‘ഞാൻ ഇറങ്ങേണ്ടി വന്നാൽ ഇറങ്ങും’: കണ്ണൂരിൽ മത്സരിക്കുമെന്നു സൂചന നൽകി കെ.സുധാകരൻ
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ താൻ ഇറങ്ങേണ്ടി വന്നാൽ ഇറങ്ങുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കണ്ണൂരിൽ കെ.സുധാകരൻ തന്നെ മത്സരത്തിനിറങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘‘ഞാൻ ഇറങ്ങേണ്ടി വന്നാൽ ഇറങ്ങും. എന്നാൽ എംപി സ്ഥാനത്തേക്കു മത്സരിക്കാൻ എനിക്കു ആഗ്രഹമില്ലെന്നും പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കാനാണ് ഇഷ്ടമെന്നും അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചിട്ടുണ്ട്. ഞാനും പ്രതിപക്ഷ നേതാവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നതു മാധ്യമ സൃഷ്ടിയാണ്. ഞാനും സതീശനും തമ്മിൽ അഭിപ്രായ വ്യാത്യാസമൊന്നുമില്ല. ഞാൻ പറയുന്ന അഭിപ്രായങ്ങളോട് അദ്ദേഹത്തിന് വിയോജിപ്പുണ്ടാകാം. അതു ജനാധിപത്യ വീക്ഷണത്തിന്റെ ഭാഗമാണ്. അത് ഐക്യകുറവിന്റെ ലക്ഷണമല്ല’’ – സുധാകരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ മോശം പരാമർശം നടത്തിയിട്ടില്ലെന്നു തെളിയിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. ‘‘ഞാൻ അതിനുള്ള വ്യായാമത്തിലാണ്. ജീവിതത്തിൽ ഒരിക്കലും പറഞ്ഞിട്ടില്ലാത്ത വാക്കാണ് എനിക്കുമേൽ കെട്ടിവച്ചത്. ഇടതുപക്ഷ സർക്കാരിന്റെ തെറ്റായ നയങ്ങള്‍ ജനമനസുകളിലേക്ക് എത്തിക്കാൻ സമരാഗ്നിയിലൂടെ സാധിച്ചിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയും ഇന്ത്യയുടെ പ്രധാനമന്ത്രിയുമായ രണ്ടു വില്ലന്മാരെ ജനങ്ങള്‍ക്കിടയിൽ തുറന്നുകാട്ടിയിട്ടുണ്ട്. ഇരുപതിൽ ഇരുപതു സീറ്റും കിട്ടുമെന്നാണ് ഞങ്ങളുടെ പൂർണപ്രതീക്ഷ. എല്ലാ മണ്ഡലങ്ങളിലും നിറഞ്ഞുനിൽക്കുന്ന പ്രവർത്തകർ ഞങ്ങൾക്കുണ്ട്. നല്ല സ്ഥാനാർഥികളും ഞങ്ങൾക്കുണ്ട്’’ – സുധാകരൻ അവകാശപ്പെട്ടു.
കേരളത്തിൽ ബിജെപി ഇത്തവണ സീറ്റുകളുടെ എണ്ണത്തിൽ രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെ സുധാകരൻ പരിഹസിച്ചു. ‘‘എല്ലില്ലാത്ത നാവിനു എന്തും പറയാമല്ലോ? ഇതുവരെ ഒരു സീറ്റുപോലും നേടാത്ത ബിജെപിയാണോ രണ്ടക്കം നേടുമെന്നു പറയുന്നത്. പ്രധാനമന്ത്രിയായതു കൊണ്ട് കൂടുതലൊന്നും പറയുന്നില്ല’’– സുധാകരൻ പറഞ്ഞു.