ADVERTISEMENT

കൊച്ചി∙ പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ ബിവിഎസ്‍സി വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട നാലു പേരെ എസ്എഫ്ഐ പുറത്താക്കിയെന്ന് സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. സംഭവത്തിൽ ഉൾപ്പെട്ടവരിൽ നാലു പേർ മാത്രമാണ് എസ്എഫ്ഐയിലുള്ളത്. ഒരിക്കലും ഒരു ക്യാംപസിലും നടക്കാൻ പാടില്ലാത്ത ക്രൂരമായ കാര്യങ്ങളാണു സിദ്ധാർഥിനു നേരെ ഉണ്ടായതെന്നു പറഞ്ഞ ആർഷോ അവർക്കെതിരെ ശക്തമായ നടപടി തന്നെ വേണമെന്നും അറിയിച്ചു. 

Read also: ‘ഹോസ്റ്റലിൽ വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കി; ക്രൂരമർദനത്തിന് 2 ബെൽറ്റ്, ഇരുമ്പുകമ്പി, വയറുകൾ’

‘‘ഒരു ക്യാംപസിലും ഇത് ആവർത്തിക്കപ്പെടാത്ത രീതിയിൽ നടപടികൾ ഉണ്ടാകണം. ഈ മാസം 22ാം തീയതിയാണ് സംഭവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരുടെ പങ്ക് പുറത്തുവരുന്നത്. തൊട്ടടുത്ത ദിവസം തന്നെ നാലു പേരെയും സംഘടനയിൽനിന്നു പുറത്താക്കി. അതൊടൊപ്പം തന്നെ ഇവർക്കെതിരെ ശക്തമായ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിന്റെ ഭാഗമായി എസ്എഫ്ഐയുമായി ബന്ധമുള്ള ആരെങ്കിലും അധികമായി ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവരെയും സംരക്ഷിക്കില്ല. ഇത് എസ്എഫ്ഐ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് എന്നൊരു രീതിയിൽ പ്രചരണം ശരിയല്ല.

എസ്എഫ്ഐ എന്ന സംഘടനയെ മുഴുവൻ പഴിക്കാൻ ഈ വിഷയം ആയുധമാക്കരുത്. കേസിന്റെ ആദ്യഘട്ടം മുതൽ നടപടി ആവശ്യപ്പെട്ട്  എസ്എഫ്ഐ രംഗത്തുണ്ട്. ഇതുമായി ബന്ധമില്ലാത്ത വിദ്യാർഥികളെ അടക്കം പൊലീസ് ഭീഷണിപ്പെടുത്തുന്നുണ്ട്. അതിൽ ഞങ്ങൾക്കു വിയോജിപ്പുണ്ട്. ചില പെൺകുട്ടികളുടെ ഫോൺ കൊണ്ടുപോകുക, രാത്രികാലങ്ങളിൽ ഹോസ്റ്റലിൽ കയറുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ആ നിലയിലല്ല അന്വേഷണം പോകേണ്ടത്. കുറ്റക്കാരായ ആളുകൾക്ക് എതിരായാണ് നടപടിയുണ്ടാകേണ്ടത്. ഒളിവിൽ പോയവരെ കണ്ടെത്തുന്നത് അടക്കമുള്ള ശക്തമായ നടപടിയുണ്ടാകണം’’– ആർഷോ പ്രതികരിച്ചു.

തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാർഥിനെ(20) ഈ മാസം 18നാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  സിദ്ധാർഥൻ ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും നേരിട്ടാണു മരിച്ചത്. ഈ മാസം 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാർഥി പറഞ്ഞു. സംഭവത്തിൽ ഒളിവിൽ പോയ പ്രതികളിൽ മുഖ്യപ്രതിയെ പാലക്കാടുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുൾപ്പെടെ 18 പേരാണ് പ്രതികൾ. ഇതിൽ ആറു പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. 

English Summary:

SFI dismissed four persons involved in the case related to the death of J. S. Siddharth, says PM Arsho

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com