്കേതികവിദ്യകളും ഒന്നും പഴയ തൊഴിലുകളെ അപഹരിക്കുകയോ പഴയ തൊഴിലാളികളുടെ ഉപജീവനമാർഗത്തെ ഇല്ലാതാക്കുകയോ ചെയ്യില്ല എന്നുറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണ് സർക്കാർ.

തൊഴിലാളികൾ എവിടെയും സമാനതകളില്ലാത്ത ഒരു കൂട്ടമാണ്. തൊഴിൽ ഉണ്ടെങ്കിൽ മാത്രം ജീവിക്കുകയും തൊഴിൽ ഇല്ലെങ്കിൽ ജീവിതമില്ലാതാവുകയും ചെയ്യുന്ന വർഗം. അതുകൊണ്ടുതന്നെ എല്ലാ വ്യത്യാസങ്ങൾക്കും അതീതമായ തൊഴിലാളികളുടെ ഐക്യമാണ് ഉണ്ടാവേണ്ടത്. ഏതു സമൂഹത്തിന്റെയും പുരോഗതിയുടെ  മുഖ്യചാലകശക്തിയാകേണ്ടത് അതാണ്. ഈ ചിന്തയോടെയാണ് എല്ലാ തൊഴിലാളി വിഭാഗങ്ങളുടെയും പ്രതിനിധികളുമായുള്ള സംവാദം നിശ്ചയിച്ചത്. ആധുനിക ജനാധിപത്യ റിപബ്ലിക് ആയ ഇന്ത്യ എന്ന മഹത്തായ ആശയവും ആ ആശയത്തിന്റെ ആവിഷ്‌കാരമായ ഭരണഘടനയും ഇന്നു പലവിധ വെല്ലുവിളികളെ നേരിടുകയാണ്. ബഹുസ്വരതയും മതനിരപേക്ഷതയും ഫെഡറലിസവും പാർലമെന്ററി ജനാധിപത്യവും വെല്ലുവിളി നേരിടുന്ന ഇന്നത്തെ ഘട്ടത്തിൽ തൊഴിലാളികളുടെ സംഘടിതമായ ഇടപെടൽ തന്നെയാണ് രാജ്യത്തിനു വഴികാട്ടിയാകേണ്ടത്.  

കഴിഞ്ഞ  ദശകങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ നമുക്ക് അഭിമാനകരമാണ്. ഭൂമിയുടെ ഉൾപ്പെടെ വിഭവങ്ങളുടെയാകെ വിതരണം കഴിയുന്നത്ര സാധ്യമാക്കാൻ നമുക്കു കഴിഞ്ഞു. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാമൂഹിക ജീവിതനിലവാരം ആഗോള വികസിത നാടുകൾക്ക് ഒപ്പമെത്തിക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്നത്തെ നിലയിൽ നിന്നും മുൻപോട്ട് പോകാനാകട്ടെ, പല പരിമിതികൾ ഉണ്ടുതാനും. വിഭവത്തിന്റെ കാര്യത്തിലും അധികാരത്തിന്റെ കാര്യത്തിലും പരിമിതികളുണ്ട്. ഇതിനെ ക്രിയാത്മകമായി മുറിച്ചുകടക്കണമെങ്കിൽ രാജ്യത്തിന്റെ ഫെഡറൽ സാമ്പത്തികബന്ധങ്ങളെ കാലോചിതമായി സംസ്ഥാനങ്ങൾക്ക് സഹായകമാംവിധം അഴിച്ചുപണിയേണ്ടതുണ്ട്. അതിനായി ദേശീയ തലത്തിൽത്തന്നെ അഭിപ്രായസമന്വയം ഉണ്ടാക്കാനുള്ള മുൻകൈകൾ നമ്മൾ എടുക്കുന്നുണ്ട്. ലോക്കൗട്ടോ ലേ ഓഫോ ഒന്നും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. തൊഴിൽദിന നഷ്ടം ഏറ്റവും കുറവുള്ള സംസ്ഥാനവും നമ്മുടേതാണ്. എന്നിട്ടും, കേരളത്തിനെതിരെ വൻ വ്യാജപ്രചരണങ്ങൾ നടത്തപ്പെടുകയാണ്. ഈ നാട് വ്യവസായസൗഹൃദവും തൊഴിൽസൗഹൃദവുമല്ല എന്നും മലയാളികൾ നാടിനു പുറത്തുപോയി മാത്രം ജോലി ചെയ്യുന്നവരാണെന്നുമൊക്കെയാണ് ബോധപൂർവം പ്രചരിപ്പിക്കുന്നത്. ഇത് കേരളത്തിലേക്ക് വരാൻ താൽപര്യമുള്ള പുതിയ വ്യവസായങ്ങളെ തടയാനുള്ള ഒരു തന്ത്രമാണ് എന്നത് നാം മനസ്സിലാക്കണം. ഏതായാലും കേരളം വ്യവസായസൗഹൃദമാണെന്ന് തെളിയിക്കാനും അത്തരത്തിലുള്ള ഒരു പൊതുബോധം ദേശീയതലത്തിൽ തന്നെ സൃഷ്ടിക്കാനും വലിയ തോതിൽ നമുക്കിന്ന് കഴിഞ്ഞിരിക്കുന്നു. ഈ വഴിക്കുള്ള തുടർ ശ്രമങ്ങളിൽ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് ആദ്യമേതന്നെ അഭ്യർഥിക്കട്ടെ.

രാജ്യത്ത് ആദ്യമായി ഒരു തൊഴിൽനയം ആവിഷ്‌കരിച്ചത് കേരളത്തിലാണ് എന്ന് നിങ്ങൾക്കറിയാം. സംതൃപ്തവും സദാപ്രവർത്തനനിരതവുമായ ഒരു തൊഴിൽമേഖല സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്കും സമഗ്രവികസനത്തിനും അത്യന്താപേക്ഷിതമാണ് എന്ന ഉത്തമബോധ്യത്തിലാണ് തൊഴിൽ നയത്തിന് രൂപം കൊടുത്തത്. അതിന്റെ അടിസ്ഥാനത്തിൽ മികച്ച തൊഴിലിട സംസ്‌കാരം ഉറപ്പാക്കാനും, തൊഴിൽസംബന്ധമായ പ്രതിബന്ധങ്ങളെ സാമൂഹിക പ്രതിബദ്ധതയോടെ നേരിടാൻ തൊഴിലാളികളെ സജ്ജമാക്കാനും നമുക്ക് കഴിഞ്ഞു. ഇവിടെ മികച്ച നിലയിൽ മുന്നോട്ടുപോകുന്ന തൊഴിലാളി - തൊഴിലുടമ ബന്ധങ്ങൾ, കുറയുന്ന തൊഴിൽ കേസുകളും തർക്കങ്ങളും, വിവേചനരഹിത സ്ത്രീസൗഹൃദ തൊഴിലിടങ്ങൾ തുടങ്ങിയവയെല്ലാം പ്രത്യേകത ഉള്ളവയാണ്. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റു കൊണ്ടിരിക്കുമ്പോൾ, കേരളത്തിലുള്ള അത്തരം പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്ത് രാജ്യത്തിനുതന്നെ മുതൽക്കൂട്ടാക്കുകയും അവയിലെ തൊഴിലാളികളെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കുകയുമാണ് സംസ്ഥാനസർക്കാർ ചെയ്യുന്നത്. വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട് കമ്പനി, കാസർഗോഡ് ബിഇഎംഎൽ, പാലക്കാട്ടെ ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയവ കേരളം ഏറ്റെടുത്ത് നടത്തിവരുന്ന കാര്യം അറിയാവുന്നവരാണ് നിങ്ങൾ. 

നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ പൊതുമേഖല, സ്വകാര്യ മേഖല, ചെറുകിട വ്യവസായ മേഖല തുടങ്ങിയവയുടെ വിപുലീകരണം സാധ്യമാക്കി. കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റി.  ദേശീയപാത ഉൾപ്പെടെ പശ്ചാത്തല വികസന രംഗത്ത് വലിയ കുതിപ്പുണ്ടാക്കി. അതോടൊപ്പം അനുബന്ധ വികസനവും സാധ്യമാക്കി. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കി. ഇതോടെ കേരളത്തിൽ നിന്നുള്ള ചരക്ക് വ്യാപാരം വിപുലപ്പെടുകയും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഈ നിലയിൽ നമ്മുടെ തൊഴിൽമേഖലയെ പരിപോഷിപ്പിക്കുകയാണ് സർക്കാർ ചെയ്തുവരുന്നത്.

നമ്മുടെ നാട്ടിലെ അഭ്യസ്തവിദ്യരുടെ കഴിവുകൾ നാടിന്റെ അഭിവൃദ്ധിക്കായി മൂല്യവർദ്ധിത മേഖലയിൽ ഉപയോഗപ്പെടുത്തുന്നതിനായാണ് നോളജ് ബേസ്ഡ് ഡെവലപ്പ്‌മെന്റ് മിഷൻ ആരംഭിച്ചത്. എഞ്ചിനീയർമാർക്കും മറ്റു സാങ്കേതികവിദഗ്ദ്ധർക്കും അനിവാര്യമായ തൊഴിലിടം സൃഷ്ടിക്കാൻ ഈ പദ്ധതി ഉപയോഗപ്പെടും. കേരളത്തിൽ വളർന്നുവരുന്ന നൂതന സംരംഭക സ്ഥാപനങ്ങളും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കേരളത്തിന്റെ വ്യവസായ മേഖലയിലും എണ്ണപ്പെട്ട മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ യുവാക്കളെ തൊഴിൽ അന്വേഷകർ എന്നതിലുപരി തൊഴിൽദാതാക്കളും സംരംഭകരുമാക്കി മാറ്റാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ആശയങ്ങളെ ഉൽപന്നങ്ങളാക്കി പരിവർത്തിപ്പിക്കാൻ യുവാക്കൾക്കു പിന്തുണ നൽകുന്ന സ്റ്റാർട്ടപ്പ് നയമാണ് സർക്കാർ നടപ്പാക്കിവരുന്നത്. 2016ൽ സംസ്ഥാനത്ത് 300 സ്റ്റാർട്ടപ്പുകളാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ ഇന്ന് അവയുടെ എണ്ണം 5,000 കടന്നിരിക്കുന്നു. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗിലൂടെ കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയിൽ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ 778 സ്റ്റാർട്ടപ്പുകൾക്കായി 35 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.സംസ്ഥാനത്താകെ എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കുന്നതും സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകുന്നതും എല്ലാം അതിന്റെ ഭാഗമായാണ്. 

സംസ്ഥാനത്ത് 16 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് ഇതിനോടകം പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. എട്ടെണ്ണം നിലവിൽ സർക്കാരിന്റെ പരിഗണനയിലുമാണ്. ഇത്തരം പാർക്കുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുവേണ്ടി മൂന്നു കോടി രൂപ വരെയാണ് സംസ്ഥാന സർക്കാർ സബ്സിഡിയായി നൽകുന്നത്. അടുത്ത വർഷം 25 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ കഴിയുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ ഏകദേശം 92,000 കോടി രൂപയുടെ നിക്ഷേപം വന്നതായാണ് എംഎസ്എംഇ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ റിപ്പോർട്ട് പറയുന്നത്. അതിൽ 33,815 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കുകയും 5 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മുടങ്ങിക്കിടന്ന 12,240 കോടി രൂപയുടെ പദ്ധതികൾ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കേരളം 17.3 ശതമാനം വ്യാവസായിക വളർച്ച കൈവരിച്ചതായും ഈ റിപ്പോർട്ട് പറയുന്നു.

സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം 1,39,000 സംരംഭങ്ങൾ ആരംഭിക്കുന്നതിനും 8,500 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുന്നതിനും 3 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സൂക്ഷ്മ ഇടത്തരം വ്യവസായങ്ങളുടെ മേഖലയിൽ മാത്രം 2,35,000 ത്തോളം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 15,000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സംരംഭകവർഷം പദ്ധതിയുടെ തുടർച്ചയായി മിഷൻ 1000 പദ്ധതി ആവിഷ്‌ക്കരിച്ചുവരികയാണ്. കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1,000 എംഎസ്എംഇകളെ നാലു വർഷത്തിനുള്ളിൽ ആകെ ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റിത്തീർക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനോടകം തന്നെ 552 അപേക്ഷകൾ ലഭിച്ചു കഴിഞ്ഞു. ഇതിൽ 88 എണ്ണത്തിന്റെ പരിശോധന പൂർത്തിയാക്കുകയും അവയെ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അസംഘടിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ തൊഴിലാളികളെയും തൊഴിൽ മേഖലകളെയും മുഖ്യധാരയുടെ ഭാഗമാക്കുന്നതിനായി ശ്രദ്ധേയമായ ഇടപെടലുകളാണ് തൊഴിലും നൈപുണ്യവും വകുപ്പ് നടത്തിവരുന്നത്. അവയിലേറെയും രാജ്യത്തിനുതന്നെ മാതൃകാപരമായ പദ്ധതികളാണ്. അവയെക്കുറിച്ചെല്ലാം ഇവിടെ പറയുക പ്രായോഗികമല്ല. എങ്കിലും, പ്രധാനപ്പെട്ട ചിലത് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നതും ഏറ്റവും കൂടുതൽ തൊഴിൽ മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ചതുമായ സംസ്ഥാനം കേരളമാണ്. പ്രതിദിനം ശരാശരി 837.30 രൂപ ലഭിക്കുന്ന കേരളത്തിലെ തൊഴിലാളികൾക്കാണ് നിർമ്മാണമേഖലയിൽ ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്നതെന്ന് റിസർവ് ബാങ്കിന്റെയും കേന്ദ്ര സർക്കാരിന്റെയും കണക്കുകൾ വ്യക്തമാക്കുന്നു. കാർഷിക-കാർഷികേതര നിർമ്മാണ മേഖലകളിൽ ദേശീയ ശരാശരിയേക്കാൾ ഇരട്ടിയിലധികം കൂലിയാണ് കേരളത്തിലെ തൊഴിലാളിക്ക് പ്രതിദിനം ലഭിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കേരളം രാജ്യത്തിനു മാതൃകയാകുന്നതിനെക്കുറിച്ചാണ് പൊതുവിൽ ചർച്ച ചെയ്യപ്പെടാറുള്ളത്. എന്നാൽ, തൊഴിൽമേഖലയിലും കേരളം രാജ്യത്തിനു മാതൃകയാണ് എന്നതാണ് വസ്തുത. തൊഴിൽനയത്തിന്റെ കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. രാജ്യത്ത് 84 തൊഴിൽ മേഖലകളിൽ മിനിമം വേതനം പുതുക്കിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്. ഇതു കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും. സ്ത്രീ തൊഴിലാളികൾക്കു തൊഴിലിടങ്ങളിൽ ഇരിക്കാനുള്ള അവകാശം ഉറപ്പാക്കിക്കൊണ്ടും സംസ്ഥാനം  മാതൃകയായിത്തീർന്നിട്ടുണ്ട്.

തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും സാമൂഹിക, സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്ത് 16 ക്ഷേമനിധി ബോർഡുകൾ നിലവിലുണ്ട്. ഇതിൽ 70 ലക്ഷത്തിലധികം അംഗങ്ങളുമുണ്ട്. ഇതുകൂടാതെ അസംഘടിതരായ തൊഴിലാളികൾക്കായി പ്രത്യേക ക്ഷേമനിധി സംവിധാനവും നിലവിലുണ്ട്. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം വിവിധ ക്ഷേമനിധി ബോർഡുകൾ വഴി തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും നാളിതുവരെ 2,764.37 കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം എന്ന പ്രത്യേക സോഫ്റ്റ്‌വെയറിലൂടെ മുഴുവൻ തൊഴിലാളി ക്ഷേമനിധി ബോർഡുകളെയും ഓൺലൈൻ സംവിധാനത്തിന് കീഴിലാക്കി. അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് ഇത് സഹായകരമായിട്ടുണ്ട്.

കേരളത്തിലെ തൊഴിൽമേഖലയിൽ അതിഥിതൊഴിലാളികളുടെ എണ്ണം ചെറുതല്ല. മറ്റു സംസ്ഥാനക്കാർ എന്ന നിലയിൽ അവരെ മാറ്റിനിർത്തുകയല്ല, മറിച്ച്, ചേർത്തുപിടിക്കുകയാണ് സംസ്ഥാനസർക്കാർ ചെയ്യുന്നത്. അതിഥി തൊഴിലാളികൾക്ക് ഇത്രയധികം ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. രാജ്യത്താദ്യമായി അതിഥി തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം കേരളമാണ്. 25,000 രൂപയുടെ സൗജന്യ ചികിത്സാസഹായം, അപകടത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ, അംഗവൈകല്യം സംഭവിക്കുന്നവർക്ക് 1 ലക്ഷം രൂപ എന്നിങ്ങനെയാണ് സഹായം. മാത്രമല്ല, മരണമടയുന്ന അതിഥി തൊഴിലാളികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവും സർക്കാരാണ് വഹിക്കുന്നത്. അതിഥി തൊഴിലാളികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി എല്ലാ ജില്ലകളിലും ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകൾ, താമസത്തിനായി അപ്നാഘർ ഫ്‌ളാറ്റുകളും ഹോസ്റ്റലുകളും, സുരക്ഷിത പാർപ്പിടസൗകര്യം അന്വേഷിക്കുന്നവർക്ക് ആശ്രയിക്കാവുന്ന തരത്തിൽ ആലയ സോഫ്റ്റ്‌വെയർ, രജിസ്‌ട്രേഷനായി അതിഥി ആപ്പും, അതിഥി പോർട്ടലും തുടങ്ങി ധാരാളം പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

രാജ്യത്ത് തൊഴിൽ മികവിനും മികച്ച തൊഴിലിടങ്ങൾക്കും പുരസ്‌കാരം നൽകുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന 'തൊഴിലാളി ശ്രേഷ്ഠ' പുരസ്‌കാരം 19 മേഖലകളിലെ മികച്ച തൊഴിലാളികൾക്ക് നൽകിവരുന്നുണ്ട്. കൂടാതെ മികച്ച 11 തൊഴിലിടങ്ങൾക്ക് മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡും നൽകിവരുന്നുണ്ട്. തൊഴിലിടങ്ങളിൽ ലിംഗനീതി ഉറപ്പാക്കുന്നതിന് ഒട്ടേറെ നടപടികൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്.  രാത്രികാലങ്ങളിലും തൊഴിലെടുക്കുന്നതിന് സ്ത്രീകൾക്ക് അവസരമൊരുക്കി. ഒപ്പം അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സഹജ കോൾ സെന്റർ ആരംഭിച്ചത് ഇതിന്റെ ഭാഗമായാണ്. നഗരങ്ങളിലെ സ്ത്രീ തൊഴിലാളികൾക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കുന്നതിന് സ്റ്റുഡിയോ അപാർട്ട്‌മെന്റ്‌സ് പദ്ധതി നടപ്പാക്കി. ഇതിനായി മേനംകുളം കിൻഫ്ര ഇന്റർനാഷണൽ അപ്പാരൽ പാർക്കിനുള്ളിൽ ഭൂമി പാട്ടത്തിന് എടുത്തു. 272.04 ചതുരശ്ര അടി വീസ്തീർണത്തിൽ 130 അപാർട്ട്‌മെന്റുകളാണ് ഇവിടെ നിർമ്മിക്കുന്നത്. കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്നതും അസംഘടിതവുമായ ഗാർഹിക മേഖലയിലെ തൊഴിലാളികൾക്ക് അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം നൽകി. വിവിധ ആനുകൂല്യങ്ങൾക്കു പുറമെ, മറ്റ് പെൻഷനുകൾ ഇല്ലെങ്കിൽ ക്ഷേമപെൻഷനും, പതിനായിരം രൂപ വരെ ചികിത്സാ സഹായവും ഗാർഹിക തൊഴിലാളികൾക്ക് ലഭിക്കും.

നിരവധി തൊഴിലാളികളാണ് കേരളത്തിന്റെ ട്രാൻസ്‌പോർട്ട് മേഖലയിൽ പ്രവർത്തിക്കുന്നത്. അതിൽത്തന്നെ സവിശേഷ പ്രാധാന്യമർഹിക്കുന്നതാണ് കെഎസ്ആർടിസി. 2011-16 കാലയളവിൽ 1,463.86 കോടി രൂപയാണ് സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ചത്. എന്നാൽ, 2016 മുതൽക്കിങ്ങോട്ട് ഇതേവരെ സംസ്ഥാന സർക്കാർ 9,920.05 കോടി രൂപയാണ് കെഎസ്ആർടിസിക്ക് അനുവദിച്ചിട്ടുള്ളത്. ബജറ്റിൽ നിന്നും ബജറ്റേതര മാർഗങ്ങളിലൂടെയും സംസ്ഥാന സർക്കാർ കെഎസ്ആർടിസിയെ സഹായിക്കാറുണ്ട്. ഈ വർഷം സംസ്ഥാന ബജറ്റിൽത്തന്നെ കെഎസ്ആർടിസിയുടെ വിവിധ പ്രവർത്തനങ്ങൾക്കായി 128.54 കോടി രൂപയും പരിസ്ഥിതി സൗഹൃദ ബിഎസ് 6 നിലവാരത്തിലുള്ള ബസുകൾ വാങ്ങാനായി 92 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ കെഎസ്ആർടിസിയെ എത്രമാത്രം സഹായിക്കുന്നുണ്ടെന്നും അതിന്റെ പുനരുദ്ധാരണത്തിന് എത്രത്തോളം പ്രതിജ്ഞാബദ്ധമാണെന്നും തെളിയിക്കുന്നതാണ് ഈ കണക്കുകൾ.

പരമ്പരാഗത മേഖലകളുടെ കാര്യമെടുത്താലും ഇത്തരത്തിലുള്ള പ്രതിബദ്ധത വ്യക്തമാണ്. കൈത്തറി മേഖലകളിലുള്ളവർക്ക് ആശ്വാസം പകരുന്ന വിധത്തിലാണ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോമുകൾ ലഭ്യമാക്കുന്നത്. കശുവണ്ടി മേഖലയിലുള്ളവർക്ക് ആശ്വാസം പകരാനായി അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്യുന്നതടക്കമുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കയർ ഉൾപ്പെടെയുള്ള പരമ്പരാഗത മേഖലകളുടെ ആധുനികവൽക്കരണത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും പ്രത്യേകമായി തുക വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇന്ത്യയ്ക്കകത്തും പുറത്തും നിന്ന് അസംസ്‌കൃത കശുവണ്ടി ശേഖരിച്ച് കേരളത്തിലെ കശുവണ്ടി വ്യവസായ മേഖലയിൽ വിതരണം ചെയ്യുന്നതിനായി 166.70 കോടി രൂപ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ കേരള കാഷ്യൂ ബോർഡിന് അനുവദിച്ചിട്ടുണ്ട്. ഇത്തവണത്ത ബജറ്റിൽ റിവോൾവിങ് ഫണ്ടായി ബോർഡിന് 40.81 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കശുവണ്ടി വ്യവസായത്തെയും തൊഴിലാളികളെയും സഹായിക്കാൻ ഉദ്ദേശിക്കുന്ന കശുവണ്ടി പുനരുജ്ജീവന പദ്ധതിക്ക് 30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

ഇത്തവണത്തെ ബജറ്റിൽ നെയ്ത്തുകാരുടെയും അനുബന്ധ തൊഴിലാളികളുടെയും ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനായി 4.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കൈത്തറി ഗ്രാമങ്ങൾ രൂപീകരിക്കുന്ന പദ്ധതിക്ക് 4 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൈത്തറി - യന്ത്രത്തറി മേഖലയ്ക്കായി ആകെ 51.89 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കയർ മേഖലയുടെ പുനരുജ്ജീവനത്തിനും ആധുനികവൽക്കരണത്തിനുമായി 32 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഗവേഷണ വികസന പദ്ധതികൾക്കായി 7 കോടി രൂപയും ആ മേഖലയിൽ വകയിരുത്തിയിട്ടുണ്ട്. കയറിന്റെ വിലസ്ഥിരത ഉറപ്പുവരുത്തുന്നതിനായി 38 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

കശുവണ്ടി വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം അടിസ്ഥാന ശമ്പളത്തിന്റെ 23% വർധിപ്പിച്ചു. സംസ്ഥാനത്തെ തേയില, കാപ്പി, റബ്ബർ, ഏലം തുടങ്ങിയ തോട്ടം മേഖലകളിലെ തൊഴിലാളികളുടെ വേതനം 2022 ഡിസംബർ മാസത്തിലെ അടിസ്ഥാന ശമ്പളത്തോടൊപ്പം 41 രൂപ കൂടി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. 2023 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തിലാണ് വർധനവ് വരുത്തിയിട്ടുള്ളത്. ബീഡി, ഖാദി, ഈറ്റ, കാട്ടുവള്ളി, മത്സ്യം, കയർ എന്നീ പരമ്പരാഗത തൊഴിൽ മേഖലകളിലെ മിനിമം വേതനത്തിലുള്ള കുറവ് പരിഹരിക്കുന്നതിന് ഇൻകം സപ്പോർട്ട് സ്‌കീം എന്ന പ്രത്യേക പദ്ധതി നടപ്പാക്കിവരുന്നുണ്ട്. അസംഘടിത മേഖലയിലുള്ളവർക്കും, താഴ്ന്ന വരുമാനക്കാരായ തെഴിലാളികൾക്കുമായി ജനനി ഭവന പദ്ധതി നടപ്പാക്കിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇടുക്കി അടിമാലിയിൽ 217 അപാർട്ട്‌മെന്റുകൾ നിർമ്മിച്ചു ഗുണഭോക്താക്കൾക്ക് കൈമാറി. എറണാകുളം ജില്ലയിലെ പോഞ്ഞശ്ശേരിയിൽ 12 നിലകളിലായി 74 അപാർട്ട്‌മെന്റുകളും നിർമിച്ചു. തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് തൊഴിലിടത്തിനടുത്ത് പാർപ്പിട സൗകര്യം ഒരുക്കുന്നതിനായി 'ഓൺ യുവർ ഓൺ ഹൗസിംഗ്' പദ്ധതി ആരംഭിച്ചു. മൂന്നാറിലെ, കെ ഡി എച്ച് വില്ലേജിൽ 9 സ്വതന്ത്ര വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി തോട്ടം തൊഴിലാളികൾക്ക് കൈമാറി. കുളത്തൂപ്പുഴയിലെ തിങ്കൾകരിക്കം വില്ലേജിൽ ആർപിഎല്ലിന്റെ കൈവശമുള്ള അഞ്ചേക്കർ സ്ഥലത്ത് ഇരട്ട ഭവന മാത്യകയിൽ ആറു വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച്, ആർപിഎല്ലിന് കൈമാറി. വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഗുണകരമായ വിധത്തിൽ തൊഴിൽനിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താനും സർക്കാർ തയാറായി. അതിൽ ഏറ്റവും പ്രധാനമാണ് തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58ൽ നിന്നും 60 വയസായി വർധിപ്പിച്ചത്. ചുമട്ടു തൊഴിലാളികൾക്ക് ആശ്വാസകരമാംവിധം ചുമടുഭാരം കുറച്ചുകൊണ്ടും നിയമഭേദഗതി വരുത്തി. പരമാവധി ചുമട് ഭാരം പുരുഷന്മാർക്ക് 75 കിലോയിൽ നിന്ന് 55 കിലോഗ്രാമായും, സ്ത്രീകൾക്കും കൗമാരക്കാർക്കും 35 കിലോ ആയും കുറച്ചു.

മരങ്ങൾ, ചെറുവൃക്ഷങ്ങൾ, മറ്റു തടസ്സങ്ങൾ എന്നിവ നീക്കുന്നതിനിടെ അപകടമരണം സംഭവിച്ചാലും, അത് ജോലിസ്ഥലത്തെ മരണമായി കണക്കാക്കി നിർമ്മാണ തൊഴിലാളികൾക്ക് ആനുകൂല്യം നൽകുന്നതിനുള്ള നിയമഭേദഗതിയും നടപ്പിലാക്കി. അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് അപകടമരണ ഇൻഷുറൻസ് ഏർപ്പെടുത്തി. ഈ പദ്ധതിപ്രകാരം അപകടമരണം സംഭവിക്കുന്ന തൊഴിലാളികളുടെ അനന്തരാവകാശികൾക്ക് 5 ലക്ഷം രൂപ ധനസഹായം ലഭിക്കും.പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്നതിന് വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നതിനായി കർമ്മചാരി പദ്ധതി ആരംഭിച്ചു. വിവിധ തൊഴിൽ മേഖലകളിൽ ജോലിപരിചയം നേടുന്നതിനും നൈപുണ്യ വികസനത്തിലൂടെ മികച്ച തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടത്തിന് എറണാകുളത്ത് തുടക്കമായി. തൊഴിലാളികൾക്കിടയിലെ ലഹരിവിരുദ്ധ ബോധവത്ക്കരണത്തിനായി 'കവച്' പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഊർജ്ജിതമായ ബോധവത്ക്കരണ പ്രവർത്തനങ്ങളും നടത്തിവരുന്നു. ഓട്ടോ, ടാക്‌സി ഡ്രൈവർമാരടക്കമുള്ള മോട്ടോർ തൊഴിലാളികൾക്ക് യാത്രയ്ക്കിടെ മിതമായ നിരക്കിൽ തങ്ങുന്നതിനായി തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കാൻ അനുമതിയായി. താമസംവിനാ ഇതിന്റെ നിർമ്മാണം ആരംഭിക്കും.

തൊഴിലും തൊഴിലാളിക്ഷേമവും മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായി ഇത്തവണത്തെ ബജറ്റിൽ 464 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധിയിലേക്കായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള സാമൂഹ്യസംരക്ഷണ പദ്ധതിക്കായി 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികൾക്ക് പ്രസവാനുകൂല്യം നൽകുന്നതിനുള്ള 6 കോടി രൂപയും ഉൾപ്പെടുന്നു. പരമ്പരാഗത തൊഴിൽമേഖലകളായ ബീഡി, ഖാദി, മുള, ചൂരൽ, മത്സ്യബന്ധനവും സംസ്‌കരണവും, കശുവണ്ടി, കയർ, തഴപ്പായ, കരകൗശലം എന്നീ മേഖലകളിലെ തൊഴിലാളികൾക്ക് 1,250 രൂപ നിരക്കിൽ ധനസഹായം നൽകുന്നതിനായി 90 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. നിലവിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന മൂന്നാറിലെ തൊഴിൽ -തോട്ടം മേഖലകളിലെ ഓഫീസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി തൊഴിൽസമുച്ചയം നിർമ്മിക്കുകയാണ്. അതിഥി തൊഴിലാളികൾക്ക് 25,000 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് സഹായമാണുള്ളത്. അപകടമരണത്തിനും വൈകല്യങ്ങൾക്കും സഹായം ഉറപ്പാക്കുന്ന ആവാസ് പദ്ധതിക്കായി ഒന്നേകാൽ കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കേരള അക്കാദമി ഫോർ സ്‌കിൽ ആൻഡ് എക്‌സലൻസിന്റെ വിവിധ കർമ്മപദ്ധതികൾക്കായി 33 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഐ ടി ഐകളുടെ ആധുനികവത്ക്കരണത്തിനായി 25 കോടി രൂപയും കൂടുതൽ ട്രെയിനികൾക്ക് പരിശീലനം നൽകുന്നതിനുള്ള പദ്ധതികൾക്കായി 4.5 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിധവകൾ, ഉപേക്ഷിക്കപ്പെട്ടതോ വിവാഹമോചനം നേടിയതോ അവിവാഹിതരോ ആയ വനിതകൾ, ഭിന്നശേഷിക്കാരായ വനിതകൾ, കിടപ്പുരോഗികളുടെ ഭാര്യമാർ എന്നിവർക്ക് സ്വയംതൊഴിൽ നൽകുന്നതിനുള്ള ശരണ്യ പദ്ധതിക്ക് 17 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇങ്ങനെ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്കു ചിറകു നൽകുന്ന തരത്തിൽ തൊഴിൽമേഖലയെ ആകെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഒപ്പം തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും സാമൂഹിക-സാമ്പത്തിക സുരക്ഷയ്ക്കും വലിയ പ്രാധാന്യം നൽകുകയും ചെയ്യുന്നുണ്ട്. ലോകവ്യാപകമായി തൊഴിലാളിക്ഷേമം ഉറപ്പുവരുത്തുന്ന നിയമങ്ങളും നയങ്ങളും അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തിൽ, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചും അവരെ വിശ്വാസത്തിലെടുത്തും കൊണ്ടാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. രാജ്യത്ത് ട്രേഡ് യൂണിയൻ നിയമങ്ങൾ പരിഷ്‌കരിക്കുന്ന ഘട്ടത്തിൽ  ട്രേഡ് യൂണിയന്റെ അഭിപ്രായം പരിഗണിക്കാനോ വരുത്തുന്ന മാറ്റങ്ങളുടെ കാര്യത്തിൽ അവരെ വിശ്വാസത്തിലെടുക്കാനോ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല. തൊഴിൽ മേഖലയിൽ ഇതിനോടകം ഉണ്ടാക്കിയ ഒരുപാട് നേട്ടങ്ങൾ നഷ്ടപ്പെടുത്തുന്നവയാണ് പുതിയ തൊഴിൽ നിയമ ഭേദഗതികൾ. രാഷ്ട്രീയത്തിന് അതീതമായ ട്രേഡ് യൂണിയനുകളുടെ യോജിപ്പ് അതിനെതിരെ ഉണ്ടായി എന്നത് ആശാവഹമാണ്.

കൂലിക്കൂടുതലിനും മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥയ്ക്കും വേണ്ടി വിലപേശാനുള്ള കഴിവ് യൂണിയനുകൾക്ക് നഷ്ടപ്പെട്ടാൽ സമൂഹത്തിൽ ഒട്ടാകെയുള്ള വേതനത്തിന്റെ അളവ് കുറയും. അത്  അസമത്വം കൂട്ടുകയും ചെയ്യും. കഴിഞ്ഞ 10 കൊല്ലങ്ങളായി രാജ്യത്ത് വിശേഷിച്ച് ഗ്രാമീണമേഖലയിൽ കൂലി കുറഞ്ഞു കൊണ്ടിരിക്കുന്നതായി ഇന്ത്യ ലേബർ ബ്യൂറോ ചൂണ്ടിക്കാണിക്കുന്നു. വേറൊരു തരത്തിൽ പറഞ്ഞാൽ ജിഡിപിയുടെ വളർച്ച സംബന്ധിച്ച അവകാശവാദങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നില്ല എന്ന് അർഥം.ലേബർ കോഡുകളെ പോലെ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര നിയമങ്ങളുടെ ആഘാതങ്ങളെ ചെറുക്കാൻ സംസ്ഥാനത്ത് ചട്ടങ്ങൾ രൂപീകരിക്കുന്ന ഘട്ടത്തിൽ തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പരമാവധി പരിശ്രമിക്കുന്നുണ്ട്. കേരള  സർക്കാർ തൊഴിലാളി സംരക്ഷണ കാര്യത്തിൽ അതിശക്തമായ ഇടപെടലുകൾ നടത്തികൊണ്ടിരിക്കുന്ന കാര്യം നിങ്ങൾക്കറിയാം. ഒരു വിജ്ഞാന നൂതനത്വ സമൂഹമായി കേരളത്തെ മാറ്റിത്തീർക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് ഗുണകരമാകുന്ന നിർദ്ദേശങ്ങൾ നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണം.

English Summary:

Kerala has proved that the state is industry friendly: Chiefminister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com