എന്നെ നിങ്ങൾക്കു മുകളിൽ അടിച്ചേൽപ്പിക്കില്ല, പോകാൻ തയാർ: കമൽനാഥ്
Mail This Article
ചിന്ദ്‌വാര∙ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയാണെന്ന അഭ്യൂഹം നിഷേധിച്ചതിനു പിറകേ, വൈകാരിക പ്രസംഗവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കമൽ നാഥ്. പാർട്ടി പ്രവർത്തകർക്കു മേൽ തന്നെ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രവർത്തകർ ആഗ്രഹിക്കുകയാണെങ്കിൽ പാർട്ടിവിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ചിന്ദ്‌വാരയിലെ ഒരു പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘വർഷങ്ങളായി പ്രവർത്തകരുടെ സ്നേഹവും വിശ്വാസവും ലഭിക്കുന്നുണ്ട്. പക്ഷേ, നിങ്ങൾ കമൽനാഥിനു യാത്രയയപ്പ് നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതു നിങ്ങളുടെ തീരുമാനമാണ്. പോകാൻ ഞാൻ തയാറാണ്. എന്നെ നിങ്ങൾക്കു മുകളിൽ അടിച്ചേൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അതു നിങ്ങളുടെ തീരുമാനമാണ്’’ - കമൽനാഥ് പറഞ്ഞു.
അയോധ്യ രാമക്ഷേത്രത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അയോധ്യ എല്ലാവരുടേതാണെന്നും ബിജെപിക്ക് അതിന്റെ ക്രെഡിറ്റ് ഒറ്റയ്ക്കു സ്വന്തമാക്കാനാകില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ‘‘ബിജെപിയുടെ സ്വന്തമാണോ രാമക്ഷേത്രം? അത് ഞാനുൾപ്പടെ എല്ലാവരുടേതുമാണ്. അതു പൊതുജനങ്ങളുടെ പണമുപയോഗിച്ചാണു നിർമിച്ചത്. സുപ്രീംകോടതി വിധി വന്നപ്പോൾ ബിജെപിയായിരുന്നു അധികാരത്തിൽ. അതുകൊണ്ട് ക്ഷേത്രം അവർ പണികഴിപ്പിച്ചു. ബിജെപിക്ക് ഒരിക്കലും നിർമാണത്തിന്റെ ക്രെഡിറ്റ് എടുക്കാനാകില്ല’’ – കമൽനാഥ് കൂട്ടിച്ചേർത്തു.
Read More:‘ഞാൻ ഇറങ്ങേണ്ടി വന്നാൽ ഇറങ്ങും’: കണ്ണൂരിൽ മത്സരിക്കുമെന്നു സൂചന നൽകി കെ.സുധാകരൻ
ഭാവിയെ സുരക്ഷിതമാക്കുന്നതിനു വേണ്ടിയാണ് വോട്ട് ചെയ്യേണ്ടതെന്നും ജനങ്ങളിൽ വിശ്വാസമുണ്ടെന്നും പറഞ്ഞ അദ്ദേഹം ബിജെപി കാഴ്ചവയ്ക്കുന്ന പ്രകടനങ്ങളിൽ ഭയചകിതരാകരുതെന്നും അണികളെ ഓർമിപ്പിച്ചു. കമൽനാഥിന്റെ മകൻ നകുൽനാഥാണ് ചിന്ദ്‌വാര ലോക്സഭാ മണ്ഡലത്തിലെ സിറ്റിങ് എംപി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നകുൽ തന്നെ മത്സരിക്കുമെന്ന് കമൽനാഥ് വ്യക്തമാക്കിയിരുന്നു.